പിടിയിലായത് അയൽവാസി രാജീവ്
വിഴിഞ്ഞം: കോവളത്ത് പാചകത്തൊഴിലാളിയായ വൃദ്ധനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. സംഭവത്തിൽ അയൽവാസിയായ ഓട്ടോ ഡ്രൈവർ വെള്ളാർ മൂക്കോട്ട് വീട്ടിൽ രാജീവിനെ (42) കോവളം പൊലീസ് അറസ്റ്റുചെയ്‌തു. ഈ മാസം 17നാണ് കോവളം നെടുമംപറമ്പിൽ വീട്ടിൽ രാജേന്ദ്രനെ (60) നെടുമത്തെ സഹോദരിയുടെ വീടിന്റെ ടെറസിന് മുകളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രതിയുടെ മാതാവിനെ ഉപദ്രവിച്ചതും മാതാവുമായി രാജേന്ദ്രന് ബന്ധമുണ്ടെന്ന സംശയവുമാണ് കൊലപാതകത്തിന് കാരണമെന്ന് ഡി.സി.പി നകുൽ രാജേന്ദ്ര ദേശ്‌മുഖും ഫോർട്ട് എ.സി എൻ.ഷിബുവും വാർത്താസമ്മേളനത്തിൽ അറിയിച്ചു.
നഗരത്തിൽ ഹോട്ടൽ ഷെഫായിരുന്നു രാജേന്ദ്രൻ. പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടറുടെ സംശയത്തെ തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. രാജേന്ദ്രൻ സഹോദരിയുടെ വീട്ടിലായിരുന്നു താമസം. മൃതദേഹം കണ്ടെത്തുമ്പോൾ രണ്ടു ദിവസത്തിലേറെ പഴക്കമുണ്ടായിരുന്നതിനാൽ കൂടുതൽ തെളിവ് ലഭിച്ചിരുന്നില്ല. പോസ്റ്റുമോർട്ടം നടത്തിയപ്പോഴാണ് കഴുത്തിൽ പുറമെ നിന്നുള്ള ബലപ്രയോഗം നടന്നിട്ടുണ്ടാകാമെന്ന് ഡോക്ടർ സംശയിച്ചത്.
ബലപ്രയോഗത്തെ തുടർന്ന് വോക്കൽ കോഡിനും തൈറോയിഡ് ഗ്രന്ഥികൾക്കുമുണ്ടായ മാരകമായ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. തുടർന്ന് നിരവധി പേരെ ചോദ്യം ചെയ്തതിൽ നിന്നാണ് പ്രതിയെക്കുറിച്ച് സൂചന ലഭിച്ചത്. രാജീവിനെ റിമാൻഡ് ചെയ്‌തു.
ശബരിമലയ്ക്ക് പോയി മടങ്ങിയെത്തി
കസ്റ്റഡിയിലായി !
കൊലപാതകത്തിനുശേഷം ശബരിമലയിലേക്ക് പോയ പ്രതി തിരികെ വന്നതോടെ പൊലീസ് കസ്റ്റഡയിലെടുക്കുകയായിരുന്നു. ഭാര്യയുമായി അകന്നു താമസിക്കുന്ന രാജേന്ദ്രൻ സഹോദരീ ഭർത്താവായ മണികണ്ഠന്റെ വീട്ടിലെ ടെറസിലാണ് പലപ്പോഴും രാത്രിയിൽ കിടന്നിരുന്നത്.
പ്രതിയുടെ അമ്മയ്ക്ക് വീട്ടിൽ മദ്യക്കച്ചവടമായിരുന്നു. 14ന് രാത്രി ഏഴോടെ മദ്യംവാങ്ങാനെത്തിയ രാജേന്ദ്രനും പ്രതിയുടെ അമ്മയും തമ്മിൽ വാക്കുതർക്കമായി. ഇതിനിടെ രാജേന്ദ്രൻ അമ്മയുടെ കൈയിൽ കടന്നുപിടിച്ചത് മദ്യലഹരിയിൽ അടുത്ത മുറിയിലുണ്ടായിരുന്ന രാജീവൻ കണ്ടിരുന്നു. തിരികെപ്പോയ രാജേന്ദ്രൻ രാത്രി 11.45ഓടെ ടെറസിൽ നിൽക്കുന്നത് കണ്ട് പ്രതി അവിടേക്ക് ചെന്നു. തുടർന്നുണ്ടായ വാക്കുതർക്കത്തിനിടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. മരണവെപ്രാളത്തിൽ രാജേന്ദ്രൻ പ്രതിയുടെ തോളിലും കഴുത്തിന് പിറകിലും മാന്തിയിരുന്നു. ഈ മുറിവും പ്രതിയിലേക്കെത്താൻ സൂചനയായി. സംഭവം നടന്നതിന്റെ പിറ്റേന്ന് രാജീവ് ശബരിമലയ്ക്ക് പോയി.18നാണ് മടങ്ങിയെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |