ചേർത്തല : ശ്രീനാരായണ ഗുരുദേവൻ രചിച്ച ഹോമമന്ത്രത്തിന്റെ ശതാബ്ദിയോടനുബന്ധിച്ച് എസ്.എൻ.ഡി.പി യോഗം കേന്ദ്ര വനിതാസംഘത്തിന്റെ നേതൃത്വത്തിൽ 18ന് വൈകിട്ട് 5ന് കണിച്ചുകുളങ്ങര ദേവി ക്ഷേത്ര മൈതാനിയിൽ ഹോമമന്ത്ര മഹായജ്ഞം സംഘടിപ്പിക്കും. രാജ്യത്തിനകത്തും പുറത്തും നിന്നുള്ള 5000ത്തിലധികം വനിതകൾ പങ്കെടുക്കും. 1925 വൃശ്ചികം 7-ാം തീയതിയാണ് ഹോമമന്ത്രം രചിച്ചത്.
ജീവിതത്തിൽ ശ്രേയസും പ്രേയസും പ്രദാനം ചെയ്യാൻ കഴിയുന്ന മന്ത്രം ഓരോ ഹൃദയത്തിലും എത്തിക്കുകയെന്ന ലക്ഷ്യത്തിലാണ് മഹായജ്ഞം നടത്തുന്നതെന്ന് കേന്ദ്ര വനിതാസംഘം സെക്രട്ടറി സംഗീത വിശ്വനാഥൻ,വൈസ് പ്രസിഡന്റ് ഇ.എസ്.ഷീബ,ട്രഷറർ ഗീത മധു,എക്സിക്യൂട്ടീവ് അംഗം തുളസിഭായി വിശ്വനാഥൻ,ജില്ലാ കോ–ഓർഡിനേറ്റർ സിന്ധു അജയൻ,ചേർത്തല മേഖല പ്രസിഡന്റ് ബിൻസി സനൽ,സെക്രട്ടറി സുനിത സേതുനാഥ്,കണിച്ചുകുളങ്ങര യൂണിയൻ വൈസ് പ്രസിഡന്റ് സുമ ഗോപൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
അന്ധവിശ്വാസങ്ങളിലും സാമ്പത്തിക ചൂഷണങ്ങളിലും സമൂഹത്തിലെ സ്ത്രീകൾ അകപ്പെടാതിരിക്കാനും അദ്വൈത പൊരുൾ ഉൾക്കൊണ്ട് വിശ്വാസത്തിലേയ്ക്ക് അവരെ നയിക്കാനും മഹായജ്ഞത്തിലൂടെ ലക്ഷ്യമിടുന്നതായും ഭാരവാഹികൾ പറഞ്ഞു. കർണ്ണാടക ശ്രീകുദ്രോളി ഗോകർണ്ണനാഥേശ്വര ക്ഷേത്രത്തിലെ പൂജാരിണിമാരുടെ സാന്നിദ്ധ്യത്തിലാണ് യജ്ഞം നടത്തുന്നത്.യജ്ഞത്തിന് മുന്നോടിയായി 18ന് വൈകിട്ട് 4ന്, യോഗം നേതൃത്വത്തിൽ മൂന്നു പതിറ്റാണ്ട് പൂർത്തിയാക്കുകയും കണിച്ചുകുളങ്ങര ദേവസ്വം ഭരണസാരഥ്യത്തിൽ 62 വർഷം പിന്നിടുകയും ചെയ്യുന്ന വെള്ളാപ്പള്ളി നടേശന് സാർത്ഥകം എന്ന പേരിൽ ആദരവൊരുക്കും. യോഗചരിത്രത്തിൽ നാഴികക്കല്ലായി മാറുന്ന ചടങ്ങിൽ യോഗം ഭാരവാഹികളും കൗൺസിലർമാരും മറ്റ് നേതാക്കളും പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |