പത്തനംതിട്ട : ഡോണ്ട് മിസ് എ ബീറ്റ് , ഒരു താളവും നഷ്ടപ്പെടുത്തരുത്. ഈ വർഷത്തെ ലോക ഹൃദയ ദിനത്തിന്റെ തീം ആണിത്. ഹൃദയ താളം നിലച്ചാൽ തീർന്നുപോകും എല്ലാം. ഓരോവർഷം കഴിയുംതോറും ഹാർട്ട് അറ്റാക്ക് രോഗികൾ വർദ്ധിക്കുകയാണ്. മുമ്പ് അൻപത് വയസിന് ശേഷമാണ് കൂടുതൽ ഹാർട്ട് അറ്റാക്ക് കേസുകളും റിപ്പോർട്ട് ചെയ്തിരുന്നതെങ്കിലും നിലവിൽ നാൽപ്പത് കഴിഞ്ഞവരിലാണ് രോഗം അധികമായി റിപ്പോർട്ട് ചെയ്യുന്നതെന്ന് ആരോഗ്യ വിദഗ്ദ്ധർ പറയുന്നു. ഹൈപ്പർ ടെൻഷനും പ്രമേഹവും ഉള്ളവരിൽ ഹാർട്ട് അറ്റാക്കിന് സാദ്ധ്യതയേറെയാണ്. ജോലിഭാരവും സമ്മർദ്ദവും കാരണം പലപ്പോഴും ആളുകൾക്ക് ഹൃദയത്തെ സംരക്ഷിക്കാൻ സാധിക്കാറില്ല. രോഗാവസ്ഥകൾ തിരിച്ചറിയുന്നത് പോലും വളരെ വൈകിയാണ്. ഇത് രോഗം മൂർച്ഛിക്കാൻ കാരണമാകുന്നു.
സങ്കീർണമായ ഹൃദ്രോഗങ്ങളുമായി ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് സൗജന്യ ചികിത്സ ഉറപ്പുവരുത്തുന്ന പദ്ധതിയാണ് ഹൃദ്യം. പതിനെട്ട് വയസിൽ താഴെയുള്ളവർക്കായാണ് പദ്ധതി ക്രമീകരിച്ചിരിക്കുന്നത്. 2017 ആഗസ്റ്റിലാണ് സംസ്ഥാന സർക്കാർ ഹൃദ്യം പദ്ധതിക്ക് തുടക്കമിടുന്നത്.
2023, 2024, 2025 (ഇതുവരെ)
► പത്തനംതിട്ട കാത്ത് ലാബിൽ ആൻജിയോഗ്രാം ചെയ്തവർ : 957, 995, 427
► ആൻജിയോ പ്ലാസ്റ്റി : 364, 415, 101
(ഈ വർഷം ആശുപത്രിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ കാത്ത് ലാബിന്റെ പ്രവർത്തനം മന്ദഗതിയിലാണ്)
ഹൃദയാഘാതത്തിന്റെ പ്രധാന ലക്ഷണങ്ങൾ
ഇടയ്ക്കിടെ നെഞ്ചുവേദന, സമ്മർദ്ദം
ക്രമരഹിതമായ ഹൃദയമിടിപ്പ്
തലകറക്കം അല്ലെങ്കിൽ ബോധക്ഷയം
ശ്വാസതടസം, നിരന്തരമുള്ള ക്ഷീണം
കാലുകൾ, കണങ്കാൽ, പാദങ്ങൾ, വയർ എന്നിവയിൽ വേദനയും നീർവീക്കവും
സ്ത്രീകൾക്ക് ഛർദ്ദി, വയറിന്റെ മുകൾഭാഗം, കൈകൾ, തോളുകൾ, കഴുത്ത് , താടിയെല്ല് എന്നീ ഭാഗങ്ങളിൽ വേദന.
ഹൃദ്യം പദ്ധതയിൽ
ജില്ലയിൽ രജിസ്റ്റർ ചെയ്ത കുട്ടികൾ: 676
സർജറി നടന്നവർ : 202
രോഗികൾ വർദ്ധിക്കുന്നുണ്ട്. 40 മുതൽ 60 വരെ പ്രായമുള്ളവരിലാണ് ഹൃദയ രോഗങ്ങൾ കൂടുതലായി കണ്ടുവരുന്നത്. സ്ത്രീകളിൽ 50വയസിന് ശേഷമാണ് രോഗാവസ്ഥ ഉണ്ടാകുന്നത്. ഒരുമാസം നൂറിലധികം പേർ ചികിത്സ തേടുന്നുണ്ട്.
ജോസ് പൈകട
(കാർഡിയോളജിസ്റ്റ് , പത്തനംതിട്ട കാത്ത് ലാബ്)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |