ന്യൂയോർക്ക്: ഓപ്പറേഷൻ സിന്ദൂർ നൽകിയ പ്രഹരത്തെ മറയ്ക്കാൻ ഐക്യരാഷ്ട്ര സഭയിൽ നുണകൾ നിരത്തിയ പാകിസ്ഥാനെ കടന്നാക്രമിച്ച് ഇന്ത്യ. പ്രധാനമന്ത്രി ഷെഹ്‌ബാസ് ഷെരീഫിന്റേത് അസംബന്ധ നാടകമാണ്. നുണകൾ കൊണ്ട് സത്യത്തെ മറയ്ക്കാനാകില്ല. ഇന്ത്യ തകർത്ത റൺവേകളും ഹാങ്ങറുകളും കാണുമ്പോൾ വിജയമായി തോന്നുന്നെങ്കിൽ ആഘോഷിച്ചോളൂ എന്നു കളിയാക്കാനും യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം മിഷനിലെ ഫസ്റ്റ് സെക്രട്ടറി പെറ്റൽ ഗെഹ്‌ലോട്ട് മറന്നില്ല.
പാക് സൈന്യം വിജയിച്ചെന്നും ഇന്ത്യൻ വിമാനങ്ങളെ വെടിവച്ച് വീഴ്ത്തിയെന്നുമൊക്കെയാണ് കഴിഞ്ഞ ദിവസം യു.എൻ ജനറൽ അസംബ്ലിയിൽ ഷെഹ്ബാസ് അവകാശപ്പെട്ടത്. സിന്ധു നദീജല കരാർ മരവിപ്പിച്ചത് യുദ്ധപരമെന്ന് വിശേഷിപ്പിച്ച ഷെഹ്ബാസ്, വെടിനിറുത്തൽ സാദ്ധ്യമാക്കിയത് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപാണെന്നും അവകാശപ്പെട്ടിരുന്നു. ഇതിന് മറുപടി പറയുകയായിരുന്നു പെറ്റൽ.
പഹൽഗാം ഭീകരാക്രമണം നടത്തിയ ദ റെസിസ്റ്റൻസ് ഫ്രണ്ടിന് (ടി.ആർ.എഫ്) പാകിസ്ഥാൻ സംരക്ഷണം തീർത്തതും പെറ്റൽ അടിവരയിട്ടു പറഞ്ഞു. ഭീകരാക്രമണത്തെ അപലപിക്കുന്ന രക്ഷാ സമിതിയുടെ പ്രമേയത്തിൽ നിന്ന് ടി.ആർ.എഫിനെ ഒഴിവാക്കാൻ പാകിസ്ഥാൻ സമ്മർദ്ദം ചെലുത്തിയിരുന്നു. ലഷ്‌കറുമായി ബന്ധമുള്ള ടി.ആർ.എഫിന് ആക്രമണത്തിൽ പങ്കില്ലെന്നാണ് അവർ വാദിച്ചത്.
ബിൻ ലാദനെ
ഒളിപ്പിച്ചവർ
1. പാകിസ്ഥാന്റെ വിദേശനയത്തിന്റെ കേന്ദ്രബിന്ദു ഭീകരതയാണെന്ന് പെറ്റൽ പറഞ്ഞു. ഭീകരതയെ കയറ്റുമതി നടത്തുന്നതാണ് പാരമ്പര്യം. ഏറ്റവും പരിഹാസ്യമായ വിവരണങ്ങൾ തുടരുന്നതിൽ അവർക്ക് ലജ്ജയില്ല
2. ബിൻ ലാദന് അഭയം നൽകിയത് പാകിസ്ഥാനാണെന്ന് മറക്കരുത്. ഭീകരവാദം അവിടുത്തെ മന്ത്റിമാർ തന്നെ സമ്മതിച്ചിട്ടുണ്ട്. ബഹവൽപ്പൂരിലും മുരിദ്‌കെയിലും ഇന്ത്യ തകർത്ത ഭീകര കേന്ദ്രങ്ങളുടെ ചിത്രങ്ങൾ ലോകം കണ്ടു
3. ഇന്ത്യയുമായി സമാധാനം ആഗ്രഹിക്കുന്നെന്ന് പാക് പ്രധാനമന്ത്റി പറയുന്നു. അതിന്, ആദ്യം അവരുടെ ഭീകര ക്യാമ്പുകൾ അടച്ചുപൂട്ടി, ഇന്ത്യ അന്വേഷിക്കുന്ന ഭീകരരെ കൈമാറണം
പെറ്റൽ ഇന്ത്യയുടെ
ഉറച്ച ശബ്ദം
2023 ജൂലായിൽ യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം മിഷനിലെ ഫസ്റ്റ് സെക്രട്ടറിയായി. 2020 - 2023ൽ വിദേശകാര്യ മന്ത്റാലയത്തിൽ അണ്ടർ സെക്രട്ടറി. പാരീസിലെയും സാൻ ഫ്രാൻസിസ്‌കോയിലെയും ഇന്ത്യൻ മിഷനുകളിൽ പ്രവർത്തിച്ചു. സെന്റ് സേവ്യേഴ്സ് കോളേജ് (മുംബയ്), ലേഡി ശ്രീറാം കോളേജ് (ഡൽഹി), മിഡിൽബറി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇന്റർനാഷണൽ സ്റ്റഡീസ് (കാലിഫോർണിയ) എന്നിവിടങ്ങളിൽ പഠനം. സിവിൽ സർവീസ് പരീക്ഷയിൽ 96 -ാം റാങ്ക് നേടി.
--------------------
യു.എൻ രക്ഷാസമിതിയിൽ
ഇന്ത്യയെ സ്ഥിരാംഗമാക്കണം: ഭൂട്ടാൻ
ന്യൂയോർക്ക്: ഐക്യരാഷ്ട്ര സഭ (യു.എൻ) രക്ഷാസമിതിയിൽ ഇന്ത്യയ്‌ക്ക് സ്ഥിരാംഗത്വം നൽകണമെന്ന് ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിംഗ് ടോബ്ഗേ. യു.എൻ ജനറൽ അസംബ്ലിയുടെ 80 -ാം സെഷന്റെ പൊതുസംവാദത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്നത്തെ ആഗോള യാഥാർത്ഥ്യങ്ങളെ പ്രതിഫലിപ്പിക്കുംവിധം രക്ഷാ സമിതി പരിഷ്‌കരിക്കണമെന്നും ഇന്ത്യയും ജപ്പാനും സ്ഥിരാംഗത്വം അർഹിക്കുന്ന രാജ്യങ്ങളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഫ്രാൻസ്, ചൈന, റഷ്യ, യു.കെ, യു.എസ് എന്നീ രാജ്യങ്ങൾക്കു മാത്രമാണ് 15 അംഗ രക്ഷാസമിതിയിൽ സ്ഥിരാംഗത്വമുള്ളത്. ഇവർക്ക് പ്രത്യേക വീറ്റോ അധികാരവുമുണ്ട്. ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം നൽകണമെന്നത് ഏറെ കാലമായുള്ള ആവശ്യമാണ്.
ഇന്ത്യയെ പിന്തുണച്ച് റഷ്യ
ന്യൂയോർക്ക്: വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലവ്റൊവ്. നിലവിലെ ആഗോള സാഹചര്യങ്ങൾക്കനുസൃതമായി യു.എൻ രക്ഷാസമിതിയെ പരിഷ്കരിക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തെ അദ്ദേഹം പിന്തുണച്ചു. രക്ഷാസമിതിയിൽ ഇന്ത്യയെ സ്ഥിരാംഗമാക്കുന്നതിനെ റഷ്യ പിന്തുണയ്ക്കുന്നതായും അദ്ദേഹം അറിയിച്ചു. ബ്രസീലിനെയും രക്ഷാസമിതിയിൽ ഉൾപ്പെടുത്തണമെന്നും ഏഷ്യ, ആഫ്രിക്ക, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിൽ നിന്നുള്ള പ്രാതിനിധ്യം ഉറപ്പാക്കണമെന്നും ലവ്റൊവ് ചൂണ്ടിക്കാട്ടി. മൗറീഷ്യസ് വിദേശകാര്യ മന്ത്രി ധനഞ്ജയ് റാംഫുലും രക്ഷാസമിതിയിൽ ഇന്ത്യയെ സ്ഥിരമായി ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു. ഇന്ത്യ ഒരു ആഗോള ശക്തിയായി വളർന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |