പള്ളുരുത്തി: ഇടക്കൊച്ചിയിലെ തണ്ണീർത്തടം നികത്തലിനിടെ ക്ഷേത്രമതിലും റോഡും തകർന്ന വിവാദങ്ങൾ നിലനിൽക്കെ ഇടക്കൊച്ചി ശ്രീകൃഷ്ണ ക്ഷേത്രത്തിന് മുന്നിലെ തണ്ണീർത്തടം വീണ്ടും നികത്തുന്നു. നിലമായി റവന്യു രേഖകളിൽ കാണിച്ചിരിക്കുന്ന അമ്പത് സെന്റോളം സ്ഥലത്താണ് സ്വകാര്യ വ്യക്തി പൂഴിമണൽ നിക്ഷേപിച്ചിരിക്കുന്നത്. ഡാറ്റാ ബാങ്കിലുൾപ്പെട്ട സ്ഥലമായതിനാൽ തരം മാറ്റുന്നതിന് റവന്യു വകുപ്പ് അനുമതി നിഷേധിച്ച സ്ഥലമാണിത്. ലോറിയിൽ പൂഴിമണൽ റോഡരികിൽ എത്തിച്ച് ജെ.സി.ബി ഉപയോഗിച്ച് തണ്ണീർത്തടത്തിലേക്ക് നിക്ഷേപിക്കുകയാണ്.
പ്രദേശത്തുണ്ടാകുന്ന വെള്ളക്കെട്ട് ഇല്ലാതാക്കുന്ന പ്രദേശമാണിത്. വെള്ളം നിറഞ്ഞു നിൽക്കുകയും സംരക്ഷിത വിഭാഗത്തിൽപ്പെട്ട കണ്ടൽ മരങ്ങളുള്ളതുമായ തണ്ണീർതടമാണ് നികത്തുന്നത്. ഭൂമാഫിയ സംഘങ്ങളുടെ അകമ്പടിയിൽ പുലർച്ചയോടെയാണ് ലോറിയിൽ പൂഴി എത്തിച്ച് നിക്ഷേപിക്കുന്നത്. ഇടക്കൊച്ചി വില്ലേജ് ഓഫീസിന്റെ പരിധിയിൽപ്പെടുന്ന സ്ഥലമാണിത്. കഴിഞ്ഞ ദിവസം പ്രദേശത്തെ കണ്ണങ്ങാട്ട് ക്ഷേത്രത്തോട് ചേർന്ന തണ്ണീർത്തടം നികത്തുന്നതിനിടെ നാട്ടുകാരുടെ വലിയ പ്രതിഷേധം നടന്നിരുന്നു. വിഷയത്തിൽ പൊലീസും റവന്യു അധികാരികളും നോക്കുകുത്തികളാകുന്നുവെന്ന് റെസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |