വിഴിഞ്ഞം: ദൃക്‌സാക്ഷികളില്ലാതിരുന്ന കൊലപാതകത്തിന് തുമ്പുണ്ടാക്കിയത് ഫോർട്ട് എ.സി എൻ.ഷിബുവിന്റെയും കോവളം എസ്.എച്ച്.ഒ ജയപ്രകാശിന്റെയും അന്വേഷണ മികവാണ്. ഇതിലൂടെ കൊലപാതകം നടന്ന് രണ്ടാഴ്ചക്കുള്ളിൽ പ്രതിയെ പിടികൂടാനുമായി. രാജേന്ദ്രന്റേത് (60) കൊലപാതകമാകാൻ സാദ്ധ്യതയുണ്ടെന്ന പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ സംശയത്തിൽ വ്യക്തത തേടിയുള്ള അന്വേഷണമായിരുന്നു പൊലീസിന്റേത്.
ഫോർട്ട് എ.സിയുടെ നേതൃത്വത്തിലുളള സംഘം അതീവ രഹസ്യമായാണ് കേസ് അന്വേഷിച്ചത്. സംശയത്തിന്റെ പേരിൽ രാജീവിനെ ഉൾപ്പെടെ ചിലരെ അഞ്ചുദിവസം നിരന്തരം സ്റ്റേഷനിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയും വിട്ടയയ്‌ക്കുകയും ചെയ്‌തു. ഈ ദിവസങ്ങളിലെല്ലാം പ്രതിയെയും അമ്മയേയും പൊലീസ് രഹസ്യമായി നിരീക്ഷിച്ചു. സംഭവ ദിവസം കൊല്ലപ്പെട്ട രാജേന്ദ്രൻ ഉപദ്രവിച്ചപ്പോൾ പ്രതിയുടെ അമ്മയുടെ കൈക്കുഴയ്‌ക്ക് പരിക്കേറ്റിരുന്നു. എന്നാലിത് ഒരാഴ്ചയ്ക്കുശേഷം ആശുപത്രിയിൽ കാണിച്ച് പ്ലാസ്റ്ററിട്ടത് ശ്രദ്ധയിൽപ്പെട്ടതോടെ പൊലീസ് വിശദമായി അന്വേഷിച്ചു.
പ്രതിയുടെ ശരീരത്തിലുണ്ടായ മുറിവുകളെക്കുറിച്ചും അന്വേഷണം നടന്നിരുന്നു. ഇതുസംബന്ധിച്ച ഫോറൻസിക് റിപ്പോർട്ട് ലഭിക്കാനുണ്ട്. രണ്ട് ദിവസത്തോളം പഴക്കമുള്ള മൃതദേഹത്തിൽ നിന്നും ദുർഗന്ധം വമിച്ചതോടെ നടത്തിയ പരിശോധനയിലാണ് രാജേന്ദ്രനെ മരിച്ചനിലയിൽ കണ്ടെത്തിയത്. അതേസമയം പ്രതിയുടെ വീട്ടിൽ നിന്നും നോക്കിയാൽ രാജേന്ദ്രന്റെ വീടിന്റെ ടെറസ് കാണാമായിരുന്നു. എന്നിട്ടും മൃതദേഹം കണ്ടില്ലെന്ന പ്രതിയുടെ മൊഴിയും സംശയത്തിനിടയാക്കി. ചോദ്യം ചെയ്യലിൽ ആദ്യം പ്രതി കുറ്റം നിഷേധിച്ചെങ്കിലും സാഹചര്യത്തെളിവും ശാസ്ത്രീയത്തെളിവും നിരത്തിയുള്ള ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. എസ്.ഐ ദിപിൻ,ക്രൈം എസ്.ഐ അനിൽകുമാർ,ഗ്രേഡ് എസ്.ഐ ബിജു,സി.പി.ഒമാരായ സെൽവൻ,കൃഷ്‌ണകുമാർ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |