തിരുവനന്തപുരം: കോർപറേഷനിലെ തിരുമല വാർഡ് കൗൺസിലറും ബി.ജെ.പി സിറ്റി ജില്ലാജനറൽ സെക്രട്ടറിയുമായ തിരുമല അനിലിന്റെ ആത്മഹത്യയിൽ പ്രത്യേക അന്വേഷണസംഘത്തിന്റെ മൊഴിയെടുപ്പ് തുടരുന്നു.അദ്ദേഹത്തിന്റെ കൗൺസിലർ ഓഫീസിലെ ജീവനക്കാരി സരിതയുടെ മൊഴി ഇന്നലെ രേഖപ്പെടുത്തി. അനിൽ പ്രസിഡന്റായിരുന്ന ഫാം ടൂർ സഹകരണ സംഘത്തിലെ സാമ്പത്തിക പ്രതിസന്ധിയിൽ അദ്ദേഹം മാനസികമായി തകർന്നിരുന്നെന്നും നിക്ഷേപകർ പണമാവശ്യപ്പെട്ട് സമീപിച്ചതോടെ, താൻ ആത്മഹത്യ ചെയ്യേണ്ടിവരുമെന്ന് പലപ്പോഴും അദ്ദേഹം പറഞ്ഞിരുന്നതായും സരിത മൊഴി നൽകി.
സഹകരണ സംഘത്തിൽ നിന്ന് വായ്പയെടുത്ത നല്ലൊരു ശതമാനം പേരും പണം തിരിച്ചടയ്ക്കാൻ തയ്യാറായില്ല. സഹായിച്ചവർ കൈമലർത്തിയപ്പോൾ പണം തിരിച്ചടപ്പിക്കാൻ സുഹൃത്തുകളായ കൗൺസിലർമാരുടെയടക്കം പലരുടെയും സഹായം അനിൽ തേടിയിരുന്നുവെന്നും അവർ അറിയിച്ചു. കഴിഞ്ഞ ദിവസം ഭാര്യയുടെ മൊഴിയും കന്റോൺമെന്റ് എ.സി സ്റ്റുവർട്ട് കീലറുടെ നേതൃത്വത്തിൽ രേഖപ്പെടുത്തിയിരുന്നു. വരും ദിവസങ്ങളിലും സുഹൃത്തുകളുടെയും സംഘം ജീവനക്കാരുടെയും മൊഴിയെടുക്കും.
ഫാം ടൂർ സഹകരണ സംഘത്തിലെ സാമ്പത്തിക പ്രതിസന്ധിയെ സംബന്ധിച്ച് സഹകരണസംഘം രജിസ്ട്രാറോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ ഫാം ടൂർ സഹകരണ സംഘത്തിന്റെ ബാദ്ധ്യതകളെ സംബന്ധിച്ച് സംഘം സെക്രട്ടറിയോടും റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ റിപ്പോർട്ട് കിട്ടുന്ന മുറയ്ക്ക് കൂടുതൽ പേരെ ചോദ്യം ചെയ്യാനുള്ള ഒരുക്കത്തിലാണ് അന്വേഷണസംഘം.
അനിൽ 15 വർഷമായി പ്രസിഡന്റായിട്ടുള്ള സഹകരണ സംഘത്തിൽ വ്യാപക ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്നാണ് സഹകരണ വകുപ്പിന്റെ റിപ്പോർട്ട്. ബാങ്കിന്റെ സർക്കുലർ നിർദേശങ്ങൾക്ക് വിരുദ്ധമായി പലിശ നൽകിയതിൽ 14 ലക്ഷം രൂപയാണ് സംഘത്തിന് നഷ്ടം സംഭവിച്ചത്.
പലിശയിനത്തിൽ വന്ന നഷ്ടം സംഘം സെക്രട്ടറിയിൽ നിന്ന് 18 ശതമാനം പലിശ സഹിതം ഈടാക്കണമെന്ന് സഹകരണവകുപ്പ് തിരുവനന്തപുരം അസിസ്റ്റന്റ് രജിസ്ട്രാറുടെ റിപ്പോർട്ടിൽ പറയുന്നു. അനുവാദമില്ലാതെ സംഘം നേരിട്ട് താത്കാലിക നിയമനം നടത്തിയതിൽ 1.18 കോടി രൂപ നഷ്ടമുണ്ടായി. അനുമതിയില്ലാതെ പൊതുഫണ്ട് നഷ്ടപ്പെടുത്തിയതുവഴി 12 ലക്ഷത്തിന്റെ ക്രമക്കേടുണ്ടായി. അനുമതിയില്ലാതെ സി ക്ലാസ് അംഗങ്ങൾക്ക് വായ്പ നൽകിയതിൽ രണ്ടരക്കോടി കുടിശ്ശികയായെന്നും സഹകരണ വകുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നു. ക്രമക്കേടുകൾ സംബന്ധിച്ച് യൂണിറ്റ് ഇൻസ്‌പെക്ടർമാർ നടത്തിയ പരിശോധനയ്ക്ക് ശേഷമാണ് അസിസ്റ്റന്റ് രജിസ്ട്രാർ അന്വേഷണം നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |