പന്തളം: പുതിയ സ്ഥലത്തേക്ക് മാറ്രിയ പന്തളം നഗരസഭാ ബസ് സ്റ്റാൻഡ് ഇന്ന് വൈകിട്ട് നാലിന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനംചെയ്യും. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അദ്ധ്യക്ഷത വഹിക്കും,നഗരസഭ ചെയർമാൻ അച്ചൻകുഞ്ഞ് ജോൺ,വൈസ് ചെയർപേഴ്‌സൺ യു. രമ്യ, സെക്രട്ടറി അനിത ഇ, ബി തുടങ്ങിയവർ സംസാരിക്കും.ഉദ്ഘാടന സമ്മേളനത്തിന് ശേഷം കലാസന്ധ്യ ഉണ്ടായിരിക്കും. പന്തളം ജംഗ്ഷന് സമീപത്തുനിന്ന് കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്തേക്കാണ് സ്റ്റാൻഡ് മാറ്റിയത്.സ്വാമി അയ്യപ്പൻ മുനിസിപ്പൽ ബസ് ടെർമിനൽ എന്നാണ് പേര്. മുന്നൊരുക്കങ്ങൾ നടത്താതെയും ബന്ധപ്പെട്ട വകുപ്പുകളുടെ സമ്മതപത്രം വാങ്ങാതെയും ബസ് സ്റ്റാൻഡ് ആരംഭിക്കുന്നതിൽ നഗരസഭയിലെ എൽഡിഎഫ് കൗൺസിലർമാർ വിയോജനക്കുറിപ്പുനൽകിയിരുന്നു.
2023ഡിസംബറിൽ ആരംഭിച്ച നിർമ്മാണ പ്രവർത്തനങ്ങൾ ഘട്ടംഘട്ടമായാണ് പൂർത്തിയായത്. സമയബന്ധിതമായി പണി പൂർത്തിയാക്കാൻ കഴിയാത്തതിനാലാണ് സ്റ്റാൻഡ് മാറ്റത്തിനുള്ള അനുമതി ആദ്യം ലഭിക്കാതിരുന്നത്. സ്റ്റാൻഡ് മാറ്റുന്നതിന് മുന്നോടിയായി, നേരത്തെ ചന്തയായിരുന്ന ഇവിടെ ഉണ്ടായിരുന്ന മത്സ്യ സ്റ്റാളുകളിൽ 12 മുറികൾ കാത്തിരിപ്പ് കേന്ദ്രമാക്കിയിട്ടുണ്ട്. ഇവിടെ ഇരിപ്പിടങ്ങളും പണിതു. ഇവിടെയുള്ള നാല് മുറികൾ കടമുറികളാക്കും, ഇതിന്റെ എതിർഭാഗത്തുള്ള പഴയ കെട്ടിടം മേൽക്കൂര സ്ഥാപിച്ച് 10 കടമുറികളാക്കും . ഉയരവിളക്കും സ്ഥാപിച്ചിട്ടുണ്ട്. പന്തളം മാർക്കറ്റ് റോഡിലെ ഗതാഗത തടസം ഒഴിവാക്കാനായി മാലിന്യ ശേഖരണ പ്ലാന്റിന് സമീപത്തുകൂടി ബ്ലോക്ക് ഒാഫീസിന് സമീപത്തേക്ക് ബസുകൾ എത്തുന്ന രീതിയിൽ വൺവേ സംവിധാനവും ഏർപ്പെടുത്തുമെന്ന് നഗരസഭാ ചെയർമാൻ അച്ചൻകുഞ്ഞ് ജോൺ, വൈസ് ചെയർപേഴ്‌സൺ യു. രമ്യ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബെന്നി മാത്യു കെ . സീനഎന്നിവർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |