തിരുവല്ല : നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി വിജയദശമി നാളിൽ സരസ്വതീ മണ്ഡപങ്ങളിലും ആരാധനാലയങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും നൂറുകണക്കിന് കുരുന്നുകൾ ആദ്യക്ഷരം കുറിച്ചു. എസ്.എൻ.ഡി.പി യോഗം പെരിങ്ങര ശാഖയുടെ ഗുരുവാണീശ്വരം സരസ്വതീ ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന്റെ സമാപനം കുറിച്ച് പൂജയെടുപ്പും വിദ്യാരംഭവും വിശേഷാൽ പൂജകളും മേൽശാന്തി ശ്യാം ശാന്തിയുടെ മുഖ്യകാർമ്മികത്വത്തിൽ നടന്നു. തിരുവല്ല ശ്രീരാമകൃഷ്ണ ആശ്രമത്തിൽ വിജയദശമി സമ്മേളനം സ്വാമി നിർവിണ്ണാനന്ദജി മഹാരാജ് ഉദ്ഘാടനം ചെയ്തു. ആഞ്ഞിലിത്താനം ശ്രീനാരായണ ഗുരുദേവ പാദുക പ്രതിഷ്ഠാ ക്ഷേത്രത്തിൽ പെരുന്ന സന്തോഷ് ശാന്തിയുടെ കാർമ്മികത്വത്തിൽ വിദ്യാരംഭം കുറിക്കൽ നടന്നു. നിരണം തൃക്കപാലീശ്വരം ക്ഷേത്രത്തിന്റെ തിരുമുറ്റത്ത്, കണ്ണശ്ശ കവികൾക്ക് ആത്മജ്ഞാനം ലഭിച്ച പവിത്രമായ മണ്ണിൽ ക്ഷേത്രസംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ ജാതിമത ഭേദമെന്യേ നടത്തിയ വിദ്യാരംഭത്തിൽ ഒട്ടേറെ കുരുന്നുകൾ അക്ഷരമധുരം നുകർന്നു. ക്ഷേത്ര പുനരുദ്ധാരണ കമ്മിറ്റി ചെയർമാൻ പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ വിദ്യാരംഭം ഉദ്ഘാടനം ചെയ്തു. കണ്ണശ പറമ്പിലും ക്ഷേത്രത്തിലെ കാളയറയത്തും കുട്ടികൾ അറിവിന്റെ ആദ്യാക്ഷരം കുറിച്ചു. പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ, മുൻലേബർ കമ്മീഷണർ എ.ജെ.രാജൻ,ചെറിയനാട് ദേവസ്വംബോർഡ് സ്കൂൾ മുൻ പ്രിൻസിപ്പൽ ലതാ രാമൻനായർ എന്നിവർ ഗുരുക്കന്മാരായി. നിരണം കണ്ണശസ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ കുട്ടികളെ ആദ്യക്ഷരം കുറിപ്പിച്ചു. തിരുവിതാകൂർ ദേവസ്വംബോർഡ് മുൻപ്രസിഡന്റ് അഡ്വ.കെ.അനന്തഗോപൻ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് പ്രസിഡന്റ് ഡോ.വർഗീസ് മാത്യു അദ്ധ്യക്ഷത വഹിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ വി.കെ.മിനികുമാരി, പ്രൊഫ.കെ.വി.സുരേന്ദ്രനാഥ്, അഡ്വ.ഫ്രാൻസിസ് വി.ആന്റണി, ഡോ.റാണി ആർ.നായർ, ഹെഡ്മിസ്ട്രസ് ജ്യോതിലക്ഷ്മി, പ്രൊഫ.എ.ടി. ളാത്ര,ഹരികൃഷ്ണൻ എസ്.പിള്ള, മഹേഷ്‌കുമാർ, പി.ആർ.രാജേശ്വരി, ജോർജ് തോമസ്, വി.ബാലചന്ദ്രൻ, ആർ,സുജയ എന്നിവർ ഗുരുക്കന്മാരായി. പെരിങ്ങര ലക്ഷ്മീനാരായണ ക്ഷേത്രത്തിൽ തന്ത്രി ത്രിവിക്രമൻ വാസുദേവൻ ഭട്ടതിരിപ്പാടിന്റെ കാർമികത്വത്തിൽ വിദ്യാരംഭം നടത്തി.ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിൽ നവരാത്രിയോടനുബന്ധിച്ച് നടത്തിവരാറുള്ള ചക്കുളത്തമ്മ നൃത്ത സംഗീതോത്സവ സമാപന ദിവസമായ വിജയദശമി ദിനത്തിൽ നൂറുകണക്കിന് കുരുന്നുകൾ ആദ്യാക്ഷരം കുറിച്ചു. ക്ഷേത്ര മുഖ്യകാര്യദർശിമാരായ രാധക്യഷ്ണൻ നമ്പൂതിരിയും മാനേജിംഗ് ട്രസ്റ്റി മണിക്കുട്ടൻ നമ്പൂതിരിയും ചേർന്നാണ് കുരുന്നുകളുടെ നാവിൽ ആദ്യക്ഷരം കുറിച്ചത്. മുതിർന്നവരും എഴുത്തിൽ പങ്കെടുത്തു. ക്ഷേത്രത്തിൽ സംഗീതാർത്ഥന,നാടോടിനൃത്തം, കൈകൊട്ടിക്കളി,തിരുവാതിര,നാട്യാർച്ചന,കഥകളി പദങ്ങൾ തുടങ്ങിയ വിവിധ കലാപരിപാടികളും നടന്നു.ചടങ്ങുകൾക്ക് ട്രസ്റ്റിമാരായ അശോകൻ നമ്പൂതിരി, രഞ്ചിത്ത് ബി.നമ്പൂതിരി, ദുർഗ്ഗാദത്തൻ നമ്പൂതിരി എന്നിവർ കാർമ്മികത്വം വഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |