ചിറ്റൂർ: നല്ലേപ്പിള്ളി മേഖലയിൽ ഒന്നാം വിള നെൽകൃഷിയുടെ വിളവെടുപ്പ് തുടങ്ങി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി മേഖലയിൽ മഴ മാറി നിന്നത് കർഷകർക്ക് ആശ്വാസമായി. വിളഞ്ഞത് കൊയ്‌തെടുക്കാനും നെല്ലുണക്കാനും നല്ല കാലാവസ്ഥ അനുഗ്രഹമായി. മൂപ്പ് കുറഞ്ഞ ടി.പി.എസ് 5 വിത്ത് ഇനമാണ് വിളവെടുപ്പിന് പാകമായത്. 120 ദിവസം മൂപ്പുള്ള വിത്തിനം ഞാറു പാകി 25 ദിവസത്തിനുള്ളിൽ പറിച്ച് നടീൽ നടത്താൻ കഴിഞ്ഞതിനാലാണ് ഇപ്പോൾ കൃത്യ സമയത്ത് കൊയ്ത്തിന് പാകമായത്. മൂപ്പ് കൂടിയ ഉമ, ഭദ്ര തുടങ്ങിയ വിത്തിനങ്ങളേക്കാൾ ഒരു മാസം മൂപ്പ് കുറവാണ് ടി.പി.എസ് 5ന്. മറ്റ് വിത്തിനേക്കാൾ കൃഷി ചിലവു കുറവുമാണ്. കൊയ്ത്ത് കഴിഞ്ഞ പാടങ്ങളിൽ വെള്ളം ഇറക്കി ഉഴുത് മറിച്ച് കൊഴിഞ്ഞ് വീണ നെല്ല് മുളച്ചതിന് ശേഷം ഓക്ടോബർ 10, 12 നുള്ളിൽ 2ാം വിളക്ക് ഞാറ്റടി തയ്യാറാക്കേണ്ടതായിട്ടുണ്ട്. കഴിഞ്ഞ വിള വിത്തിറക്കൽ മുതൽ വലിയ പ്രതിസന്ധിയിലായിരുന്നു കർഷകർ. കനത്ത മഴ മൂലം ഞാറ്റടി നശിച്ചുപോകുകയും വീണ്ടും ഞാറ്റടി തയ്യറാക്കി നടീൽ ജോലികൾ നടത്തുന്ന സ്ഥിതിയുമുണ്ടായി. ഇതിനു പിന്നാലെയുണ്ടായ പന്നി ശല്യം, കള, ചാഴി ശല്യം എന്നിവയും കതിരായ ശേഷവും പന്നി ശല്യവും കീട രോഗബാധയുമെല്ലാം കർഷകരെ ഏറെ പ്രതിസന്ധിയിലാക്കിയിരുന്നു. ഇത്തരം പ്രതികൂല സാഹചര്യങ്ങളെയെല്ലാം അതിജീവിച്ച് ഇറക്കിയ ഒന്നാം വിള സമയത്തിനു എടുക്കാൻ കഴിഞ്ഞതിലുള്ള ആശ്വാസത്തിലാണ് കർഷകർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |