ചെറുതോണി: വെൺമണിയിൽ ബൈക്കിലെത്തി വീട്ടമ്മയുടെ മാലപൊട്ടിച്ച് കടന്ന കേസിലെ പ്രതി പിടിയിൽ. കരുണാപുരം കമ്പംമെട്ട് സ്വദേശി വെള്ളാറശേരിയിൽ അമൽ സജിയെയാണ് (24) കഞ്ഞിക്കുഴി പൊലീസ് അറസ്റ്റു ചെയ്തത്. സംഭവത്തിലെ കൂട്ടുപ്രതിക്കായി പൊലീസ് അന്വേഷണത്തിലാണ്. കഴിഞ്ഞ 11ന് ഉച്ചകഴിഞ്ഞ് മൂന്നിന് പുല്ലുകെട്ടുമായി വീട്ടിലേക്കു പോകുന്ന വഴി വള്ളിയാംതടത്തിൽ ബേബിയുടെ ഭാര്യ സിമിലിയുടെ (61) കഴുത്തിൽക്കിടന്ന നാലര പവൻ തൂക്കമുള്ള മാലയാണ് കറുത്ത ബൈക്കിലെത്തിയ രണ്ടംഗ സംഘം പൊട്ടിച്ച് കടന്നത്. പുറകിലിരുന്നയാൾ ബൈക്കിൽ നിന്നിറങ്ങി വണ്ണപ്പുറത്തേക്കുള്ള വഴി ചോദിച്ചു. വഴി പറഞ്ഞു കൊടുക്കുന്നതിനിടയിൽ കഴുത്തിൽക്കിടന്ന മാല പൊട്ടിച്ചു ഇയാൾ ബൈക്കിൽ കയറി സ്ഥലം വിട്ടു. രണ്ടുപേരും ഹെൽമെറ്റും ജാക്കറ്റും ധരിച്ചിട്ടുണ്ടായിരുന്നു. ഇതുമൂലം ആളെ തിരിച്ചറിയാൻ കഴിഞ്ഞില്ല. സി.സി.ടി.വി കാമറ വഴി നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്. രണ്ട് പേരും എറണാകുളത്ത് ജോലി ചെയ്യുന്നവരാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |