കരൂർ: ദുരന്തത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് തമിഴ്നാട് സർക്കാർ പ്രഖ്യാപിച്ച 10 ലക്ഷം രൂപ സഹായധനം വിതരണം ചെയ്തു തുടങ്ങി. കുടുംബത്തെ നേരിട്ട് സന്ദർശിച്ച് ഡി.എം.കെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയും പാർലമെന്ററി പാർട്ടി നേതാവുമായ കനിമൊഴിയാണ് സഹായധനം കൈമാറിയത്. സ്ഥലം എം.എൽ.എ സെന്തിൽ ബാലാജിയും ഒപ്പമുണ്ട്.
സർക്കാർ പരിപാടികളുടെ ഉത്തരവാദിത്തം സർക്കാർ ഏറ്റെടുക്കുമെന്നും പാർട്ടി പരിപാടികളുടെ കാര്യത്തിൽ അതത് പാർട്ടികൾ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും കനിമൊഴി മാദ്ധ്യമ പ്രവർത്തരോട് പ്രതികരിച്ചു.
ആരായാലും സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കണം. സർക്കാർ മാത്രമേ സുരക്ഷ ഒരുക്കൂ. യോഗത്തിനെത്തുന്നവർക്ക് അതത് പാർട്ടികൾ ഭക്ഷണം, കുടിവെള്ളം മുതലായവ ഒരുക്കിയിരിക്കണം. 40 പേരുടെ മരണം മായാത്ത മുറിവാണ്. ഏതു പാർട്ടിയുടെ ഏതൊരു പരിപാടിക്കും നിയന്ത്രണങ്ങൾ ഉണ്ടാകും.
വിജയ്‌യുടെ റാലിക്ക് മതിയായ പൊലീസ് സുരക്ഷ ഒരുക്കിയിരുന്നു. ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് പൊലീസ് നൽകുന്ന നിർദ്ദേശങ്ങൾ രാഷ്ട്രീയ നേതാക്കൾ പാലിക്കുന്നത് പതിവാണ്. കരൂരിലും സമാനമായ നിർദ്ദേശങ്ങൾ നൽകി.
രാഷ്ട്രീയം പറയാൻ ആഗ്രഹിക്കുന്നില്ല. ആരെയും കുറ്റപ്പെടുത്തുന്നില്ല.
സംഭവത്തിൽ ഗൂഢാലോചന നടത്തേണ്ടതില്ല. പാർട്ടി ഏതെന്നത് പ്രധാനമല്ല. ജനങ്ങളെ സംരക്ഷിക്കുക എന്നത് മുഖ്യമന്ത്രിയുടെ ഉത്തരവാദിത്തമാണ്. അടിസ്ഥാന വിമർശനങ്ങൾക്ക് രാഷ്ട്രീയ പക്ഷപാതത്തോടെ മറുപടി നൽകുന്നത് ശരിയല്ലെന്നും കനിമൊഴി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |