കല്ലറ: കർഷകരും കർഷകത്തൊഴിലാളികളും പങ്കെടുത്ത കല്ലറ - പാങ്ങോട് വിപ്ലവത്തിന് ഇന്ന് 87 ആണ്ട്.
കല്ലറ ചന്തയിലെ അനധികൃത ചുങ്കപ്പിരിവുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് സായുധ വിപ്ലവത്തിലേക്ക് നയിച്ചത്.
തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ ഒരു യോഗം ആറ്റിങ്ങൽ വലിയകുന്നിൽ നടന്നു.ജനദ്രോഹനികുതി വർദ്ധനയ്ക്കെതിരെ സമരം ചെയ്യാൻ യോഗത്തിൽ തീരുമാനിച്ചു.തുടർന്ന് കൊച്ചപ്പിപ്പിള്ള,പ്ലാങ്കീഴ് കൃഷ്ണപിള്ള,ചെല്ലപ്പൻ വൈദ്യൻ,ചെറുവാളം കൊച്ചുനാരായണൻ ആചാരി എന്നിവരുടെ നേതൃത്വത്തിൽ കർഷകരെ സംഘടിപ്പിച്ച് പ്രതിഷേധിച്ചു.
ഇത് നികുതി പിരിവുകാരുമായി സംഘർഷത്തിന് കാരണമായി. ഇവരെ പ്രതിഷേധക്കാർ തല്ലിയോടിച്ചു. സ്ഥലത്തുണ്ടായിരുന്ന പൊലീസിന് ഒന്നും ചെയ്യാനായില്ല.പിന്നീട് കൂടുതൽ പൊലീസെത്തി സമരക്കാരെ മർദ്ദിക്കുകയും കൊച്ചപ്പിപ്പിള്ളയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. സംഭവമറിഞ്ഞ് പാലോട്,പെരിങ്ങമ്മല,നന്ദിയോട് തുടങ്ങിയ പ്രദേശങ്ങളിൽ നിന്ന് കൊച്ചപ്പിപ്പിള്ളയെ മോചിപ്പിക്കാൻ കൂടുതൽ കർഷകരെത്തി.പട്ടാളം കൃഷ്ണൻ എന്ന സമരനേതാവ് പൊലീസുകാരുമായി ചർച്ച നടത്തി കൊച്ചുകൃഷ്ണപിള്ളയെ മോചിപ്പിച്ചു.അവശനായ കൊച്ചു കൃഷ്ണപിള്ളയെ കണ്ടതോടെ സമരക്കാരുടെ രോഷം അണപൊട്ടുകയും റോഡ് ഉപരോധം നീക്കാൻ ശ്രമിച്ച പൊലീസുകാരനെ അടിച്ചു കൊല്ലുകയും ചെയ്തു.
തുടർന്ന് സമരക്കാർ പാങ്ങോട് പൊലീസ് സ്റ്റേഷനിലേക്ക് ആയുധങ്ങളുമായി മാർച്ച് നടത്തി. പിന്നീട് നടന്ന പൊലീസ് വെടിവയ്പിൽ സമര നേതാക്കളായ പ്ലാങ്കീഴ് കൃഷ്ണപിള്ളയും,ചെറുവാളം കൊച്ചു നാരായണൻ ആചാരിയും മരിച്ചു.അടുത്ത ദിവസം കൂടുതൽ പൊലീസെത്തി സമരക്കാരെ നേരിട്ടു.പൊലീസ് അതിക്രമത്തെ തുടർന്ന് പലരും നാടുവിട്ടു.സമരം അടിച്ചമർത്തി.
കൊച്ചു കൃഷ്ണപിള്ളയെയും പട്ടാളം കൃഷ്ണനെയും പിടികൂടി തൂക്കിലേറ്റി.ബലികുടീരങ്ങൾ ഉയരാതിരിക്കാൻ രണ്ടുപേരുടെയും ശരീരങ്ങൾ ജയിലിന്റെ വളപ്പിൽത്തന്നെ മറവുചെയ്തു. മറ്റുള്ളവരെ കഠിനതടവിന് ശിക്ഷിച്ചു.മറ്റൊരു നേതാവായ രാമേലികോണം പത്മനാഭൻ പൊലീസ് വീട് വളഞ്ഞപ്പോൾ ആത്മഹത്യ ചെയ്തു.
ഇങ്ങനെ തിരുവിതാംകൂർ ചരിത്രത്തിലെ ഉജ്ജ്വലമായ ഒരു സമരം പൊലീസ് അടിച്ചമർത്തുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |