തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ഘട്ടങ്ങളിൽ ഈഴവ സമുദായത്തെ പൂർണ്ണമായി ഒഴിവാക്കി നിറുത്തുന്നത് കോൺഗ്രസിന് ഗുണകരമല്ലെന്ന് യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ്. സ്ഥാനാർത്ഥി നിർണയം വരുമ്പോൾ ഈഴവ സമുദായത്തിന് പ്രാതിനിധ്യം കൊടുക്കണമെന്നും അദ്ദേഹം കൗമുദി ടി.വിയുടെ ടോക്കിംഗ് പോയിന്റിൽ പറഞ്ഞു..
ഇക്കാര്യം എ.ഐ.സി.സി ഉൾപ്പെടെ നേതൃതലത്തിൽ പലയിടങ്ങളിലും പറഞ്ഞിട്ടുള്ളതാണ്. . കുറച്ചു സീറ്റുകളിൽ മത്സരിപ്പിക്കുന്നു എന്നുള്ളതല്ല. മത്സര രംഗത്ത് അവർക്ക് വിജയിക്കാൻ കഴിയണം. ഇപ്പോൾ ഒറ്റ എം.എൽ.എ മാത്രമേ ഉള്ളു. 2016 ലും ഞാൻ മാത്രമാണ് ഉണ്ടായിരുന്നത്. ആ ഒരു ഗ്യാപ്പ് വരുന്നത് ചെറിയ കാര്യമായി പറഞ്ഞിട്ട് കാര്യമില്ല.
മഹാനായ ആർ.ശങ്കറിന്റെ കാലഘട്ടത്തിൽ, മന്നത്ത് പത്മനാഭനും അദ്ദേഹവുമായി വലിയ ബന്ധമുണ്ടായിരുന്നു. യഥാർത്ഥത്തിൽ കോൺഗ്രസിന് ഒറ്റയ്ക്ക് മത്സരിക്കാവുന്ന അവസ്ഥയിലേക്ക് ആർ.ശങ്കർ നേതൃത്വം കൊടുക്കുന്ന കാലഘട്ടത്തിൽ അവസരമുണ്ടാക്കിയതാണ്. അത് എങ്ങനെയുണ്ടാക്കിയെന്നു ചോദിച്ചാൽ, ഈഴവ സമുദായവും നായർ സമുദായവും മറ്റും ഒന്നിച്ചു നിന്നുകൊണ്ടുള്ള പോരാട്ടത്തിന് നേതൃത്വം കൊടുത്തു. അത്തരത്തിലുള്ള ചരിത്രം നമ്മുടെ മുന്നിലുണ്ട്. അദ്ദേഹത്തെ പിന്നൽ നിന്ന് കുത്തിയെന്നത് സത്യമാണ്.വിജയിക്കാൻ കഴിയുന്ന മണ്ഡലങ്ങളിൽ അത്തരത്തിലുള്ള സ്ഥാനാർത്ഥികളെ നിശ്ചയിച്ച് തീരുമാനങ്ങൾ കൈക്കൊള്ളണം. ഈഴവ സമുദായത്തെ പൂർണ്ണമായി മാറ്റി നിർത്തുന്നുവെന്ന പ്രതീതി ഉണ്ടാവാൻ പാടില്ല.എല്ലാവരുമായും സൗഹൃദത്തോടെ മുന്നോട്ടു പോവുകയെന്ന തീരുമാനമാണ് കൈക്കൊണ്ടിട്ടുള്ളത്.
കോൺഗ്രസിൽ മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള അഭിപ്രായ പ്രകടനങ്ങൾ ഇപ്പോഴേ ഉണ്ടല്ലോ എന്ന ചോദ്യത്തിന് , ഭൂരിപക്ഷമുണ്ടെങ്കിലേ ആർക്കും മുഖ്യമന്ത്രിയാവാനോ മന്ത്രിസഭയുണ്ടാക്കാനോ കഴിയൂ എന്നായിരുന്നു അടൂർ പ്രകാശിന്റെ മറുപടി. ഭൂരിപക്ഷം ആദ്യം ഉണ്ടാക്കിയെടുക്കാനുള്ള തന്ത്രപരമായ നിലപാടുകൾ സ്വീകരിക്കണം. എന്നിട്ട് തീരുമാനിക്കാം ആരാവണം മുഖ്യമന്ത്രിയാവേണ്ടതെന്ന്. അല്ലാതെ വെറുതെ ചർച്ചകൾ നടത്തിയിട്ട് കാര്യമില്ല.അക്കാര്യത്തിൽ അവധാനതയോടെ മുന്നോട്ടു പോകണമെന്നും
അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |