കൊച്ചി: സംസ്ഥാനത്ത് സ്വന്തമായി കെട്ടിട സൗകര്യങ്ങളില്ലാതെ പ്രവർത്തിക്കുന്നത് 38 പൊലീസ് സ്റ്റേഷനുകൾ! സ്വകാര്യ സ്ഥലങ്ങളിലും പഴയ വീടുകളിലും തകർന്ന കെട്ടിടങ്ങളിലുമാണ് നാടിന്റെ രക്ഷകർ വർഷങ്ങളായി പ്രവർത്തിക്കുന്നത്. സ്ഥല, അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് പല സ്റ്റേഷനുകളുടെയും പ്രവർത്തനത്തെ പ്രയാസത്തിലാക്കുന്നുണ്ട്. ആഭ്യന്തര വകുപ്പിന്റെ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
മൂന്ന് റേഞ്ചുകൾക്ക് കീഴിലായി 557 പൊലീസ് സ്റ്റേഷനുകളാണ് സംസ്ഥാനത്തുള്ളത്. 2023ൽ 46 സ്റ്റേഷനുകൾ വാടക കെട്ടിടത്തിലായിരുന്നു. നിരന്തര ആവശ്യം പരിഗണിച്ച് രണ്ട് വർഷത്തിനിടെ എട്ട് സ്റ്റേഷനുകൾ നിർമ്മിച്ചു. സ്വന്തമായി സ്ഥലമില്ലാത്തതാണ് നിലവിലെ സ്‌റ്റേഷനുകളെ വലയ്ക്കുന്നത്. കൊച്ചി സിറ്റിയിൽ കമ്മിഷണറേറ്റടക്കം വാടകകെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. പുതിയ കമ്മിഷണറേറ്റിന്റെ നിർമ്മാണം ആരംഭിച്ചെങ്കിലും മന്ദഗതിയിലാണ്.
ജൂലായിൽ ആറ് വർഷത്തെ വാടക കുടിശിക വരുത്തിയ വനിതാ പൊലീസ് സ്റ്റേഷന് പാലക്കാട് നഗരസഭ കുടിയൊഴിപ്പിക്കൽ നോട്ടീസ് നൽകിയത് വാർത്തയായിരുന്നു.
ലോക്കപ്പില്ലാ പൊലീസ് സ്റ്റേഷനുകൾ
31 ലക്ഷം രൂപയാണ് വാടകയിനത്തിൽ നഗരസഭക്ക് നൽകാനുണ്ടായിരുന്നത്. സ്റ്റേഷൻ പ്രവർത്തനം ആരംഭിച്ച് നാളിതുവരെ ഒരു രൂപപോലും വാടക നൽകിയിട്ടില്ലെന്നാണ് ആരോപണം. 6 മാസം കൂടി സാവകാശം നൽകണമെന്ന് എസ്.പി ആവശ്യപ്പെട്ട് പ്രശ്‌നം താത്കാലികമായി പരിഹരിക്കുകയായിരുന്നു.ഇത് ഒറ്റപ്പെട്ട സംഭവമല്ല. സ്വന്തമായി കെട്ടിടമില്ലാത്ത സ്റ്റേഷനുകളിൽ പലതും പഞ്ചായത്തിന്റെ കെട്ടിടങ്ങളാണ്. മഴക്കാലത്ത് ചോർന്നൊലിക്കുന്നത് മുതൽ നല്ലൊരു ലോക്കപ്പ് പോലുമില്ലാത്ത സ്‌റ്റേഷനുകൾവരെ ഇക്കൂട്ടത്തിലുണ്ട്. അതേസമയം 38 പൊലീസ് സ്റ്റേഷനുകൾക്കും പുതിയ കെട്ടിടം നിർമിക്കുന്നതിനായുള്ള നടപടികൾ വൈകാതെ ആരംഭിക്കുമെന്നാണ് വിവരം.
തിരുവനന്തപുരം - 65
കൊല്ലം - 47
പത്തനംതിട്ട- 23
കോട്ടയം - 32
ആലപ്പുഴ - 32
എറണാകുളം - 50
തൃശൂർ - 48
പാലക്കാട് - 32
മലപ്പുറം - 37
കോഴിക്കോട് - 41
വയനാട് - 15
കണ്ണൂർ - 44
കാസർകോട് - 25
ലോക്കൽ പൊലീസ് സ്റ്റേഷൻ - 491
വനിതാ സ്റ്റേഷൻ - 14
റെയിൽവേ പൊലീസ് - 13
കോസ്റ്റൽ സ്റ്റേഷൻ-18
സൈബർ സ്റ്റേഷൻ 19
ക്രൈംബ്രാഞ്ച് - 1
എ.ടി.എസ് - 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |