പത്തനംതിട്ട: കടുവ ഭക്ഷിച്ചനിലയിൽ ഫോറസ്റ്റ് വാച്ചറുടെ മൃതദേഹം കണ്ടെത്തി. ഗവി വനത്തിൽ കുന്തിരിക്കം ശേഖരിക്കാൻ പോയ വനംവകുപ്പ് താത്കാലിക വാച്ചറായ അനിൽകുമാർ (28) ആണ് മരിച്ചത്. ഇയാൾ വള്ളക്കടവ് സ്റ്റേഷൻ വാച്ചറും ഗവി എസ്റ്റേറ്റിലെ താമസക്കാരനുമാണ്. ഗവി റൂട്ടിൽ കൊച്ചുപമ്പയിൽ നിന്ന് ഏഴ് കിലോമീറ്റർ അകലെ ഉൾവനത്തിലാണ് മൃതദേഹ ആവശിഷ്ടങ്ങൾ കണ്ടെത്തിയത്. വില്പനയ്ക്കായി കുന്തിരിക്കം ശേഖരിക്കാൻ കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് അനിൽകുമാർ വീട്ടിൽ നിന്നും പോയത്. കൊച്ചുപമ്പയിൽ ബസിറങ്ങി ഉൾവനത്തിലേക്ക് പോയ അനിൽകുമാർ തിരിച്ചുവരാഞ്ഞതിനെ തുടർന്ന് ബന്ധുക്കൾ തെരച്ചിൽ നടത്തി. മൊബൈൽ സ്വിച്ച് ഓഫായിരുന്നു. കടുവകൾ തങ്ങുന്ന പാറക്കെട്ടുകൾക്കിടയിൽ ഇന്നലെ രാവിലെ പത്തരയോടെ കടുവ കടിച്ചുതിന്നതിന്റെ അവശിഷ്ടം പോലെ മനുഷ്യന്റെ കാലുകൾ കണ്ടെത്തി. സമീപത്ത് അനിൽകുമാറിന്റെ ബാഗും ചെരുപ്പും വാക്കത്തിയും ഉണ്ടായിരുന്നു. എല്ലുകളും സമീപത്ത് കിടപ്പുണ്ടായിരുന്നു. ഇത് അനിൽകുമാറിന്റേതാണെന്ന് ബന്ധുക്കൾ സ്ഥിരീകരിച്ചു. തല കണ്ടെത്താനായില്ല. വണ്ടിപ്പെരിയാറിൽ നിന്ന് വനപാലകരും മൂഴിയാർ പൊലീസും സ്ഥലത്തെത്തി.
പത്ത് വർഷത്തിലേറെയായി ഗവിയിൽ താമസിക്കുന്ന അനിൽകുമാർ മൂന്ന് വർഷത്തോളമായി താത്കാലിക വാച്ചറാണ്. ഭാര്യ മഞ്ജു. മക്കൾ വിദ്യ (എട്ട്), നിത്യ (നാല്), ആദർശ് (ഒന്നര).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |