കാഞ്ഞിരപ്പള്ളി: ബസിൽ നിന്ന് പ്ലാസ്റ്റിക് കുപ്പികൾ നീക്കാത്തതിന് മന്ത്രി ശകാരിക്കുകയും പിന്നാലെ സ്ഥലംമാറ്റുകയും ചെയ്ത കെ.എസ്.ആർ.ടി.സി ഡ്രൈവർ ബസോടിക്കുന്നതിനിടെ കുഴഞ്ഞു വീണു. പൊൻകുന്നം ഡിപ്പോയിലെ ഡ്രൈവർ ജെയ്‌മോൻ ജോസഫിനാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ എത്തിച്ച ജയ്‌മോനെ വിദഗ്ദ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ജെയ്‌മോനെ ഉൾപ്പെടെ തൃശൂർ പുതുക്കാട് ഡിപ്പോയിലേക്ക് സ്ഥലം മാറ്റിയ നടപടി വിവാദമായതിനെ തുടർന്ന് തത്കാലം മരവിപ്പിച്ചിരുന്നു. എന്നാൽ പിന്നീട് സ്ഥലംമാറ്റം റദ്ദാക്കിയിട്ടില്ലെന്ന് അറിയിപ്പു വന്നതോടെയാണ് ജെയ്‌മോൻ കുഴഞ്ഞുവീണത്. ഇന്നലെ മുണ്ടക്കയം- പാലാ റൂട്ടിൽ സർവീസ് നടത്തുന്നതിനിടെ കാഞ്ഞിരപ്പള്ളി പൂതക്കുഴിയിൽ വച്ചായിരുന്നു സംഭവം.
കഴിഞ്ഞ ഒന്നിന് രാവിലെ മുണ്ടക്കയത്തു നിന്ന് തിരുവനന്തപുരത്തേക്ക് വന്ന ബസിന്റെ മുൻവശത്തെ ചില്ലിനോട് ചേർന്ന് കുടിവെള്ളക്കുപ്പികൾ നിരത്തിയിട്ടത് കണ്ട മന്ത്രി കെ.ബി. ഗണേശ് കുമാർ ബസ് തടഞ്ഞുനിറുത്തി ശകാരിച്ചിരുന്നു. പിന്നാലെ ജെയ്മോനടക്കം മൂന്നു പേർക്കെതിരെ നടപടി സ്വീകരിക്കാൻ നിർദ്ദേശവും നൽകി.
തുടർന്നാണ് സ്ഥലംമാറ്റ ഉത്തരവിറങ്ങിയത്. പ്രമേഹത്തിനും രക്തസമ്മർദ്ദത്തിനും മരുന്ന് കഴിക്കുന്നയാളാണ് താനെന്നും കുടിവെള്ളം കരുതിയിരുന്ന കുപ്പികളാണ് നടപടി നേരിട്ട ദിവസം ബസിനു മുൻപിൽ സൂക്ഷിച്ചിരുന്നതെന്നും ജയ്മോൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |