വർക്കല: വർക്കലയുടെ ഹൃദയഭാഗമായ മൈതാനം ടൗൺ പ്രദേശവും പാപനാശം വിനോദസഞ്ചാര മേഖലയും നേരിടുന്ന വലിയ പ്രതിസന്ധിയാണ് പരിമിതമായ പാർക്കിംഗ് സൗകര്യം. ആയിരക്കണക്കിന് നാട്ടുകാരും വിനോദസഞ്ചാരികളും വാഹന പാർക്കിംഗിന് ഇടംതേടി നിത്യേന ബുദ്ധിമുട്ടനുഭവിക്കുന്നുണ്ട്. ഹോട്ടലുകളിലേക്കോ ഷോപ്പുകളിലേക്കോ എത്തുന്നവർ വാഹനം പാർക്ക് ചെയ്യാൻ സ്ഥലം അന്വേഷിച്ച് നടക്കേണ്ട ഗതികേടിലാണ്. പാർക്കിംഗ് സൗകര്യക്കുറവിനെ തുടർന്ന് പലരും വാഹനങ്ങൾ റോഡരികിൽ പാർക്ക് ചെയ്യുന്നു. ഇതുമൂലം പ്രധാന റോഡുകളിൽ ഗതാഗത തടസവും രൂക്ഷമാകുന്നു.
വിനോദസഞ്ചാര മേഖലയിൽ ചെറുവാഹനങ്ങൾ കൂടാതെ വലിയ ടൂറിസ്റ്റ് ബസുകൾ വരെയുള്ള വാഹനങ്ങൾ അനിയന്ത്രിതമായി പാർക്ക് ചെയ്യപ്പെടുന്നത് റോഡ് സുരക്ഷയ്ക്കും ഭീഷണിയാണ്. ജനാർദ്ദനസ്വാമി ക്ഷേത്രം, പാപനാശം, ബ്ലാക്ക് ബീച്ച് എന്നിവിടങ്ങളിൽ എത്തുന്നവർക്ക് വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യമില്ലാത്തത് ടൂറിസം വികസനത്തെയും ബാധിക്കുന്നു.
എങ്ങുമെത്താതെ
പാപനാശം പാർക്കിംഗ് പദ്ധതി
വാഹന പാർക്കിംഗിനും ചിൽഡ്രൻസ് പാർക്കിനും പദ്ധതി ആവിഷ്കരിച്ചാണ് 2007ൽ പാപനാശം പ്രധാന ബീച്ചിന് സമീപത്തായി 1.34 ഏക്കർ പുരയിടം നഗരസഭ വാങ്ങിയത്. ഇതിനായി ടൂറിസം വകുപ്പ് നൽകിയ 50ലക്ഷം രൂപയിൽ 20 ലക്ഷം രൂപയ്ക്കാണ് വസ്തു വാങ്ങിയത്. എന്നാൽ നഗരസഭയുടെ പേരിൽ വസ്തു പോക്കുവരവ് ചെയ്ത് കിട്ടിയത് മാസങ്ങൾക്ക് മുൻപാണ്. നടപടിക്രമങ്ങൾ വൈകിയതും പദ്ധതിക്കായി അനുവദിച്ച തുക വകമാറ്റി ചെലവഴിച്ചതും പാപനാശം പാർക്കിംഗ് പദ്ധതി നടപ്പാക്കാൻ കഴിയാത്ത സാഹചര്യത്തിനിടയാക്കി. 14 ലക്ഷം രൂപ ചെലവിൽ റാംപ് കെട്ടി മണ്ണിട്ട് ഫിൽ ചെയ്യുന്നതിനുള്ള പ്രവൃത്തികൾ ഇടക്കാലത്ത് ആരംഭിച്ചെങ്കിലും തുടർപ്രവൃത്തികൾ പാതിവഴിയിൽ ഉപേക്ഷിച്ച നിലയിലാണ്. പദ്ധതി മുടങ്ങിയതോടെ ടൂറിസം വകുപ്പ് ഫണ്ട് തിരികെ ആവശ്യപ്പെട്ടിട്ടുണ്ട്.
നോ പാർക്കിംഗ് ബോർഡുകൾ
അനധികൃത പാർക്കിംഗ് മൂലമുണ്ടാകുന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി വർക്കല ടൗണിന്റെ വിവിധ സ്ഥലങ്ങളിൽ റോഡിന് ഇരുവശങ്ങളിലും നഗരസഭയുടെ അനുമതിയോടെ നോപാർക്കിംഗ് ബോർഡുകൾ പൊലീസ് സ്ഥാപിച്ചിരുന്നു. എന്നാലിന്ന് പ്രധാന റോഡുകളിൽ പലയിടങ്ങളിലും ചില ഷോപ്പ് ഉടമകൾതന്നെ നോ പാർക്കിംഗ് അവരുടെ താല്പര്യാർത്ഥം സ്ഥാപിക്കുന്ന അവസ്ഥയുണ്ട്. ഇത് പലപ്പോഴും വാഹന ഉടമകളും സ്ഥാപന ജീവനക്കാരും തമ്മിൽ വാക്കുതർക്കത്തിനിടയാക്കുന്നു. റോഡിന്റെ വീതി കൂടിയ ഇടങ്ങളിൽ നടപ്പാതയോടുചേർന്ന് വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് നഗരസഭ അധികൃതർ വേണ്ട നടപടികൾ കൈക്കൊള്ളണമെന്ന അഭിപ്രായവുമുണ്ട്. കടകളിലെത്തുന്ന ഉപഭോക്താക്കൾക്ക് വാഹനങ്ങൾ പാർക്ക് ചെയ്യാൻ കഴിയാത്തത് വ്യാപാര മേഖലയെയും ബാധിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |