ആലപ്പുഴ: വീടിന്റെ ചുമരിൽ മരണകുറിപ്പ് എഴുതിവച്ച്, തന്റെ മരണത്തിന് ആരും ഉത്തരവാദിയല്ലെന്ന് പൊലീസ് കൺട്രോൾ റൂമിൽ വിളിച്ചറിയിച്ച ശേഷം മരിക്കാൻ കടലിലിറങ്ങിയ യുവാവിനെ പൊലീസിന്റെ സമയോചിത ഇടപെടലിൽ രക്ഷപ്പെടുത്തി. 23ന് രാത്രിയായിരുന്നു സംഭവം. രാത്രി 11.30നാണ് യുവാവ് ആലപ്പുഴ കൺട്രോൾ റൂമിലേക്ക് ഫോൺ വിളിച്ചത്. ജീവിതം മടുത്തുവെന്നും താൻ ആത്മഹത്യ ചെയ്യുന്നതിനായി ഇറങ്ങുകയാണെന്നും തന്റെ മരണത്തിന് മറ്റാരും ഉത്തരവാദികളല്ല എന്നുമാണ് അയാൾ അറിയിച്ചത്. കൂടുതൽ പറയാതെ യുവാവ് ഫോൺവച്ചു. ഇതോടെ കൺട്രോൾ റൂമിൽ നിന്ന് ഇയാളുടെ നമ്പരടക്കം സൗത്ത് സ്റ്റേഷൻ പെട്രോൾ ഡ്യൂട്ടിയിലുണ്ടായിരുന്ന എ.എസ്.ഐ നസീറും എ.എസ്.ഐ ശ്രീവിദ്യയും ഡ്രൈവർ സീനിയർ സിവിൽ പൊലീസ് ഓഫീസർ ശ്യാംലാലും അടങ്ങുന്ന സംഘത്തിന് കൈമാറി. സി.ഐ വഴി സൈബർ സെല്ലിന്റെ സഹായത്തോടെ യുവാവിന്റെ മൊബൈൽ ടവർ ലൊക്കേഷൻ അയച്ചു നൽകി. ലൊക്കേഷൻ ബീച്ചിന് സമീപം കടലിനോട് ചേർന്ന് കാണപ്പെട്ടതോടെ ഫോൺ വിളി സത്യമാണെന്ന് തിരിച്ചറിഞ്ഞു. പൊലീസ് സ്ഥലത്തെത്തിയപ്പോൾ കടലിലേക്കിറങ്ങിയ നിലയിലാണ് യുവാവിന്റെ മൊബൈൽ ലൊക്കേഷൻ കാണപ്പെട്ടത്. കനത്ത ഇരുട്ടും മഴയും കാരണം ഉദ്യോഗസ്ഥർക്ക് ഇയാൾ ഏതു ഭാഗത്താണ് നിൽക്കുന്നതെന്ന് തിരിച്ചറിയാൻ ഏറെ ബുദ്ധിമുട്ടി. യുവാവിന്റെ ഫോണിൽ വിളിച്ച് ഉദ്യോഗസ്ഥർ അനുനയിപ്പിക്കാൻ ശ്രമിച്ചു. വഴങ്ങാതിരുന്ന യുവാവിനോട്, സഹോദരനെ പോലെ കരുതി തിരിച്ചു കയറണമെന്നും എല്ലാ പ്രശ്നങ്ങളും പരിഹരിക്കുമെന്നും പൊലീസ് തുടർച്ചയായി പറഞ്ഞു. ഏറെ നേരെ അനുനയത്തിനൊടുവിൽ എ .എസ്.ഐ നസീറും പൊലീസ് ഓഫീസർ ശ്യാംലാലും ചേർന്ന് കടലിൽ ഇറങ്ങി യുവാവിനെ കരയിലേക്ക് പിടിച്ചു കയറ്റി. സ്റ്റേഷനിലെത്തിച്ച് യുവാവിന്റെ പ്രശ്നങ്ങൾ ചോദിച്ചറിഞ്ഞ് ആവശ്യമായ പരിഹാരം കാണാൻ എല്ലാ പിന്തുണയും നൽകിയാണ് ബന്ധുക്കൾക്കൊപ്പം വിട്ടയച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |