കൊച്ചി: വൈദ്യുതി വാഹനങ്ങൾക്ക് ശബ്ദം ഉറപ്പാക്കുന്ന നിയമ നിർമ്മാണത്തിന് കേന്ദ്ര റോഡ്, ഗതാഗത, ഹൈവേ മന്ത്രാലയം ഒരുങ്ങുന്നു. 2027 ഒക്ടോബർ ഒന്ന് മുതൽ പദ്ധതി നടപ്പാക്കാനാണ് നീക്കം. അടുത്ത വർഷം ഒക്ടോബർ ഒന്നിന് ശേഷം നിർമ്മിക്കുന്ന കാറുകളും ട്രക്കുകളും അടക്കമുള്ള വൈദ്യുതി വാഹനങ്ങൾക്ക് സുരക്ഷാ മാർഗ നിർദേശമെന്ന നിലയിൽ അക്കൗസ്‌റ്റിക് വാഹന അലർട്ട് സിസ്‌റ്റം(എ.വി.എ.എസ്) നിർബന്ധമാക്കുമെന്നും മന്ത്രാലയം പുറത്തിറക്കിയ കരട് നിർദേശത്തിൽ പറയുന്നു. കാൽനട യാത്രക്കാർക്കും മറ്റ് റോഡ് ഉപയോക്താക്കൾക്കും മുന്നറിയിപ്പ് നൽകുന്നതിനാണ് പുതിയ സംവിധാനം. ഇതിനായി കേന്ദ്ര മോട്ടോർ വാഹന ചട്ടങ്ങളിൽ മാറ്റം വരുത്തും. ചുരുക്കം കമ്പനികളുടെ വിവിധ മോഡലുകളിൽ നിലവിൽ എ.വി.എ.എസ് സംവിധാനമുണ്ട്. യൂറോപ്യൻ യൂണിയൻ, അമേരിക്ക, ജപ്പാൻ, ചൈന തുടങ്ങിയ രാജ്യങ്ങൾ ഈ സംവിധാനം നടപ്പാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |