കട്ടപ്പന: ഇടുക്കിയുടെ കന്യാകുമാരിയായ കല്യാണതണ്ടിന്റെ സൗന്ദര്യം ആസ്വദിക്കാനെത്തുന്നവരുടെ എണ്ണം ദിനംപ്രതി കൂടുകയാണ്. കന്യാകുമാരി കഴിഞ്ഞാൽ സൂര്യാസ്തമയം മനോഹരമായി ദൃശ്യമാകുന്ന സ്ഥലമാണ് കല്യാണതണ്ട്. അതാണ് ഇടുക്കിയുടെ കന്യാകുമാരിയെന്ന പേര് വരാൻ കാരണം. ജില്ലയിലെ അധികമാരും അറിയാത്ത ഒരു വിനോദ സഞ്ചാര കേന്ദ്രമാണ് കല്യാണത്തണ്ട്. പച്ച പുതച്ചു നിൽക്കുന്ന മലനിരകൾ എല്ലാ സഞ്ചാരികളെയും ആകർഷിക്കും. പെട്ടെന്ന് മാറിമാറി വരുന്ന വെയിലും മഞ്ഞും ഈ സ്ഥലത്തിന്റെ പ്രത്യേകതയാണ്. ഇടുക്കി ജലാശയത്തിന്റെ മനോഹരദൃശ്യവും ഇവിടെ നിന്നാൽ ആസ്വദിക്കാം. നിരവധി വിനോദ സഞ്ചാരികൾ അറിഞ്ഞുകേട്ടു വരുന്നുണ്ട്. നേരത്തെ കല്യാണത്തണ്ട് മഹാദേവ ക്ഷേത്രം ഗാനഗന്ധർവൻ യേശുദാസ് കുടുംബ സമേതം സന്ദർശിച്ചിരുന്നു. കട്ടപ്പന- ചെറുതോണി റോഡിൽ നിർമ്മല സിറ്റിയിൽ നിന്ന് രണ്ടു കിലോമീറ്റർ മാറിയാണ് ഈ സ്ഥലം. പ്രത്യേകം പാസുകളൊന്നും ഇവിടെ നിലവിൽ ഇല്ലെന്നതും പ്രത്യേകതയാണ്.
ഐതിഹ്യത്തിലും നിറഞ്ഞ്
വനവാസ കാലത്ത് ശ്രീരാമനും സീതയും ലക്ഷ്മണനും ഇവിടെ സന്ദർശിച്ചിട്ടുണ്ടെന്നാണ് വിശ്വാസം. പാണ്ഡവരുടെ വനവാസകാലത്ത് ഇവിടെയെത്തി ഭക്ഷണം കഴിച്ചിട്ടുണ്ടെന്നാണ് വിശ്വാസം. അവർ ഭക്ഷണം കഴിച്ച അഞ്ച് ഉരുളികൾ അതിനുശേഷം ഇവിടെ കമഴ്ത്തി വെച്ചിട്ട് പോയെന്നും അങ്ങനെയാണ് കല്യാണത്തണ്ടിനോട് ചേർന്നു കിടക്കുന്ന ജലാശയത്തിന് 'അഞ്ചുരുളി' എന്ന് പേര് വന്നതെന്നുമാണ് ഐതിഹ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |