പാലക്കാട്: ഭാരതപ്പുഴ പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി കരിമ്പുഴ ഗ്രാമപഞ്ചായത്തിലെ കാഞ്ഞിരായി കടവിൽ കുന്തിപ്പുഴയ്ക്ക് കുറുകെ ഗോവൻ മോഡൽ ജലബന്ധാര തടയണ പദ്ധതിയ്ക്ക് ഇന്ന് തുടക്കമാകും. സംസ്ഥാനത്ത് ഇത്തരത്തിലുള്ള ആദ്യ തടയണയാണിത്. പാലക്കാട് ജില്ലാ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി 3.63 കോടി രൂപയാണ് പദ്ധതിക്ക് വിനിയോഗിക്കുന്നത്. പാലക്കാടിന്റെ വരൾച്ച ബാധിത പ്രദേശങ്ങളിലെ കാർഷിക-കുടിവെള്ള ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള ഹരിതകേരളം മിഷൻ പൈലറ്റ് പദ്ധതികളുടെ ഭാഗമായാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ജല സംരക്ഷണ മേഖലയിൽ ജില്ലാ പഞ്ചായത്ത് ഏറ്റെടുത്ത് നടത്തുന്ന വ്യത്യസ്തങ്ങളായ പദ്ധതികളിലൊന്നാണ് ജലബന്ധാര. ചെക്ക്‌ഡാം ഇല്ലാതെ ഷട്ടറുകൾ ക്രമീകരിച്ച് ജലനിരപ്പ് നിയന്ത്രിക്കുന്ന നിർമ്മിതിയാണ് ജലബന്ധാര. ഷട്ടറുകൾ മുകളിൽ നിന്നും നിയന്ത്രിക്കുന്നതിനാൽ ജലസംഭരണം കുറെ കൂടി ഫലപ്രദമായ രീതിയിൽ സാദ്ധ്യമാക്കാൻ കഴിയും. മഴക്കാലത്ത് ഷട്ടറുകൾ പൂർണമായും മാറ്റുന്നതിനാൽ പുഴയുടെ സുഗമമായ ഒഴുക്ക് സാദ്ധ്യമാവുകയും വെള്ളപ്പൊക്കം ഒരു പരിധി വരെ ഇല്ലാതാക്കുവാൻ സാധിക്കുന്നതുമായ കേരളത്തിലെ ആദ്യത്തെ ജലബന്ധാരയാണിത്. കരിമ്പുഴ ഗ്രാമ പഞ്ചായത്തിലെ 4, 5, 6, 12, 13, 14 വാർഡുകൾക്കും കരിമ്പുഴ പഞ്ചായത്തിലെ തോട്ടര, താണിക്കുന്ന് എന്നീ പ്രദേശങ്ങളിലെ പാടശേഖരങ്ങൾക്കും ജലബന്ധാര തടയണ പദ്ധതിയുടെ പ്രയോജനം ലഭിക്കും. പാലക്കാട് ജില്ലയിലെ വിവിധ ഗ്രാമപഞ്ചായത്തുകളിൽ കൃഷിക്കും ജലസേചനത്തിനും പ്രാധാന്യം അർഹിക്കുന്ന ഒരു നിർമ്മാണ പ്രവൃത്തിയാണ് കരിമ്പുഴ പഞ്ചായത്തിലെ കാഞ്ഞിരായിക്കടവിൽ കുന്തിപ്പുഴയ്ക്ക് കുറുകെയുള്ള ജലബന്ധാര നിർമ്മാണം. കുന്തിപ്പുഴയുടെ ഇടതുകരയിലെ പൊമ്പ്രയെയും വലതുകരയിലെ തോട്ടരയെയും തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള പ്രധാന പ്രവേശന മാർഗ്ഗമായും ജലബന്ധാര തടയണ ഉപയോഗപ്രദമാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |