തൃശൂർ: കണിമംഗലത്ത് തെക്കൻവീട്ടിൽ താമസിച്ചിരുന്ന ദമ്പതികളായ വിൻസെന്റ്, ഭാര്യ ലില്ലി എന്നിവരെ ആക്രമിച്ച് കവർച്ച നടത്തിയ സംഭവത്തിൽ ഒന്നാം പ്രതിക്ക് 19 വർഷവും രണ്ടാം പ്രതിക്ക് 14 വർഷം തടവും പിഴയും വിധിച്ചു. ഒന്നാം പ്രതി ഒല്ലൂർ ക്രിസ്റ്റഫർ നഗർ കനകകുന്നേൽ വീട്ടിൽ മനോജ്(45), രണ്ടാം പ്രതി കണിമംഗലം വേലപ്പറമ്പിൽ ജോർജ് ഭാര്യ ഷൈനി (50) എന്നിവരെയാണ് തൃശൂർ അഡീഷണൽ സെഷൻസ് ജഡ്ജി കെ.എം.രതീഷ്‌കുമാർ ശിക്ഷിച്ചത്. ആക്രമണത്തിൽ വിൻസന്റ് കൊല്ലപ്പെട്ടിരുന്നു. ഒന്നാം പ്രതി 1.70 ലക്ഷവും രണ്ടാം പ്രതി 1.55 ലക്ഷവും പിഴയായി നൽകണം. 2014 നവംബർ 19നായിരുന്നു സംഭവം. പ്രതികളും ഷൈനിയുടെ മക്കളായ പ്രായപൂർത്തിയാകാത്ത മക്കളും ചേർന്നാണ് വിൻസെന്റിനെയും ഭാര്യ ലില്ലിയെയും ആക്രമിച്ച് മൂന്ന് പവൻ സ്വർണമാലയും വിവാഹമോതിരവും 50 ഗ്രാം വരുന്ന വളകളും മാലയും മോതിരങ്ങളും അലമാരയിൽ നിന്ന് 35,000 രൂപയും കവർന്നത്. ഗുരുതരമായി പരിക്കേറ്റ വിൻസെന്റ് പിന്നീട് മരിച്ചു. പ്രമാദമായ കേസായതിനാൽ പബ്ലിക് പ്രോസിക്യൂട്ടർ പയസ് മാത്യു, അഭിഭാഷകരായ സാലി ബബിൽരമേശ്, നീരജ് ജെ.അക്കര, ആന്റണി ടാജ് എന്നിവർ ഹാജരായി. വെസ്റ്റ് പൊലീസിലെ മുൻ സി.ഐമാരും ഇപ്പോൾ ഡി.വൈ.എസ്.പിമാരുമായ കെ.കെ.സജീവ്, ടി.ആർ.രാജേഷ് എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം നടത്തി. നെടുപുഴ എസ്.എച്ച്.ഒ ആയിരുന്ന ടി.ജി.ദിലീപ് കുറ്റപത്രം സമർപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |