ദുബായ്: ഏഷ്യ കപ്പിലെ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ശ്രീലങ്കയെ സൂപ്പര്‍ ഓവറില്‍ വീഴ്ത്തി ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സ് നേടിയപ്പോള്‍ ലങ്കയും തിരിച്ചടിച്ചത് അതേ സ്‌കോര്‍. എന്നാല്‍ സൂപ്പര്‍ ഓവറില്‍ അഞ്ച് പന്തുകളില്‍ നിന്ന് ലങ്കയ്ക്ക് നേടാനായത് വെറും രണ്ട് റണ്‍സ മാത്രം. ആദ്യ പന്തില്‍ തന്നെ ഇന്ത്യ മൂന്ന് റണ്‍സ് നേടി മത്സരം വിജയിക്കുകയും ചെയ്തു. നേരത്തെ പാത്തും നിസംഗയുടെ തകര്‍പ്പന്‍ സെഞ്ച്വറിയുടെ ബലത്തിലാണ് ഇന്ത്യ ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യത്തിന് ഒപ്പമെത്താന്‍ ലങ്കയ്ക്ക് കഴിഞ്ഞത്.
കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ശ്രീലങ്കയ്ക്ക് ആദ്യ ഓവറില്‍ തന്നെ വിക്കററ് കീപ്പര്‍ കുസാല്‍ മെന്‍ഡിസിന്റെ വിക്കറ്റ് 0(1) നഷ്ടമായി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ പാത്തും നിസംഗ 107(58) - കുസാല്‍ പെരേര 58(32) സഖ്യം 70 പന്തുകളില്‍ നിന്ന് 127 റണ്‍സ് അടിച്ചെടുത്തതോടെ ലങ്കയുടെ അടിത്തറ ശക്തമായി. 13ം ഓവറില്‍ പെരേരയെ വരുണ്‍ ചക്രവര്‍ത്തിയുടെ പന്തില്‍ സഞ്ജു സാംസണ്‍ സ്റ്റംപ് ചെയ്ത് പുറത്താക്കിയതോടെയാണ് ഈ കൂട്ടുകെട്ട് പൊളിഞ്ഞത്.
പിന്നീട വന്ന ക്യാപ്റ്റന്‍ ചാരിത് അസലംഗ 5(9), കാമിന്ദു മെന്‍ഡിസ് 3(7) എന്നിവര്‍ തിളങ്ങാതെ പോയതോടെ ലങ്ക സമ്മര്‍ദത്തിലായി. അസസാന മൂന്ന് ഓവറുകളില്‍ 33 റണ്‍സ് കൂടി വേണമായിരുന്നു ജയത്തിലേക്ക് ശ്രീലങ്കയ്ക്ക്. തൊട്ടടുത്ത രണ്ട് ഓവറുകളില്‍ നിന്ന് പാത്തും നിസംഗയും ദസൂണ്‍ ഷനകയും ചേര്‍ന്ന് നേടിയത് 21 റണ്‍സ്.
ഹര്‍ഷത് റാണ എറിഞ്ഞ അവസാന ഓവറില്‍ ലങ്കയ്ക്ക് വേണ്ടിയിരുന്നത് 12 റണ്‍സ്. ആദ്യ പന്തില്‍ പാത്തും നിസംഗ പുറത്തായി. പകരം ക്രീസിലെത്തിയത് ജനിത് ലിയാനെഗെ. അവസാന മൂന്ന് പന്തുകളില്‍ ജയം ഒമ്പത് റണ്‍സ് അകലെ. നാലാം പന്തില്‍ രണ്ട് റണ്‍സും അഞ്ചാം പന്തില്‍ ബൗണ്ടറിയും നേടി ദസൂണ്‍ ഷനക ലങ്കയുടെ ജയം ഒരു പന്തില്‍ മൂന്ന് റണ്‍സ് എന്ന നിലയിലെത്തിച്ചു. അവസാന പന്തില്‍ ദസൂണ്‍ ഷനക രണ്ട് റണ്‍സ് നേടിയതോടെ കളി ടൈയില്‍ കലാശിച്ചു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സ് നേടി. തകര്‍പ്പന്‍ ബാറ്റിംഗ് ഫോം തുടരുന്ന അഭിഷേക് ശര്‍മ്മയുടെ അര്‍ദ്ധ സെഞ്ച്വറിയാണ് ഇന്ത്യക്ക് മികച്ച സ്‌കോറിനുള്ള അടിത്തറയിട്ടത്. തിലക് വര്‍മ്മ, മലയാളി താരം സഞ്ജു സാംസണ്‍ എന്നിവരും ബാറ്റിംഗില്‍ തിളങ്ങി.
ഓപ്പണര്‍ അഭിഷേക് ശര്‍മ്മ 31 പന്തുകളില്‍ നിന്ന് 61 റണ്‍സ് നേടി. എട്ട് ബൗണ്ടറികളും രണ്ട് സിക്സറുകളും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്സ്. മറ്റൊരു ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ 4(3), ക്യാപ്റ്റന്‍ സൂര്യകുമാര്‍ യയാദവ് 12(13) എന്നിവര്‍ പെട്ടെന്ന് പുറത്തായി. വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍ 39(23) റണ്‍സ് നേടി പുറത്തായി. ഹാര്‍ദിക് പാണ്ഡ്യ 2(3) റണ്‍സ് നേടി മടങ്ങിയപ്പോള്‍ തിലക് വര്‍മ്മ 49*(34), അകസര്‍ പട്ടേല്‍ 21(15) എന്നിവര്‍ പുറത്താകാതെ നിന്നു. ശ്രീലങ്കയ്ക്ക് വേണ്ടി മഹീഷ് തീക്ഷണ, ദുഷ്മന്ത ചമീര, വാണിന്ജു ഹസരംഗ, ദസൂണ്‍ ഷണക, ചാരിത് അസലംഗ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |