ഭജനക്കൂട്ടായ്മയ്ക്ക് 25 വയസ്
കൊല്ലം: സിനിമയിലെ ഭക്തിഗാനങ്ങളും സോപാന സംഗീതവും കോർത്തിണക്കി ആസ്വാദക മനസുകൾ കീഴടക്കിയ നന്ദഗോവിന്ദം ഭജൻസിന് 25 വയസ്. സോഷ്യൽ മീഡിയകളിലും ടീം തരംഗമായി.
ഒരുകൂട്ടം ചെറുപ്പക്കാർ 'മനോഹരി രാധേ രാധേ...' പാടുമ്പോൾ മലയാളികൾ അതേറ്റുപാടി. ദുബായിലും സൂപ്പർ ഹിറ്റാണ്. വിവിധ ഭാഷകളിലെ പാട്ടുകളുമുണ്ടാകും. കോട്ടയം നട്ടാശേരിയിൽ തുടക്കമിട്ട നന്ദഗോവിന്ദം ഭജൻസിൽ ഇന്ന് 45 അംഗങ്ങളുണ്ട്.
ഒരു ദു:ഖാനുഭവമാണ് തുടക്കത്തിനു പിന്നിൽ. ഇറഞ്ഞാൽ ദേവീക്ഷേത്രം മാനേജരായിരുന്ന തട്ടാശേരി ഇളങ്ങൂർ വീട്ടിൽ രാജേന്ദ്ര പണിക്കർ മുപ്പതു വർഷം മുമ്പ് ഒരു ഭജനം സംഘം രൂപീകരിച്ചു. നാട്ടുകാരായ നവീൻ മോഹൻ, ശ്രീലാൽ വേണു, പ്രവീൺ എന്നിവർ കുട്ടിക്കാലത്തേ ഭജൻസിൽ പാടാനെത്തി. 2000ൽ രാജേന്ദ്ര പണിക്കർക്ക് അസുഖത്തെ തുടർന്ന് കാഴ്ച നഷ്ടപ്പെട്ടു. പണിക്കരുടെ സന്തോഷത്തിനായാണ് ചെറുപ്പക്കാർ നന്ദഗോവിന്ദം ഭജൻസിന് തുടക്കമിട്ടത്. കോട്ടയം സി.എം.എസ് കോളേജിൽ ഒന്നിച്ചുപഠിച്ച നവീൻ മോഹനും ശ്രീലാൽ വേണുവും കൂട്ടുകാരെ ഒപ്പം ചേർത്തു. 2024 മേയ് 5ന് രാജേന്ദ്രപണിക്കർ (62) മരിച്ചു. നവീനടങ്ങുന്ന സംഘത്തിന്റെ വീഡിയോകളാണ് സോഷ്യൽ മീഡിയകളിൽ തരംഗമായത്. നവീൻ മോഹനാണ് പ്രധാന പാട്ടുകാരൻ. ദുബായിൽ ജോലി ചെയ്യുന്ന ഇദ്ദേഹം ദുബായ് പ്രോഗ്രാമുകളിലാണ് പങ്കെടുക്കാറുള്ളത്. എന്നാൽ പ്രത്യേകം ക്ഷണിക്കപ്പെടുന്ന ഏതു വേദിയിലേക്കും നവീൻ പറന്നെത്തും.
തൃശൂർ സ്വദേശി വൈഷ്ണവും തിരുവഞ്ചൂർ സ്വദേശി അഭിജിത്തും ഇപ്പോൾ ടീമിനൊപ്പമുണ്ട്. കോട്ടയത്തും ദുബായിലുമായി രണ്ട് ടീമുകളാണ് ഭജൻസിനുള്ളത്. ദുബായ് ടീമിനെ നയിക്കുന്നത് നവീൻ മോഹനാണ്. സ്കൂൾ അദ്ധ്യാപകനായ ശ്രീലാൽ വേണു കേരളത്തിലെ ടീമിനെയും. പ്രവീൺ കാനഡയിലാണ്.
ഗായികമാർ ഇല്ല
നന്ദഗോവിന്ദം ഭജൻസിൽ വനിതകളില്ല. യാത്രകളിൽ ഉണ്ടാകുന്ന അസൗകര്യം കണക്കിലെടുത്താണ് വനിതകളെ ഒഴിവാക്കിയത്. അതേസമയം, ടീമിന്റെ യുട്യൂബ് ചാനൽ പരിപാടികളിൽ ഗായികമാരും ചേർന്നിട്ടുണ്ട്.
....................................
ഒരു പ്രോഗ്രാമിന് : 1.5 ലക്ഷം രൂപ (ദൂരത്തിന് അനുസരിച്ച് യാത്രാ ചെലവുകൾ)
പങ്കെടുക്കുന്നത്: 12 പേർ
പുതുതലമുറയ്ക്കിടയിലും ഭജനയ്ക്ക് വലിയ സ്വീകാര്യത ലഭിക്കുന്നതിൽ അഭിമാനം
ഇ.ആർ.ഉണ്ണിക്കൃഷ്ണൻ
ടീം മാനേജർ
ഓഡിയൻസ് ആവശ്യപ്പെടുന്ന പാട്ടുകളും പാടും. സോഷ്യൽ മീഡിയ കമന്റ് കണ്ടും സെലക്ട് ചെയ്യാറുണ്ട്
നവീൻ മോഹൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |