മാന്നാർ: കാൽനൂറ്റാണ്ടിന്റെ മെയ് വഴക്കവുമായി വിജയദശമി നാളിൽ ആയോധന വിദ്യയുടെ ആദ്യചുവടുകൾ കുട്ടികൾക്ക് പകർന്ന് നൽകി രദീപ് ഗുരുക്കൾ. കളരിയിൽ ആരംഭം കുറിക്കാൻ 25ഓളം കുരുന്നുകളാണ് ഇന്നലെ രദീപ് ഗുരുക്കളുടെ മാന്നാർ ബ്രഹ്മോദയം കളരിയിൽ എത്തിയത്.
25 വർഷമായി കളരിപ്പയറ്റ് പഠിപ്പിക്കുകയും കേരളത്തിനകത്തും പുറത്തും നിരവധി വേദികളിൽ പ്രകടനം നടത്തുകയും ചെയ്യുന്ന മാന്നാർ കുട്ടംപേരൂർ മുട്ടേൽ കൊട്ടൂരത്തിൽ ക്യാപ്റ്റൻ കെ.സി.രാഘവന്റെയും തങ്കമണിയുടെയും മകൻ കെ.ആർ.രദീപിന്റെ (40) ശിക്ഷണത്തിൽ നൂറിലധികം വിദ്യാർത്ഥികളാണ് നിലവിൽ ബ്രഹ്മോദയം കളരിയിൽ പരിശീലനം നടത്തുന്നത്. 2017ൽ കേരള ഫോക്‌ലോർ അക്കാദമി യുവപ്രതിഭ പുരസ്കാരം (കളരിപ്പയറ്റ്), 2018ൽ കേരള സാംസ്കാരിക വകുപ്പ് വജ്രജൂബിലി ഫെല്ലോഷിപ്പ്, 2023ൽ പത്മശ്രീ പി.എം.ജോസഫ് സ്മാരക അവാർഡ് എന്നിവ നേടിയിട്ടുള്ള രദീപ് ഗുരുക്കൾ തമിഴ്നാട് കായിക സർവകലാശാലയിൽ നിന്നും കളരിപ്പയറ്റ് ഡിപ്ലോമ നേടിയിട്ടുണ്ട്. കേരളത്തിന്റെ വിവിധ സ്കൂളുകളിൽ ആയോധന അദ്ധ്യാപകനായും പ്രവർത്തിച്ചു വരുന്ന രദീപ് വള്ളംകുളം രാമൻകുട്ടി ആശാൻ, ചെറിയനാട് റ്റി.ആർ.പദ്മനാഭൻ ആശാൻ എന്നിവരുടെ കീഴിലാണ് പരിശീലനം നേടിയത്.
ദേശീയ തലത്തിൽ കേന്ദ്ര സാംസ്കാരിക വകുപ്പും ഇന്ത്യൻ ഡിഫെൻസും നടത്തിയ ആസാദി കാ അമൃതോത്സവം വന്ദേഭാരതം പരിപാടിയിൽ കളരിപ്പയറ്റ് അവതരിപ്പിച്ച് ദേശീയ ശ്രദ്ധ നേടിയിട്ടുള്ള ബ്രഹ്മോദയം കളരി ഇന്ത്യൻ ആർമിയുടെ രാജസ്ഥാനിലെ ഒൻപതാം മദ്രാസ് മെക്കാനിക് റജിമെന്റിനും ഗുജറാത്തിലെ ജാംനഗർ ട്രാവൻകൂർ ഇൻഫെന്ററിക്കും കളരിപ്പയറ്റ് പരിശീലനം നൽകിയിട്ടുണ്ട്. 2023ൽ കർണാടകയിലും 2024ൽ മഹാരാഷ്ട്രയിലും നടന്ന നാഷണൽ യൂത്ത് ഫെസ്റ്റിവലിൽ കേരളത്തെ പ്രതിനിധീകരിച്ച് ആലപ്പുഴ എൻ.വൈ.കെ.എസിന്റെ ഭാഗമായി കളരിപ്പയറ്റ് അവതരിപ്പിച്ചു. ആലപ്പുഴ കളരിപ്പയറ്റ് അസോസിയേഷനും ഡിസ്ട്രിക് സ്പോർട് കൗൺസിലും ഈ വർഷം നടത്തിയ ചാമ്പ്യൻഷിപ്പിൽ 50ഓളം വിദ്യാർത്ഥികളെ മത്സരാർത്ഥികളായി പങ്കെടുപ്പിച്ച് വിവിധ മത്സരങ്ങളിൽ ജൂനിയർ,സീനിയർ വിഭാഗത്തിൽ ഏറ്റവുമധികം മെഡലുകൾ കരസ്ഥമാക്കുകയും ചെയ്തു. ഈ വർഷം മാന്നാറിൽ നടന്ന 'ചെങ്ങന്നൂരാദി അങ്കം' കളരിപ്പയറ്റ് ആയോധന കലാ മാമാങ്കം സംഘടിപ്പിച്ചതും ബ്രഹ്മോദയം കളരിയുടെ നേതൃത്വത്തിലായിരുന്നു. വിവിധ ചലച്ചിത്രങ്ങളിൽ അയോധന കലാ രംഗങ്ങളുടെ ഭാഗമയിട്ടുള്ള ബ്രഹ്മോദയം കളരിക്ക് പ്രവർത്തനമികവിന് ജില്ലാ കളക്ടറിൽ നിന്നും അനുമോദനം ലഭിച്ചിട്ടുണ്ട്.
സ്വയം പ്രതിരോധ വിദ്യകൾ സ്വായത്തമാക്കുന്നതോടൊപ്പം മാനസിക പരിവർത്തനവും ഉൻമേഷവും കളരിയിലൂടെ സിദ്ധിക്കുമെന്നതിനാൽ പുതുതലമുറ ഇതിലേക്ക് ആകർഷിക്കപ്പെടുന്നതായി രദീപ് ഗുരുക്കൾ പറഞ്ഞു. ഭാര്യ: ബിന്ധ്യ . മകൻ : ആദിദേവ് കൃഷ്ണ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |