പത്തനംതിട്ട : അഞ്ച് മാസത്തിനിടെ 250 ടൺ മാലിന്യം സംസ്കരിച്ച് കിൻഫ്ര ഗ്രീൻപാർക്ക്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഹരിത കർമ്മസേന മുഖാന്തിരം വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ശേഖരിക്കുന്ന പ്ലാസ്റ്റിക്ക് തരം തിരിച്ച് പുനഃചംക്രമണ യോഗ്യമായവയാണ് ഗ്രീൻ പാർക്കിൽ സംസ്‌കരിക്കുന്നത്. ഗ്രാന്യൂൾസ് നിർമ്മാണം, ബെയിലിംഗ് എന്നീ മാർഗങ്ങളിൽ കൂടിയാണ് പ്ലാസ്റ്റിക്കിനെ സംസ്കരിക്കുന്നത്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സഹകരണത്തിൽ ക്ലീൻ കേരള കമ്പനി സ്ഥാപിച്ച കേരളത്തിലെ ആദ്യ ഫാക്ടറിയാണ് കുന്നന്താനം കിൻഫ്രായിലെ ഗ്രീൻ പാർക്ക് . ഫാക്ടറി കൂടുതൽ കാര്യക്ഷമമായി പ്രവർത്തിപ്പിക്കുന്നതിന് രണ്ടാം ഘട്ട വികസനത്തിന് രണ്ട് കോടി രൂപയുടെ പദ്ധതി സർക്കാർ അംഗീകാരത്തിന് സമർപ്പിച്ചിരിക്കുകയാണ്. തദ്ദേശസ്ഥാപനത്തിൽ നിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക്ക് സംഭരിക്കാനുള്ള ഗോഡൗൺ നിർമ്മാണം, ഗ്രാന്യൂൾസിൽ നിന്ന് ചെടിച്ചട്ടികൾ, ബക്കറ്റ്, കപ്പ് , തുടങ്ങിയവ നിർമ്മിക്കുന്ന യന്ത്രങ്ങൾ, വാഹനങ്ങൾ, തുടങ്ങിയവയാണ് രണ്ടാം ഘട്ട വികസനം. ജില്ലാ പഞ്ചായത്ത് അമ്പത് ലക്ഷം രൂപയും ശുചിത്വ മിഷൻ ഒന്നേകാൽ കോടി രൂപയും ക്ലീൻ കേരളാ കമ്പനി 25 ലക്ഷം രൂപയുമാണ് ഇതിനായി നീക്കിവച്ചിരിക്കുന്നത്. സംസ്ഥാന കോർഡിനേഷൻ കമ്മിറ്റിയുടെ അംഗീകാരം ലഭിച്ചാലുടൻ പ്രവർത്തനം ആരംഭിക്കും.
സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഇത്തവണത്തെ അവാർഡ് ലഭിച്ചത് കുന്നന്താനം കിൻഫ്ര പാർക്കിനായിരുന്നു.
---------------
ലഭിക്കുന്ന മാലിന്യത്തിൽ നിന്ന് പുനരുപയോഗിക്കാൻ കഴിയുന്നത് മാത്രമാണ് 250 ടൺ. ബാക്കി വരുന്നവ സിമന്റ് ഫാക്ടറിയിലേക്കും മറ്റും പോകും.
എം.ബി ദിലീപ്
മാനേജർ,
ക്ലീൻ കേരള പത്തനംതിട്ട
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |