തൃശൂർ: യഥാർത്ഥ ശേഷിയേക്കാൾ ഇരട്ടിയിലധികം പാറ ഉൽപ്പന്നങ്ങൾ കടത്തി പിഴയും നികുതിയും വെട്ടിക്കുന്നുവെന്ന പരാതിയിൽ ദേശീയപാത അതോറിറ്റിയോട് അമിതഭാരം കയറ്റിവരുന്ന ടോറസ് വാഹനങ്ങളെക്കുറിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി നിർദ്ദേശം. കേന്ദ്ര - സംസ്ഥാനപാതകളിൽ അമിതഭാരം കയറ്റിവരുന്ന ടോറസ് വാഹനങ്ങളെക്കുറിച്ച് പത്ത് ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണം.
ദേശീയപാത ടോൾ പ്ലാസയിലെ വെയ് ബ്രിഡ്ജിൽ ഭാരം നോക്കിയ ശേഷമേ അമിതഭാരമുള്ള ടോറസ് വാഹനങ്ങൾ കടത്തിവിടാൻ പാടുള്ളൂ. അമിതഭാരമുണ്ടെങ്കിൽ പിഴയും ഈടാക്കാം. എന്നാൽ സംസ്ഥാനത്തെ പല ടോൾപ്ലാസയിലും വെയ് ബ്രിഡ്ജ് ഇല്ല. പല സ്ഥലത്തുമുള്ളത് പ്രവർത്തനരഹിതമാണ്. അമിതഭാരം കയറ്റുന്ന ടോറസ് വാഹനങ്ങൾ നിയന്ത്രണം നഷ്ടപ്പെട്ട് വാഹനാപകടങ്ങളും മരണവും സംഭവിക്കുന്നതിനെതിരെ നേർക്കാഴ്ച അസോസിയേഷൻ സംഘടന ഡയറക്ടർ പി.ബി.സതീഷിന്റെ പൊതുതാൽപ്പര്യ ഹർജിയിലാണ് ഹൈക്കോടതി ഇടപെടൽ. എറണാകുളം - തൃശൂർ - പാലക്കാട് ദേശീയപാതയിൽ നേർക്കാഴ്ച സംഘടന നടത്തിയ സർവേയിൽ 12 മണിക്കൂറിനുള്ളിൽ നിയമലംഘനം നടത്തിയ 563 വാഹനങ്ങളുടെ ചിത്രങ്ങളും നമ്പറും സഹിതം പരാതി നൽകിയെങ്കിലും അധികൃതർ നടപടി സ്വീകരിച്ചില്ല.
ഏജന്റ് വഴി കൈക്കൂലി ?
ടോറസ് വാഹനഉടമകളിൽ നിന്നും പ്രതിമാസം അയ്യായിരം രൂപ ഏജന്റ് വഴി പിരിച്ചെടുത്ത് ഉദ്യോഗസ്ഥർക്ക് എത്തിച്ചു കൊടുക്കുന്നുണ്ടെന്ന് ആരോപണം. വർഷത്തിൽ ഒന്നോ രണ്ടോ പരിശോധന നടത്തി ലക്ഷങ്ങൾ പിഴ അടപ്പിച്ച് വിജിലൻസ് വിഭാഗം നടപടി സ്വീകരിച്ചെന്ന് വരുത്തി തീർക്കുകയാണെന്നും പറയുന്നു. ജിയോളജി, മോട്ടോർ വാഹന വകുപ്പ് പൊലീസ് സംയുക്ത പരിശോധനാ വിവരം ലോറി ഉടമകൾക്ക് മുൻകൂട്ടി ലഭിക്കുമെന്നും പരാതിയുണ്ട്. ഹൈവേ പൊലീസിന്റെ വാഹന പരിശോധനയിൽ 500 രൂപ മാത്രം പെറ്റി അടച്ച് വാഹനങ്ങളെ കടത്തിവിട്ട് സംരക്ഷിക്കുന്നതായും സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |