കൊടുങ്ങല്ലൂർ : ശ്രീനാരായണപുരം പഞ്ചായത്തിന്റെ പുതുതായി നിർമ്മാണം പൂർത്തീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി എം.ബി.രാജേഷ് നിർവഹിച്ചു. ഇ.ടി.ടൈസൺ മാസ്റ്റർ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കെ- സ്മാർട്ടിന്റെ വരവോടെ കേരള ജനതയ്ക്ക് ബിൽഡിംഗ് പെർമിഷൻ ഉൾപ്പെടെയുള്ള നിരവധി ആവശ്യങ്ങൾക്കായി പഞ്ചായത്ത് കയറിയിറങ്ങേണ്ട അവസ്ഥയിൽ നിന്ന് മാറ്റം വന്നതായി മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് കെ- സ്മാർട്ട് സംവിധാനത്തിന് ശേഷം 30 സെക്കൻഡ് കൊണ്ട് അനുവദിച്ചത് 66,862 ബിൽഡിംഗ് പെർമിറ്റുകളാണ്. എല്ലാ മാനദണ്ഡങ്ങളും ഒത്തുവന്നാൽ കുറഞ്ഞ സമയത്തിനുള്ളിൽ തദ്ദേശസ്ഥാപനങ്ങളിലേക്ക് അപേക്ഷ നൽകിയത് എന്തിനാണോ അത് നേടിയെടുക്കാൻ കഴിയുന്ന വിധത്തിലേക്ക് കേരളം മാറിക്കഴിഞ്ഞു.
മാലിന്യ സംസ്‌കരണത്തിനായി ശ്രീനാരായണപുരം പഞ്ചായത്ത് നടത്തുന്ന പ്രവർത്തനങ്ങൾക്ക് പ്രത്യേക അഭിനന്ദനവും മന്ത്രി അറിയിച്ചു. എം.എൽ.എ ആസ്തി വികസന ഫണ്ടിൽ നിന്ന് രണ്ട് ഘട്ടങ്ങളിലായി ലഭിച്ച 1.20 കോടിയും പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ചുമാണ് കെട്ടിടത്തിന്റെ നിർമ്മാണ പ്രവൃത്തി പൂർത്തീകരിച്ചത്.
രണ്ട് നിലങ്ങളിലായി 6,244 സ്‌ക്വയർഫീറ്റ് വിസ്തീർണത്തിൽ നിർമ്മിച്ച കെട്ടിടത്തിന്റെ താഴത്തെ നിലയിൽ ഫ്രണ്ട് ഓഫീസ്, പ്രസിഡന്റ്, സെക്രട്ടറി, അസി. സെക്രട്ടറി, ജൂനിയർ സൂപ്രണ്ട്, സീനിയർ ക്ലർക്കുമാർ, ജൂനിയർ ക്ലർക്കുമാർ, എം.ജി എൻ.ആർ.ഇ.ജി.എ സെക്ഷൻ, ഫസ്റ്റ് ഫ്‌ളോറിൽ വൈസ് പ്രസിഡന്റ്, മെമ്പർമാർ,അസിസ്റ്റന്റ് എൻജിനീയർ എന്നിവർക്കുള്ള സീറ്റും, കോൺഫറൻസ് ഹാൾ, ഡൈനിംഗ് ഹാൾ, കിച്ചൺ എന്നീ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ഗിരിജ, ശ്രീനാരായണപുരം പഞ്ചായത്ത് പ്രസിഡന്റ് എം.എസ്.മോഹനൻ, വൈസ് പ്രസിഡന്റ് സജിത പ്രദീപ്, കെ.എസ്.ജയ, സുഗത ശശിധരൻ, എസ്.എൻ പുരം പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാർ, വാർഡ് മെമ്പർമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |