കോട്ടയം: ശബരിമലയിലെ സ്വർണ വാതിൽപ്പാളി ഘോഷയാത്ര 2019ൽ പുറപ്പെട്ടത് പള്ളിക്കത്തോട് ഇളമ്പള്ളി ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിൽ നിന്ന് വൻ ആഘോഷമായി. സ്ഥലം എം.എൽ.എകൂടിയായ ഗവ. ചീഫ് വിപ്പ് ഡോ.എൻ.ജയരാജും നടൻ ജയറാമും അന്നത്തെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാറും ഉൾപ്പെടെ ചടങ്ങിൽ പങ്കെടുത്തിരുന്നു. വാതിലിനു വേണ്ടിയുള്ള തേക്ക് തടിയും ഇളമ്പള്ളിയിൽ നിന്നാണ് കൊണ്ടുപോയത്. ചടങ്ങുകൾ നടത്തിയത് ദേവസ്വം ബോർഡിന്റെ അനുമതിയോടെയാണെന്ന് ഇളമ്പള്ളി ശ്രീധർമ്മ ശാസ്താ ക്ഷേത്രം ഉപദേശക സമിതി പ്രസിഡന്റ് ഉണ്ണികൃഷ്ണൻ നായർ പറഞ്ഞു.
പതിനെട്ടാം പടിക്ക് ഇരുവശങ്ങളിലുമുള്ള 120 കിലോ വരുന്ന രണ്ട് മണികൾ പള്ളിക്കത്തോട് സ്വദേശികളായ രണ്ട് പേരാണ് 2017ൽ സ്പോൺസർ ചെയ്തത്. അന്നും ക്ഷേത്രത്തിൽ നിന്നായിരുന്നു ഘോഷയാത്ര. ഈ ബന്ധമാണ് ഉണ്ണികൃഷ്ണൻ പോറ്റിയുമായി ക്ഷേത്രോപദേശക സമിതിയെ കൂടുതൽ അടുപ്പിച്ചത്. പള്ളിക്കത്തോട് സ്വദേശികളായ അജികുമാർ, സി.കെ. വാസുദേവൻ എന്നിരുടെ ഇടപെടലിൽ വാതിലിനുള്ള തടിയും ക്ഷേത്ര പരിസരത്ത് നിന്നാണ് കൊണ്ടുപോയത്. തടി ഗുരുവായൂരിൽ എത്തിച്ച് നന്ദനാചാരി എന്ന തച്ചൻ വാതിൽ പണിതു. 2019 മാർച്ച് 11നായിരുന്നു ഘോഷയാത്രാ ചടങ്ങുകൾ. രാവിലെ ആറോടെയാണ് ഇളമ്പള്ളി ക്ഷേത്രത്തിൽ എത്തിച്ചത്. അമ്പലപ്പുഴ പേട്ടതുള്ളൽ സംഘത്തിന്റെ രഥമാണ് ഘോഷയാത്രയ്ക്ക് ഒരുക്കിയത്.
ഏത് അന്വേഷണത്തോടും സഹകരിക്കും
ക്ഷേത്രത്തിന് പ്രശസ്തിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ചടങ്ങുകൾ സംഘടിപ്പിച്ചത്. ദേവസ്വം ബോർഡിന്റെ അനുമതി രേഖാമൂലം വാങ്ങിയിരുന്നു. ഇതിന്റെ പേരിൽ ഉണ്ണികൃഷ്ണൻ പോറ്റിയോ മറ്റോ നാട്ടിൽ പണപ്പിരിവ് നടത്തിയതായി അറിയില്ല. പൂജയ്ക്കും നോട്ടീസിനും ചടങ്ങിനും ഉൾപ്പെടെയുള്ള ചെലവ് നടത്തിയത് ഉപദേശക സമിതിയാണ്. നാട്ടിലെ ആരിൽ നിന്നും പണം വാങ്ങിയിട്ടില്ല. ശബരിമലയുമായി ഏറെ അടുപ്പമുള്ള ക്ഷേത്രമാണ് ഇളമ്പള്ളിയിലേത്. വിവാദത്തിൽ സങ്കടമുണ്ട്. സത്യം അയ്യപ്പൻ വെളിച്ചത്തുകൊണ്ടുവരും. അന്വേഷണത്തോട് പൂർണമായും സഹകരിക്കും.
ഉണ്ണികൃഷ്ണൻ നായർ,
ഉപദേശക സമിതി പ്രസിഡന്റ്,
ഇളമ്പള്ളി ശ്രീധർമ്മ ശാസ്താ ക്ഷേത്രം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |