അമ്പലപ്പുഴ: തിരുവനന്തപുരത്ത് നിന്ന് പുലർച്ചെ 2.30 ന് നിലമ്പൂരിലേക്ക് പുറപ്പെട്ട കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് ബസ് ദേശീയപാതയിൽ പുന്നപ്ര മാർക്കറ്റ് ജംഗ്ഷനിലെ ഡിവൈഡറിൽ ഇടിച്ചുകയറി, 9 പേർക്ക് പരിക്കേറ്റു. ജെയിസൺ (48),രജനി പ്രസാദ് (41), ഗോകുൽ (25), ഷൈൻ (52), ലതാകുമാരി (55), വാസവൻ (84), ഐശ്വര്യ (20), അർച്ചന (39), ലിസാ ജോൺ (50) എന്നിവർക്കാണ് നിസാരമായി പരിക്കേറ്റത്. ഇന്നലെ രാവിലെ ആറ് മണിയോടെയായിരുന്നു അപകടം. കണ്ടക്ടറെയും ഡ്രൈവറെയും കൂടാതെ 18 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. പരിക്കേറ്റവരെ വിവിധ വാഹനങ്ങളിൽ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലാത്തതിനാൽ പ്രാഥമിക ശുശ്രൂഷ നൽകി വിട്ടയച്ചു. ബസിന്റെ മുൻഭാഗം തകർന്നു.
അപകടങ്ങൾ പതിവ്
നവീകരണം നടക്കുന്ന ദേശീയപാതയിൽ ഇത്തരം അപകടങ്ങൾ പതിവാണെന്ന് നാട്ടുകാർ പറയുന്നു. നിർമ്മാണം നടക്കുന്ന പുന്നപ്രയിലെ പല ഭാഗങ്ങളിലും വഴിവിളക്കുകളോ, ദിശാബോഡുകളോ ഇല്ല. പല ഭാഗവും പൂഴിയും മഴവെള്ളവും കലർന്ന് ചെളിയായി കിടക്കുകയാണ്. ഇത് ഇരുചക്രവാഹനങ്ങൾ തെന്നി വീഴുന്നതിന് കാരണമാകുന്നുണ്ട്. നടപ്പാതയായി ഉപയോഗിക്കേണ്ട കാനയുടെ മുകൾ ഭാഗം വ്യാപാര സ്ഥാപനങ്ങളുടെ ബോർഡുകൾ വയ്ക്കുന്നതും കാനകൈയേറി കച്ചവടം നടത്തുന്നതും അപകടം വർദ്ധിക്കാൻ ഇടയാക്കുന്നു. പലതവണ പരാതിപ്പെട്ടിട്ടും അധികൃതർ ഈ ഭാഗത്തേക്ക് തിരിഞ്ഞു നോക്കുന്നില്ലെന്നും നാട്ടുകാർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |