കൊച്ചി: ശബരിമല സ്വർണപ്പാളി വിഷയത്തിൽ ഒന്നാം പിണറായി സർക്കാരിന്റെ കാലഘട്ടത്തിലെ തിരുവിതാംകൂർ ദേവസ്വം ബോർഡ് അധികൃതരെ പ്രതിക്കൂട്ടിലാക്കി വിജിലൻസ് റിപ്പോർട്ട്. ദേവസ്വം ചീഫ് വിജിലൻസ് ആൻഡ് സെക്യൂരിറ്റി ഓഫീസർ ഹൈക്കോടതിയിൽ മുദ്രവച്ച കവറിൽ സമർപ്പിച്ച റിപ്പോർട്ടിൽ അന്ന് ദേവസ്വം തലപ്പത്തിരുന്ന പലരുടെയും പേരെടുത്ത് പറഞ്ഞിട്ടുണ്ടെന്നാണ് സൂചന.
ശബരിമലയിലെ വിലപ്പെട്ട വസ്തുക്കളുടെ ചുമതല തിരുവാഭരണം കമ്മിഷണർക്കാണ്. 2019ൽ ദ്വാരപാലക ശില്പങ്ങളിലെ സ്വർണപ്പാളികൾ അറ്റകുറ്റപ്പണിക്ക് കൊണ്ടുപോയപ്പോൾ ചെമ്പുപാളികൾ എന്നാണ് മഹസറിൽ രേഖപ്പെടുത്തിയത്. ഇത് വലിയ വീഴ്ചയാണെന്ന് വിജിലൻസ് കണ്ടെത്തി. അന്വേഷണം നേരിടുന്ന സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റി അത് ഇപ്പോൾ വലിയ പിടിവള്ളിയായെടുത്തു.
അന്ന് ശില്പങ്ങൾ സ്വർണം പൂശിയ ശേഷം ചെമ്പടക്കം 4.5 കിലോയുടെ കുറവുണ്ടായി. സന്നിധാനത്ത് ഇത് പുന:സ്ഥാപിച്ചപ്പോൾ തൂക്കം നോക്കാതിരുന്നതാണ് മറ്റൊരു ക്രമക്കേട്. തിരിച്ചെത്തിച്ച് ഘടിപ്പിച്ചത് മറ്റൊരു സെറ്റാകാമെന്നും ഒറിജിനൽ ശില്പങ്ങൾ വിറ്റിരിക്കാമെന്നും കോടതി പ്രാഥമിക നിഗമനത്തിലെത്തിയത് ഇതിന്റെ അടിസ്ഥാനത്തിലാണ്.
ദേവസ്വം ഉദ്യോഗസ്ഥർ ഉണ്ണികൃഷ്ണൻ പോറ്റിയുമായി ചേർന്ന് ക്ഷേത്രത്തിന്റെ പരിശുദ്ധിയെ പോലും വഞ്ചിക്കുന്ന നടപടി സ്വീകരിച്ചതായി
കരുതേണ്ടിവരുമെന്നും കോടതി പറഞ്ഞു.
യുണൈറ്റഡ് ബ്രൂവറീസുമായി 1998-99ൽ ഉണ്ടാക്കിയ കരാർ വിവരങ്ങളും കോടതിയിൽ വിജിലൻസ് ഹാജരാക്കി. ദ്വാരപാലക ശില്പങ്ങളിൽ ഒന്നരക്കിലോ സ്വർണം ഉണ്ടായിരുന്നുവെന്ന് അങ്ങനെയാണ് സ്ഥിരീകരിച്ചത്. തന്റെ പക്കൽ ബാക്കിവന്ന സ്വർണം വിവാഹാവശ്യത്തിന് ഉപയോഗിക്കാമെന്ന് നിർദ്ദേശിച്ച് പോറ്റി അന്നത്തെ ദേവസ്വം ബോർഡ് പ്രസിഡന്റിന് അയച്ച ഇ-മെയിലും വിജിലൻസ് അന്വേഷണത്തിൽ പുറത്തുവന്നു. ഇതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർ മറ്റു കത്തിടപാടുകളും നടത്തി.
വിഷയത്തിൽ വെള്ളിയാഴ്ച അന്തിമ റിപ്പോർട്ട് നൽകുമെന്നും ദേവസ്വം വിജിലൻസ് കോടതിയെ അറിയിച്ചു. ഈ റിപ്പോർട്ടും പരിശോധിച്ചായിരിക്കും പ്രത്യേക ടീമിന്റെ അന്വേഷണം.
ശബരിമലയിലെ സ്ട്രോംഗ് റൂം തുറന്ന് വിജിലൻസിന് പരിശോധിക്കാം. പഴയ ഫോട്ടോഗ്രാഫുകൾ അടക്കം നോക്കി പൊരുത്തക്കേടുകൾ ഉണ്ടെങ്കിൽ കണ്ടെത്തും.
കോടതി കടുത്ത നിലപാട് എടുക്കുമെന്ന് ബോധ്യംവന്ന ദേവസ്വം ബോർഡ്
ഡി.ജി.പി അല്ലെങ്കിൽ എ.ഡി.ജി.പി യുടെ നേതൃത്വത്തിൽ അന്വേഷിക്കണമെന്നാണ് ആവശ്യപ്പെട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |