കൊടുങ്ങല്ലൂർ: യുവാവിനെ കൊലപ്പെടുത്തി മൃതദേഹം പുതപ്പിൽ പൊതിഞ്ഞ് ആളൊഴിഞ്ഞ പറമ്പിൽ തള്ളിയ നിലയിൽ കണ്ടെത്തി. മേത്തലപ്പാടം അയ്യപ്പക്ഷേത്രത്തിന് പടിഞ്ഞാറ് മനയത്ത് ബൈജുവിന്റെ മകൻ അപ്പു എന്ന് വിളിക്കുന്ന വിജിത്താണ് (27) കൊല്ലപ്പെട്ടത്. പി. വെമ്പല്ലൂർ ചന്ദനയ്ക്ക് സമീപത്താണ് ബൈജുവും കുടുംബവും താമസിക്കുന്നത്. ഇതിന് അൽപ്പമകലെ കട്ടൻബസാർ വാട്ടർ ടാങ്ക് പരിസരത്ത് കാട് പിടിച്ചു കിടക്കുന്ന പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്.
കൈകാലുകൾ കയറുപയോഗിച്ച് കെട്ടി, കാലുകൾ കഴുത്തിനോട് ചേർത്ത് ബന്ധിച്ച നിലയിലായിരുന്നു. തലയ്ക്കടിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക നിഗമനം. മൂന്ന് ദിവസത്തോളം പഴക്കമുള്ള മൃതദേഹം ബിജിത്തിനെ തേടിയിറങ്ങിയ ബന്ധുവാണ് കണ്ടത്. വ്യാഴാഴ്ച്ച മുതൽ ഇയാളെ കാണാനില്ലെന്ന് കാട്ടി മതിലകം പൊലീസിൽ പരാതി നൽകിയിരുന്നു. ബന്ധുക്കൾ തങ്ങളുടേതായ രീതിയിലും അന്വേഷിക്കുന്നുണ്ടായിരുന്നു. ഈ അന്വേഷണത്തിലാണ് മൃതദേഹം കണ്ടത്. തുടർന്ന് മതിലകം പൊലീസിൽ വിവരമറിയിച്ചു.
മൃതദേഹം കണ്ടെത്തിയ സ്ഥലത്തിനടുത്തെ വാടക കെട്ടിടത്തിൽ താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളുമായി ഇയാൾക്ക് സുഹൃദ് ബന്ധമുണ്ടായിരുന്നു. വിജിത്തിന് ഹിന്ദി അറിയാമായിരുന്നതിനാൽ ഇവരുമായി നല്ല ചങ്ങാത്തത്തിലായിരുന്നു. പതിവായി ഈ വീട്ടിൽ ബിജിത്ത് എത്താറുണ്ടായിരുന്നു. ജില്ലാ പൊലീസ് സൂപ്രണ്ട് കെ.ടി വിജയകുമാരൻ, ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ഫേമസ് വർഗ്ഗീസ് തുടങ്ങിയവർ സ്ഥലത്തെത്തി. മദ്യപാനവും അതുവഴിയുള്ള കുത്തഴിഞ്ഞ ജീവിത വഴിയിലുമായിരുന്നു ബിജിത്തെന്നാണ് പൊലീസിന് ലഭിച്ച വിവരം. മൃതദേഹം തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടം നടത്തി, രാത്രിയോടെ സംസ്‌കാരം നടത്തി.
സംശയം ഇതരസംസ്ഥാനക്കാരെ
സമീപത്ത് വാടകയ്ക്ക് താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളെ രണ്ട് ദിവസമായി കാണാനില്ല. ഈ വീട്ടിലെ പതിവ് സന്ദർശകനാണ് വിജിത്ത്. തൃശൂരിൽ നിന്നുമെത്തിയ ഡോഗ് സ്‌ക്വാഡിലെ പൊലീസ് നായ ഹണി മണം പിടിച്ച് ഇതര സംസ്ഥാന തൊഴിലാളികളുടെ വീട്ടിലെ കുളിമുറി വരെയെത്തി. വീട്ടുമുറ്റത്തെ കുളത്തിൽ നിന്നും മരം കൊണ്ടുണ്ടാക്കിയ ചിരവയും, പുൽപ്പായയും കണ്ടെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |