ഓഹരി വിപണിയിൽ അനിശ്ചിതത്വമേറുന്നു
കൊച്ചി: ആഗോള, ആഭ്യന്തര വിപണികളിലെ അനിശ്ചിതത്വങ്ങളിൽ രാജ്യത്തെ ഓഹരി വിപണി ആടിയുലയുമ്പോൾ നിക്ഷേപകർ ഏറെ കരുതലെടുക്കേണ്ട കാലമാണിത്. ഡൊണാൾഡ് ട്രംപിന്റെ പകരച്ചുങ്കവും പിഴത്തീരുവയും എച്ച്1ബി വിസ ഫീസ് കുത്തനെ ഉയർത്തിയ നടപടിയും ഫാർമസ്യൂട്ടിക്കൽസ് ഉത്പന്നങ്ങൾക്ക് നൂറ് ശതമാനം തീരുവ ഏർപ്പെടുത്തിയതും ഇന്ത്യൻ കമ്പനികളുടെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നതാണ് പ്രധാന വെല്ലുവിളി. കഴിഞ്ഞ ആറ് ദിവസങ്ങളിലും രാജ്യത്തെ പ്രധാന ഓഹരി സൂചികകൾ തുടർച്ചയായി നഷ്‌ടം നേരിട്ടു. ഫാർമ്മ, ഐ.ടി, മാനുഫാക്‌ചറിംഗ് മേഖലകളിലെ ഓഹരികൾക്കാണ് പ്രധാനമായും തിരിച്ചടി.
കഴിഞ്ഞ വാരം എച്ച്1ബി വീസ ഫീ വർദ്ധനയും മരുന്നുകൾക്ക് 100 ശതമാനം തീരുവയും നിക്ഷേപകർക്ക് കനത്ത നഷ്‌ടമാണ് സൃഷ്‌ടിച്ചത്. ഇപ്പോഴത്തെ സാഹചര്യത്തിൽ ഇന്ത്യയും അമേരിക്കയുമായി വ്യാപാര കരാർ സാദ്ധ്യമാകുന്നതിന് യാതൊരു സാദ്ധ്യതയുമില്ലെന്നാണ് വിലയിരുത്തുന്നത്. ദീപാവലി വരെ വിപണി കടുത്ത അനിശ്ചിതത്വത്തിലാകും നീങ്ങുകയെന്ന് സ്‌റ്റോക്ക് ബ്രോക്കർമാർ പറയുന്നു. ഡോളറിനെതിരെ രൂപയുടെ റെക്കാഡ് മൂല്യയിടിവും വിദേശ ധനകാര്യ സ്ഥാപനങ്ങളുടെ പിന്മാറ്റവും വിപണിയെ കടുത്ത സമ്മർദ്ദത്തിലാക്കുന്നു. ഒക്‌ടോബർ ഒന്നിന് പ്രഖ്യാപിക്കുന്ന റിസർവ് ബാങ്കിന്റെ ധന അവലോകന നയവും വിപണിയുടെ ചലനങ്ങളെ സ്വാധീനിക്കും.
മ്യൂച്വൽ ഫണ്ടുകളെ ആശ്രയിക്കാം
കനത്ത ചാഞ്ചാട്ടം വിപണിയിൽ ദൃശ്യമാകുന്നതിനാൽ നേരിട്ട് ഓഹരി വ്യാപാരത്തിന് പകരം മ്യൂച്വൽ ഫണ്ടുകളെയും സിസ്‌റ്റമാറ്റിക് നിക്ഷേപ പദ്ധതികളെയും ആശ്രയിക്കുന്നതാകും അഭികാമ്യം. മികച്ച പ്രകടനം നടത്തുന്ന മ്യൂച്വൽ ഫണ്ടുകൾ കണ്ടെത്തുകയാണ് പ്രധാനം. റിസ്‌ക് ഏറെയുള്ള ഡെറിവേറ്റീവ് മേഖലയിൽ നിന്ന് ചെറുകിട നിക്ഷേപകർ തത്കാലം വിട്ടുനിൽക്കണമെന്നും വിദഗ്ദ്ധർ പറയുന്നു.
പലിശ വീണ്ടും കുറഞ്ഞേക്കും
ഒക്ടോബർ ഒന്നിന് അവസാനിക്കുന്ന റിസർവ് ബാങ്കിന്റെ ധനനയ അവലോകന യോഗത്തിൽ മുഖ്യ പലിശ നിരക്കായ റിപ്പോ കാൽ ശതമാനം കൂടി കുറച്ചേക്കും. രാജ്യത്തെ നാണയപ്പെരുപ്പം ആറ് വർഷത്തിനിടെയിലെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തിയതും സാമ്പത്തിക അനിശ്ചിതത്വങ്ങളും കണക്കിലെടുത്ത് സാമ്പത്തിക വളർച്ചയ്ക്ക് ഊർജം പകരാനാകും റിസർവ് ബാങ്കിന്റെ ഊന്നൽ. ജി.എസ്.ടി നിരക്കിലെ ഇളവിനോടൊപ്പം പലിശയും കുറയുന്നതോടെ ആഭ്യന്തര ഉപഭോഗം മെച്ചപ്പെടുമെന്നാണ് പ്രതീക്ഷ.
നിക്ഷേപകർ കാത്തിരിക്കുന്നത്
1. ട്രംപിന്റെ തീരുവ നയങ്ങളും പശ്ചിമേഷ്യയിലെ രാഷ്‌ട്രീയ നീക്കങ്ങളും
2. അമേരിക്കയിൽ വീണ്ടും പലിശ കുറയാനുള്ള സാഹചര്യങ്ങൾ
3. വിദേശ ധനകാര്യ സ്ഥാപനങ്ങളുടെ നിക്ഷേപ തീരുമാനങ്ങൾ
4. റിസർവ് ബാങ്കിന്റെ ധന നയ അവലോകന യോഗ തീരുമാനം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |