തിരുവനന്തപുരം: മുതലപ്പൊഴി ഹാർബർ നിർമ്മാണം ഈ മാസത്തോടെ ആരംഭിക്കും. കടൽ ശാന്തമാകാത്തതാണ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് തടസമാകുന്നത്. നിർമ്മാണത്തിന്റെ ആദ്യ ഘട്ടമെന്ന നിലയിൽ പുലിമുട്ട് നിർമ്മാണത്തിന്റെ അലൈൻമെന്റ് രേഖപ്പെടുത്തണം. ഇതിനായി കടലിൽ പോയി നീളം,ആഴം,വീതി ഉൾപ്പെടെ രേഖപ്പെടുത്തണം. ശക്തമായ തിരകാരണം നിലവിൽ ഇപ്പോൾ അതിന് സാധിക്കുന്നില്ല. തിര ശാന്തമാകുന്ന സമയത്ത് ഇത് രേഖപ്പെടുത്താനാണ് നീക്കം. നിലവിൽ പുലിമുട്ടിന് മുകളിൽ സ്ഥാപിക്കാനുള്ള നാല് കാലുള്ള ടെട്രാപോഡ് നിർമ്മാണത്തിന്റെ ജോലികൾ ആരംഭിച്ചെന്ന് അധികൃതർ അറിയിച്ചു. 500 എണ്ണത്തിന്റെ നിർമ്മാണം ഇതിനകം പൂർത്തിയായി. ഒരെണ്ണത്തിന് 8,10 ടൺ ഭാരമുള്ള ടെട്രോപോഡുകളാണ് മുതലപ്പൊഴിയിൽ സ്ഥാപിക്കുന്നത്. 5000 ടെട്രാപോഡുകളാണ് മുതലപ്പൊഴിയിൽ സ്ഥാപിക്കുന്നത്. നിലവിൽ ഇരുവശത്തും 420 മീറ്റർ നീളത്തിൽ പുലിമുട്ടുണ്ട്.ഇത് 420 മീറ്റർ നീളത്തിൽ കൂടി നിർമ്മിക്കും.
ഡ്രഡ്ജിംഗ് മണൽ
ദേശീയ പാതയ്ക്ക്
കഴിഞ്ഞ ദിവസം മുതൽ പുനഃരാരംഭിച്ച മുതലപ്പൊഴിയിലെ ഡ്രഡ്ജിംഗ് ഒരു മാസത്തിനുള്ളിൽ പൂർത്തിയാക്കാനാണ് ശ്രമമെന്ന് അധികൃതർ പറഞ്ഞു. ഡ്രഡ്ജിംഗ് ചെയ്തെടുക്കുന്ന മണൽ ദേശീയ പാത അതോറിട്ടിക്ക് നിർമ്മാണത്തിനായി നൽകുന്നതിന് വേണ്ടിയുള്ള ശുപാർശയും സർക്കാരിന് നൽകിയിട്ടുണ്ട്. ഇങ്ങനെയെങ്കിൽ ദേശീയപാത അതോറിട്ടിയുടെ നേതൃത്വത്തിൽ ഡ്രഡ്ജിംഗ് നടത്തി അവിടുത്തെ മണൽ അവർക്ക് കൊണ്ടുപോകാൻ കഴിയുമെന്ന രീതിയിലായിരിക്കും ഉത്തരവ് നൽകുന്നത്. മുഴുവൻ ചെലവുകളും ദേശീയപാതാ അതോറിട്ടി വഹിക്കണമെന്ന രീതിയിലായിരിക്കും കരാർ. സർക്കാർ അനുമതിയുണ്ടെങ്കിലെ ഇത് നടക്കൂ.
ഹാർബർ നിർമ്മാണത്തിന് അനുവദിച്ചത് - 177 കോടി
60:40 അനുപാതത്തിലാണ് അംഗീകാരം നൽകിയത്
106.2 കോടി -പ്രധാനമന്ത്രി മത്സ്യ സമ്പത് യോജന വഴി
70.80 കോടി - കേരളത്തിന്റെ വിഹിതം
മേൽനോട്ടച്ചുമതല - ഹാർബർ എൻജിനിയറിംഗ് വകുപ്പിന്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |