ബ്യൂണസ് ഐറിസ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയടക്കം മൂന്ന് പേരെ മയക്കുമരുന്ന് മാഫിയ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അർജന്റീനയിൽ വ്യാപക പ്രതിഷേധം. ലാര ഗുട്ടറസ് (15), സഹോദരിമാരായ ബ്രെൻഡ ഡെൽ കാസ്റ്റില്ലോ (20), മൊറീന വെർഡി (20) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇതിന്റെ ദൃശ്യങ്ങൾ ലൈവായി ഇൻസ്റ്റഗ്രാമിൽ ചിത്രീകരിക്കുകയും ചെയ്തു. മയക്കുമരുന്ന് മോഷ്ടിച്ചാൽ ഇതാണ് സംഭവിക്കുകയെന്ന് വീഡിയോയിൽ മാഫിയ തലവനെന്ന് കരുതുന്നയാൾ മുന്നറിയിപ്പ് നൽകി.
19ന് പാർട്ടിയിൽ പങ്കെടുക്കാനെന്ന വ്യാജേനയാണ് പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയത്. അഞ്ചുദിവസങ്ങൾക്ക് ശേഷം ബ്യൂണസ് ഐറിസിന്റെ തെക്കൻ പ്രദേശത്തുള്ള വീട്ടുമുറ്റത്ത് കുഴിച്ചിട്ട നിലയിൽ ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ മൂന്നു പുരുഷന്മാരെയും രണ്ടു സ്ത്രീകളെയും അറസ്റ്റ് ചെയ്തു. കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരൻ 20 വയസുള്ള പെറു സ്വദേശി ഒളിവിലാണ്. അതേസമയം, എല്ലാ കുറ്റവാളികളെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബ്യൂണസ് ഐറിസിൽ ഇന്നലെ വൻ പ്രതിഷേധമാണ് നടന്നത്. ഇരകളുടെ ചിത്രങ്ങളുള്ള പ്ലക്കാർഡുകൾ ഉയർത്തി, കൊല്ലപ്പെട്ടവരുടെ ബന്ധുക്കളടക്കമുള്ളവർ പാർലമെന്റിലേക്ക് മാർച്ച് നടത്തി.
വിരുലുകൾ മുറിച്ചു മാറ്റി
അതിക്രൂരമായ പീഡനങ്ങൾക്കാണ് പെൺകുട്ടികൾ ഇരയായത്. അക്രമികൾ അവരുടെ വിരലുകൾ മുറിച്ചുമാറ്റുകയും നഖങ്ങൾ പിഴുതെടുക്കുകയും ചെയ്തതുവെന്നാണ് റിപ്പോർട്ട്. പിന്നീട് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു. മകളുടെ മൃതദേഹം തിരിച്ചറിയാൻ കഴിയാത്ത വിധത്തിലായിരുന്നെന്ന് ബ്രെൻഡയുടെ പിതാവ് പറഞ്ഞു. യുവതികൾ മയക്കുമരുന്ന് ഉപയോഗിക്കാറുണ്ടെന്നും കുടുംബത്തിന്റെ അറിവില്ലാതെ ലൈംഗിക തൊഴിലിൽ ഏർപ്പെട്ടിരുന്നെന്നും വിവരമുണ്ട്. അതേസമയം, അവരുടെ ബന്ധുക്കൾ ഇക്കാര്യം നിഷേധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |