ലക്‌നൗ: ആഭരണങ്ങൾ മോഷ്ടിച്ചത് കണ്ടെത്തിയ അമ്മയെ മകൻ കൊലപ്പെടുത്തി. ഉത്തർപ്രദേശ് സ്വദേശി ഗോലു എന്ന നിഖിൽ യാദവാണ് അമ്മ രേഷ്മ യാദവിനെ കൊലപ്പെടുത്തിയത്. ഓൺലൈൻ ഗെയിമുകൾക്ക് അടിമയാണ് നിഖിൽ. ഇതുവഴിയും ഓൺലൈൻ വാതുവയ്‌പ്പിലൂടെയുമൊക്കെ വലിയ സാമ്പത്തിക ബാദ്ധ്യത നിഖിലിന് ഉണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഓൺലൈൻ ഗെയിമുകൾ വഴിയുണ്ടായ സാമ്പത്തിക നഷ്ടങ്ങൾ നികത്താൻ നിഖിൽ ആപ്പുകൾ വഴിയും മറ്റും പണം വായ്പയെടുത്തിരുന്നു. ഇതിന് കഴുത്തറുപ്പൻ പലിശയായിരുന്നു. വായ്പ നൽകിയവരുടെ ശല്യം സഹിക്കവയ്യാതെയാണ് നാൽപ്പത്തിയഞ്ചുകാരിയായ അമ്മയുടെ ആഭരണങ്ങൾ മോഷ്ടിക്കാൻ ഇയാൾ തീരുമാനിച്ചത്.
തന്റെ ആഭരണങ്ങൾ മകൻ കവർന്നത് ഈ മാസം മൂന്നിനാണ് രേഷ്മയുടെ ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ ഇരുവരും തമ്മിൽ വാർക്കുതർക്കമുണ്ടായി. ഇതിനിടെ അമ്മയെ മർദിക്കുകയും കൊലപ്പെടുത്തുകയുമായിരുന്നു. കവർച്ചയ്ക്കിടെ താനും അമ്മയും ആക്രമിക്കപ്പെട്ടെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്.
തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് നിഖിൽ തന്നെയാണ് കൊലയാളിയെന്ന് കണ്ടെത്തിയത്. ഉത്തർപ്രദേശിലെ ഫത്തേപൂർ ജില്ലയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മോഷ്ടിച്ച സ്വർണ്ണാഭരണങ്ങളും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും ഇയാളിൽ നിന്ന് പൊലീസ് കണ്ടെടുത്തു. പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്.
പ്രതിക്കെതിരെ ബിഎൻഎസ് സെക്ഷൻ 103 (കൊലപാതകം), 238 (തെളിവുകൾ നശിപ്പിക്കൽ), 315 (മരിച്ചയാളുടെ സ്വത്ത് ദുരുപയോഗം ചെയ്യൽ) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |