റാന്നി: മന്ദമരുതി - കക്കുടുമൺ റോഡ് ചെളിക്കുഴിയായി. ശബരിമല റോഡ് പദ്ധതിയിൽ ഉൾപ്പെടുത്തി വികസിപ്പിക്കുവാൻ ഫണ്ട് അനുവദിച്ചിട്ട് രണ്ടു വർഷങ്ങളായിട്ടും അധികൃതർ അനങ്ങാപ്പാറ നയം തുടരുകയാണ്. റോഡിന്റെ ശോചനീയാവസ്ഥ കാരണം കാൽനട യാത്ര പോലും ദുസഹമായിരിക്കുകയാണ്. ചെറുവാഹനങ്ങളുടെയും കാൽനട യാത്രക്കാരുടെയും ദുരിതം വർദ്ധിച്ചു. റോഡിന്റെ തകർച്ച കാരണം സ്കൂൾ ബസുകളും ഓട്ടോറിക്ഷകളും ഇതുവഴിയുള്ള യാത്ര നിറുത്തിയതോടെ പ്രദേശവാസികൾ ഏറെ ബുദ്ധിമുട്ടിലാണ്. ഭാര വാഹനങ്ങളുടെ അമിത സഞ്ചാരമാണ് റോഡ് തകർച്ചയ്ക്ക് പ്രധാന കാരണം. മന്ദമരുതി - സ്റ്റോറുംപടി റോഡിലൂടെയുള്ള ഭാര വാഹനങ്ങളുടെ യാത്ര നിരോധിക്കുവാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പ്രമോദ് മന്ദമരുതി പൊതുമരാമത്ത് വകുപ്പ് മന്ത്രി, പി.ഡബ്ല്യുഡി ഉദ്യോഗസ്ഥർ, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എന്നിവർക്ക് പരാതി നൽകി. എത്രയും പെട്ടെന്ന് പ്രശ്നത്തിന് പരിഹാരം കാണണമെന്നും റോഡ് പണി ആരംഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |