പട്ടാമ്പി: നിലമ്പൂർ പെരുമ്പിലാവ് സംസ്ഥാനപാതയിലൂടെ വാഹനങ്ങളിൽ സഞ്ചരിക്കുന്നവർക്കും മറ്റു യാത്രക്കാർക്കും പ്രദേശവാസികൾക്കുമെല്ലാം പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാനും, വിശ്രമിക്കാനും മറ്റുമായാണ് കൂറ്റനാട് ടേക് എ ബ്രേക്ക് വഴിയോര വിശ്രമകേന്ദ്രം നിർമിച്ചത്. തൃത്താല മുൻ എം.എൽ.എ വി.ടി.ബൽറാമിന്റെ സ്വപ്ന പദ്ധതികളിൽ ഒന്നായിരുന്നു ഇത്. എന്നാൽ നിർമ്മാണം പൂർത്തിയായി വർഷങ്ങളായിട്ടും വിശ്രമ കേന്ദ്രം അനിശ്ചിതകാല വിശ്രമത്തിലാണ്. യു.ഡി.എഫ് സർക്കാരിന്റെ ഭരണ കാലത്താണ് ടേക് എ ബ്രേക്ക് പദ്ധതി സംസ്ഥാനത്തെ മറ്റു പ്രദേശങ്ങളോടൊപ്പം കൂറ്റനാടും വന്നത്. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ മേൽനോട്ടത്തിൽ കൂറ്റനാട് സെന്ററിന് സമീപം നിർമിച്ച കേന്ദ്രം ഇന്ന് സംരക്ഷിക്കാൻ ആരുമില്ലാതെ കാടുകയറി നശിക്കുകയാണ്.
ഉദ്ഘാടനം നടത്തിയിരുന്നെങ്കിലും പൊതു ജനങ്ങൾക്ക് ഉപകരിക്കും വിധം കേന്ദ്രം തുറക്കാനായില്ല. നാഗലശ്ശേരി പഞ്ചായത്തിന് കീഴിലാണ് ടേക് എ ബ്രേക്ക് കെട്ടിടമുള്ളത്. കേന്ദ്രം തുറന്നു പ്രവർത്തിക്കുന്നതിനുള്ള നടപടികൾ മന്ദഗതിയിലായതോടെ വിശ്രമകേന്ദ്രം ഇപ്പോൾ സമീപ വാസികൾക്ക് ശല്യമായി മാറിയ സ്ഥിതിയാണ്. കാടുപിടിച്ചു കിടക്കുന്ന വിശ്രമകേന്ദ്രം ഇഴജന്തുക്കളുടെ ആവാസ കേന്ദ്രമാണിപ്പോൾ. നാഗലശ്ശേരി പഞ്ചായത്തിന്റെ കെട്ടിട നമ്പർ ലഭ്യമാക്കി പദ്ധതിക്ക് പ്രവർത്തനാനുമതി നൽകുന്നതിലുള്ള തർക്കമാണ് കേന്ദ്രം തുറക്കുന്നതിന് അനിശ്ചിതകാല തടസമായത്. ഇതോടനുബന്ധിച്ച് ഒരു ഓപ്പൺ ഓഡിറ്റോറിയവും നിർമിച്ചിരുന്നു. നിലവിൽ കേന്ദ്രം കാടുപിടിച്ചാണ് കിടക്കുന്നത്. കെട്ടിടം സംരക്ഷിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നാഗലശ്ശേരി പഞ്ചായത്തിലെ നിരവധി സാമൂഹിക സാംസ്‌ക്കാരിക സന്നദ്ധ സംഘടനകൾ രംഗത്തു വന്നെങ്കിലും ബന്ധപ്പെട്ട അധികൃതരിൽ നിന്നും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് സാമൂഹിക പ്രവർത്തകനായ ബാല സുബ്രഹ്മണ്യൻ പറഞ്ഞു. ത്രിതല പഞ്ചായത്തുകൾക്ക് പരിഹാര നടപടികൾ സ്വീകരിക്കാൻ ഫണ്ടിന്റെ അഭാവം തടസമാകുന്നുവെങ്കിൽ സന്നദ്ധ സംഘടനകൾക്ക് അനുമതി നൽകാൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |