തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിഷയത്തിലും ആഗോള അയ്യപ്പസംഗമ നടത്തിപ്പിലും നിയമസഭയിലെ ചോദ്യങ്ങളിൽ ഉരുണ്ടു കളിച്ച് സർക്കാർ. സ്വർണപ്പാളി അടക്കമുള്ള വില കൂടിയ വസ്തുക്കൾ അറ്റകുറ്റ പ്രവൃത്തികൾക്കായി കൊണ്ട് പോകുന്നതിന് ഹൈക്കോടതിയുടെ അനുമതി വേണമെന്ന് നിഷ്‌കർഷിക്കുന്നുണ്ടോയെന്ന റോജി എം. ജോണിന്റെ ചോദ്യത്തിന്, ശ്രീകോവിലുമായി ബന്ധപ്പെട്ടിട്ടുള്ള പ്രവൃത്തികൾ ഹൈക്കോടതി നിയോഗിച്ചിട്ടുള്ള സ്‌പെഷൽ കമ്മിഷണറെ മുൻകൂട്ടി അറിയിക്കണമെന്ന് നിർദേശിച്ചിരുന്നതായി ദേവസ്വം മന്ത്രി ഉത്തരം നൽകി. എങ്കിൽ ദ്വാരപാലക ശിൽപം പൊതിഞ്ഞ സ്വർണപ്പാളി അറ്റകുറ്റ ജോലികൾക്കായി ചെന്നൈയിലേക്ക് കൊണ്ടുപോയത് ഹൈക്കോടതിയുടെ അനുമതിയോടെയായിരുന്നോയെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരമില്ലായിരുന്നു.
സ്വർണപ്പാളിയും പീഠവും ഉണ്ണികൃഷ്ണൻ പോറ്റി 39 ദിവസം അനധികൃതമായി കൈവശം വയ്ക്കാനുണ്ടായ സാഹചര്യമെന്തായിരുന്നുവെന്ന സി.ആർ.മഹേഷിന്റെയും ,
സണ്ണി ജോസഫിന്റെയും ചോദ്യത്തിനും, വിഷയത്തിൽ ദേവസ്വം വിജിലൻസ് അന്വേഷണം നടക്കുന്നുണ്ടെന്നായിരുന്നു മറുപടി. ആഗോള അയ്യപ്പസംഗമവുമായി ബന്ധപ്പെട്ട് സ്‌പോൺസർഷിപ്പിലൂടെ ലഭിച്ച തുകയുടെയും ആകെ ചെലവായ തുകയുടെയും വിശദാംശങ്ങൾ എ.പി അനിൽകുമാർ ആവശ്യപ്പെട്ടെങ്കിലും വിവരങ്ങൾ നൽകിയില്ല. പകരം ധനലക്ഷ്മി ബാങ്കും, കേരള ബാങ്കും, മറ്റ് വിവിധ സ്ഥാപനങ്ങളും വാഗ്ദാനം ചെയ്ത സ്‌പോൺസർഷിപ്പ് തുക ശേഖരിക്കുന്നതിനുള്ള നടപടി സ്വീകരിച്ച് വരുന്നെന്നായിരുന്നു മറുപടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |