പരസ്‌പരം പഴിച്ച് പൊലീസും ടി.വി.കെയും
ഹൈക്കാേടതിയിൽ ടി.വി.കെയുടെ ഹർജി
മരിച്ചവരുടെ ആശ്രിതർക്ക് വിജയ് 20 ലക്ഷം വീതം
പര്യടനം നിറുത്തി
ചെന്നൈ: 40 പേരുടെ ദാരുണാന്ത്യത്തിന് കാരണമായ റാലി സംഘടിപ്പിച്ച തമിഴക വെട്രി കഴകം പ്രസിഡന്റ് വിജയ്‌യെ പ്രതിയാക്കാതെ തമിഴ്നാട് സർക്കാർ. വിഷയം ഇന്ന് സർക്കാർ കോടതിയിൽ ഉന്നയിച്ചേക്കും. കോടതി നിർദ്ദേശിച്ചാൽ കേസെടുക്കും. കോടതി സ്വമേധയാ കേസെടുക്കുമെന്നും കണക്കുകൂട്ടുന്നു. അതേസമയം ടി.വി.കെ സംസ്ഥാന ജനറൽ സെക്രട്ടറി ബുസി ആനന്ദ്, ജോയിന്റ് സെക്രട്ടറി സി.ടി നിർമൽ കുമാർ കരൂർ ജില്ലാ സെക്രട്ടറി മതിയഴകൻ എന്നിവർക്കെതിരെ മനപ്പൂർവമല്ലാത്ത നരഹത്യയ്ക്ക് പൊലീസ് കേസെടുത്തു.
അതിനിടെ ശനിയാഴ്ച ആശുപത്രിയിലെത്തി പ്രാഥമിക ചികിത്സ നേടിയ കരൂർ സ്വദേശിയായ കവിൻ (32) ഇന്നലെ മരിച്ചു. ഡിസ്ചാർജ് വാങ്ങി വീട്ടിലെത്തിയശേഷം നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. തുടർന്ന് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഇതോടെ മരണം 40 ആയി. 111 പേർ ചികിത്സയിലാണ്.
ദുരന്തത്തിന് പിന്നാലെ പര്യടനം നിറുത്തിവെച്ച വിജയ് ചെന്നൈയിലെ വസതിയിൽ തങ്ങുകയാണ്. കോയമ്പത്തൂർ, നീലഗിരി ജില്ലകളിലെ 31 കേന്ദ്രങ്ങളിലാണ് റാലി നടത്താനുള്ളത്. അതിനിടെ കരൂർ സന്ദർശനത്തിന് അദ്ദേഹം പൊലീസിന്റെ അനുമതി തേടി. ദുരന്തത്തിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് ടി.വി.കെ മദ്രാസ് ഹൈക്കോടതിയിൽ നൽകിയ ഹർജി ഇന്ന് പരിഗണിക്കും. ഗൂഢാലോചനയുണ്ടെന്നാണ് ഹർജിയിലെ ആരോപണം.
മൃതദേഹങ്ങളെല്ലാം തിരിച്ചറിഞ്ഞു. സർക്കാർ ജുഡിഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. ശനിയാഴ്ച രാത്രിയാണ് കരൂരിൽ തിക്കിലും തിരക്കിലും 40 പേർ മരിച്ചത്. 10 പേർ കുട്ടികളും 17 പേർ സ്ത്രീകളുമാണ്. മരിച്ചവരുടെ കുടുംബത്തിന് 20 ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 2 ലക്ഷം വീതവും സഹായ ധനം നൽകുമെന്ന് ടി.വി.കെ അറിയിച്ചു. സർക്കാർ പ്രഖ്യാപിച്ചതിന്റെ ഇരട്ടി തുകയാണിത്.
ശനിയാഴ്ച നാമക്കലിലെ പ്രചാരണം കഴിഞ്ഞ് വിജയ് കരൂരിൽ എത്തിയപ്പോഴേക്കും രാത്രി 7.30 കഴിഞ്ഞു. പ്രസംഗം ആരംഭിച്ച് 10 മിനിട്ടു പിന്നിട്ടപ്പോഴാണ് ദുരന്തമുണ്ടായത്. നാമക്കലിലെ റാലി അവസാനിച്ചത് വൈകിട്ട് 3.30നാണ്. ആരാധകർ പിന്തുടരാൻ തുടങ്ങി. കരൂരിൽ രാവിലെ മുതൽ വലിയ ജനക്കൂട്ടം കാത്തുനിന്നിരുന്നു. ഇവിടേയ്ക്കാണ് വാഹനത്തിനൊപ്പമുള്ള ജനക്കൂട്ടവുമെത്തിയത്.
സംഘാടകരുടെ പിഴവെന്ന് പൊലീസ്
1. റാലിക്ക് വൈകിട്ട് 3 മുതൽ രാത്രി 10 വരെയാണ് അനുമതി തേടിയതെങ്കിലും വിജയ് 12 മണിക്ക് എത്തുമെന്ന് സംഘാടകർ പ്രചരിപ്പിച്ചു. രാത്രി 7.30 കഴിഞ്ഞാണ് എത്തിയത്. ജനം അക്ഷമരായി. വെള്ളമോ ഭക്ഷണമോ കരുതിയിരുന്നില്ല.
2. പതിനായിരംപേർ പങ്കെടുക്കുമെന്നാണ് അറിയിച്ചിരുന്നത്. കൂടുതൽ പ്രതീക്ഷിച്ച് പൊലീസിനെ വിന്യസിച്ചെങ്കിലും ലക്ഷത്തിലേറെപ്പേരെത്തി.
3. പത്തിലധികം പേർ കയറിയിരുന്ന മരക്കൊമ്പ് ജനക്കൂട്ടത്തിലേക്ക് ഒടിഞ്ഞു വീണു. ജനക്കൂട്ടത്തിലേക്ക് വിജയ് എറിഞ്ഞ കുപ്പിവെള്ളം കൈയ്ക്കലാക്കാൻ തിക്കുംതിരക്കുമായി.
വൈദ്യുതി വിച്ഛേദിച്ചെന്ന് ടി.വി.കെ
1. മനഃപൂർവം വിശാലമായ മൈതാനം അനുവദിച്ചില്ല.
2. വൈദ്യുതി ബന്ധം വിച്ഛേദിച്ചു
3. പൊലീസ് സുരക്ഷ ഒരുക്കിയില്ല. തിക്കും തിരക്കുമായപ്പോൾ ലാത്തി വീശി സ്ഥിതി വഷളാക്കി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |