ന്യൂഡൽഹി: ലഡാക്ക് പ്രക്ഷോഭത്തെ തുടർന്ന് അറസ്റ്റിലായ സോനം വാങ്‌ചുക്കിന് പാകിസ്ഥാൻ ബന്ധമുണ്ടെന്നും കലാപമുണ്ടാക്കുകയായിരുന്നു ലക്ഷ്യമെന്നും ലഡാക്ക് ഡി.ജി.പി എസ്.ഡി സിംഗ് ജംവാൾ. വാങ്‌ചുക്കിന്റെ പ്രസംഗങ്ങൾ പ്രകോപനമായി. ഇതാണ് പ്രതിഷേധം അക്രമാസക്തമാകാൻ കാരണം. നിയമലംഘനം ബോദ്ധ്യപ്പെട്ടതിനാലാണ് അദ്ദേഹത്തിന്റെ സ്ഥാപനത്തിന്റെ ലൈൻസൻസ് റദ്ദാക്കിത്. വാങ്‌ചുക്കുമായി ബന്ധപ്പെട്ടിരുന്നുവെന്ന് സംശയിക്കുന്ന പാക് ഇന്റലിജൻസ് ഓഫീസർ പിടിയിലായിട്ടുണ്ട്. വാങ്‌ചുക്ക് പാകിസ്ഥാനും ബംഗ്ലാദേശും സന്ദർശിച്ചിട്ടുണ്ട്. ഇത് സംശയകരമാണ്. സംഘർഷവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിസം രണ്ടുപേരെ അറസ്റ്റ് ചെയ്തിരുന്നു. പ്രദേശത്ത് കാലങ്ങളായി ഒട്ടേറെ നേപ്പാളികൾ ജോലി ചെയ്തുവരുന്നുണ്ട്. ഇവർക്ക് സംഘർഷവുമായി ബന്ധമുണ്ടോയെന്ന് അന്വേഷിച്ചുവരികയാണെന്നും ഡി.ജി.പി പറഞ്ഞു.
അതേസമയം, വാങ്‌ചുക്കിനെ പാർപ്പിച്ചിരിക്കുന്ന രാജസ്ഥാനിലെ ജോധ്പൂർ ജയിൽ പരിസരത്ത് സുരക്ഷ ശക്തമാക്കി. വാങ്‌ചുക്കിന് ഐക്യദാർഢ്യവുമായി ലഡാക്കിൽ നന്നടക്കം നിരവധിയാളുകളാണ് ഇവിടേക്കെത്തുന്നത്. നേപ്പാളിലെ ജെൻ സീ കലാപവുമായും അറബ് വസന്തവുമായും ബംഗ്ലാദേശിലെ കലാപവുമായും പ്രതിഷേധത്തെ താരതമ്യം ചെയ്തുകൊണ്ടുള്ള വാൻചുക്കിന്റെ പരാമർശങ്ങളാണ് സംഘർഷത്തിലേക്ക് നയിച്ചതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിലയിരുത്തിയിരുന്നു. തുടർന്നാണ് വാങ്‌ചുക്കിനെ ദേശസുരക്ഷാ നിയമപ്രകാരം ലേ പൊലീസ് അറസ്റ്റ് ചെയ്തത്.
സംസ്ഥാനപദവി, സ്വയം ഭരണാവകാശം എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ലഡാക്കിൽ നടക്കുന്ന പ്രതിഷേധമാണ് ബുധനാഴ്ച അക്രമാസക്തമായത്. സംഭവത്തിൽ നാലുപേർ കൊല്ലപ്പെടുകയും സൈനികരടക്കം 80ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ജുഡി. അന്വേഷണം
വേണം: കോൺഗ്രസ്
ലഡാക്ക് സംഘർഷം സംബന്ധിച്ച് ജുഡിഷ്യൽ അന്വേഷണം വേണമെന്ന് കോൺഗ്രസ്. സംഘർഷ സാഹചര്യം കേന്ദ്ര സർക്കാർ കൈകാര്യം ചെയ്ത രീതിയും വാങ്‌ചുക്കിനെ അറസ്റ്റ് ചെയ്തതും അപലപനീയമാണെന്ന് കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജ്ജുൻ ഖാർഗെ എക്‌സിൽ കുറിച്ചു. ജനങ്ങളുടെ ആവശ്യങ്ങൾ സമാധാനപരമായി കേൾക്കുന്നതിന് പകരം ബി.ജെ.പി സർക്കാർ അടിച്ചമർത്താൻ ശ്രമിക്കുകയാണെന്നും ഖാർഗെ കുറ്റപ്പെടുത്തി.
അപലപിച്ച്
സി.പി.എം
വാങ്‌ചുക്കിന്റെ അറസ്റ്റിനെ സി.പി.എം അപലപിച്ചു. ദേശസുരക്ഷാ നിയമപ്രകാരം അദ്ദേഹത്തെ തടവിലാക്കിയത് കേന്ദ്ര സർക്കാരിന്റെ സ്വേച്ഛാധിപത്യ സ്വഭാവം തുറന്നുകാണിക്കുന്നതാണ്. വാഗ്ദാനങ്ങൾ പാലിക്കുന്നതിന് പകരം ലഡാക്കിലെ ജനങ്ങളുടെ ജനാധിപത്യ രീതിയിലുള്ള പ്രതിഷേധത്തെ അടിച്ചമർത്തുകയാണ്. ഇത്തരം നടപടികൾ ലഡാക്കിലെയും ജമ്മു കാശ്മീരിലെയും ജനങ്ങളെ കൂടുതൽ അന്യവത്കരിക്കുകയേയൂള്ളൂ. വാങ്‌ചുക്കിനെ നിരുപാധികം വിട്ടയക്കുകയകയും പ്രതിഷേധവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും പിൻവലിക്കുകയും വേണമെന്നും സി.പി.എം കേന്ദ്ര കമ്മിറ്റി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |