കൊച്ചി/കളമശേരി: കൈപ്പട മുകൾ മാർത്തോമ്മാ ഭവനിൽ അതിക്രമിച്ചു കയറി റെഡിമെയ്ഡ് കോൺക്രീറ്റ് വീടുകൾ സ്ഥാപിച്ചിട്ടും കളമശേരി നഗരസഭ നടപടി സ്വീകരിച്ചില്ലെന്ന് ആക്ഷേപം. നാലു വീടുകളും ടോയ്ലറ്റുമാണ് പാതിരാ സമയത്ത് പണി തീർത്തത്.
നിലവിൽ രണ്ടു പേർ സെക്യൂരിറ്റി എന്ന നിലയിൽ താമസം തുടരുന്നുണ്ട്. കനത്ത പൊലീസ് കാവലുമുണ്ട്. നഗരസഭയുടെ അനുമതി ഇല്ലാതെയാണ് കോൺക്രീറ്റ് വീടുകളും ടോയ്ലറ്റും നിർമ്മിച്ചിരിക്കുന്നത്.
പ്രതിഷേധവുമായി മെത്രാൻ സമിതി
കളമശേരിയിലെ മാർത്തോമ ഭവനത്തിലെ കൈയേറ്റങ്ങൾ പൂർണമായി ഒഴിപ്പിക്കണമെന്ന് കേരള കത്തോലിക്കാ മെത്രാൻ സമിതി (കെ.സി.ബി.സി ) ആവശ്യപ്പെട്ടു. അതിക്രമം നടത്തിയവരെ നിയമത്തിന് മുമ്പിൽ കൊണ്ടുവരികയും മാർത്തോമ ഭവനത്തിലെ അന്തേവാസികൾക്ക് സുരക്ഷയും നീതിയും സർക്കാർ ഉറപ്പാക്കണമെന്നും പ്രസിഡന്റ് കർദിനാൾ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ ആവശ്യപ്പെട്ടു.
അർദ്ധരാത്രി ചുറ്റുമതിൽ തകർത്തു
45 വർഷമായി മാർത്തോമഭവനത്തിന്റെ കൈവശമുള്ള ഭൂമിയിൽ കോടതിവിധിയെ മറികടന്ന് കഴിഞ്ഞ നാലിന് അർദ്ധരാത്രിക്കുശേഷമാണ് സാമൂഹ്യവിരുദ്ധർ ആസൂത്രിതമായി ചുറ്റുമതിൽ തകർത്ത് അതിക്രമിച്ചു കയറിയത്. അനധികൃത നിർമ്മാണം നടത്തുകയും വൈദികരെയും സന്യാസിനികളെയും ഭീഷണിപ്പെടുത്തുകയും ചെയ്തതു. വൃദ്ധരും രോഗികളുമുൾപ്പെടെ സന്യാസിനിമാർ താമസിക്കുന്ന മഠത്തിലേക്കുള്ള വഴിതടഞ്ഞ് സഞ്ചാരസ്വാതന്ത്രം നിഷേധിച്ചു.
മൂന്നാഴ്ച പിന്നിട്ടിട്ടും നടപടിയില്ല
പൊലീസ് അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് സഭാനേതൃത്വം പരസ്യമായി പ്രതികരിക്കാതിരുന്നത്. മൂന്നാഴ്ചക്ക് ശേഷവും അനധികൃത കൈയേറ്റം ഒഴിപ്പിക്കുകയോ അതിക്രമിച്ചുകയറിയ 70 പേരെക്കുറിച്ച് കൃത്യമായ അന്വേഷണം നടത്തുകയോ കുറ്റവാളികളെ അറസ്റ്റ് ചെയ്യുകയോ ചെയ്‌തില്ല. മുഖം രക്ഷിക്കാൻ നാലുപേരെ അറസ്റ്റ് ചെയ്തയുടൻ ജാമ്യത്തിൽ വിട്ടു. സാമൂഹിക ഐക്യം ലക്ഷ്യമാക്കി സഭ പുലർത്തുന്ന സഹിഷ്ണുതയെ മുതലെടുക്കുന്ന നിലപാടുകൾക്ക് അധികാരികൾ കൂട്ടുനിൽക്കരുതെന്ന് മെത്രാൻ സമിതി ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |