കൊച്ചി: ജലാശയങ്ങളിൽ ഭീഷണിയായ കുളവാഴയിൽ നിന്ന് മൂല്യവർദ്ധിത ഉത്പന്നങ്ങൾ നിർമ്മിക്കാൻ പദ്ധതി. തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഇത് സഹായകമാകും. ഇതുസംബന്ധിച്ച് ജെയിൻ യൂണിവേഴ്സിറ്റിയുടെ ഫ്യൂച്ചർ കേരള മിഷൻ തയ്യാറാക്കിയ റിപ്പോർട്ട് കൊല്ലത്ത് മന്ത്രി സജി ചെറിയാൻ പ്രകാശനം ചെയ്തു.
മുൻ ഇന്ത്യൻ സ്ഥാനപതിയും ഫ്യൂച്ചർ കേരള മിഷൻ ചെയർമാനുമായ വേണു രാജാമണി, ജെയിൻ സർവകലാശാല മറൈൻ സയൻസ് വിഭാഗത്തിലെ ഡോ. ലക്ഷ്മി, ഡോ. രാധാകൃഷ്ണൻ ഉണ്ണി എന്നിവർ ചേർന്ന് റിപ്പോർട്ടിന്റെ ആദ്യപ്രതി മന്ത്രിക്ക് കൈമാറി.
വേണു രാജാമണിയും ഡോ. ലക്ഷ്മി ദേവിയുമാണ് റിപ്പോർട്ടിന്റെ മുഖ്യ രചയിതാക്കൾ.
കർഷകർക്കും മത്സ്യത്തൊഴിലാളികൾക്കും കുളവാഴയുണ്ടാക്കുന്ന ഭീഷണി ഗുരുതരമാണെന്ന് മന്ത്രി പറഞ്ഞു. ആവാസ വ്യവസ്ഥയ്ക്ക് ഇവ വലിയ വെല്ലുവിളിയാണെന്ന് വേണു രാജാമണിയും പറഞ്ഞു.
കുളവാഴ മൂലമുള്ള പ്രശ്നങ്ങൾ, പരിഹാരശ്രമങ്ങൾ, നൂതന ആശയങ്ങൾ എന്നിവയെക്കുറിച്ച് പൊതുജനങ്ങൾക്കും വിദഗ്ദ്ധർക്കും കുറിപ്പുകളോ ഫോട്ടോകളോ വീഡിയോകളോ ഈ മാസം 30നകം അയയ്ക്കാം. വിലാസം: keralahyacinthproject@futurekerala.org.in
ഇവകൂടി ഉൾപ്പെടുത്തി റിപ്പോർട്ട് വർഷാവസാനം സംഘടിപ്പിക്കുന്ന രാജ്യാന്തര കോൺഫറൻസിൽ ചർച്ച ചെയ്യും.
റിപ്പോർട്ടിന്റെ പൂർണരൂപം ഫ്യൂച്ചർ കേരള മിഷന്റെ വെബ്സൈറ്റിൽ ലഭ്യമാണ്. https://www.futurekerala.org.in.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |