ചവറ: വീടെന്ന സ്വപ്നത്തിന് തറക്കല്ലിടാൻ ഓമാനിൽ നിന്നെത്തിയ ഗിരീഷ് കുമാറിനെ വാഹനാപകടത്തിന്റെ രൂപത്തിൽ നാട്ടിൽ കാത്തിരുന്നത് മരണം. തിങ്കളാഴ്ച ഉച്ചയോടാണ് കുന്നത്തൂർ കോവൂർ പിച്ചനാട്ട് കിഴക്കതിൽ ഗിരീഷ് കുമാർ മക്കളായ ആദിത്യയ്ക്കും ആദിത്യനും പെട്ടി നിറയെ ചോക്ലേറ്റുകളും സമ്മാനങ്ങളുമായി ഭാര്യ അനിതയുടെ തേവലക്കര മുള്ളിക്കാലയിലെ വീട്ടിൽ എത്തിയത്.
വൈകിട്ട് 4.30 ഓടെ തന്റെ കുടുംബവീട്ടിലെത്തി മാതാപിതാക്കളെയും സഹോദരങ്ങളായ രതീഷിനെയും രാജേഷിനെയും കണ്ടു. അവരോടൊപ്പം ഒരു മണിക്കൂറോളം ചെലവഴിച്ചു. പിന്നീട് ഭാര്യവീട്ടിലേക്ക് മടങ്ങി.
ഇന്നലെ അനിതയുടെ പാസ്‌പോർട്ട് ശരിയാക്കുന്നതിനായി ഇരുവരും കൊല്ലത്തെത്തി. തിരികെ മടങ്ങുമ്പോഴായിരുന്നു ഇരുമ്പ് പാലത്തിലുണ്ടായ വാഹനാപകടത്തിൽ വിധി ഗിരീഷിന്റെ ജീവനെടുത്തത്. കണ്ട് കൊതി തീരും മുമ്പ് കൺമുന്നിൽ പ്രിയപ്പെട്ടവനെ നഷ്ടപ്പെട്ടതിന്റെ ഞെട്ടലിൽ നിന്ന് അനിത ഇനിയും മുക്തയായിട്ടില്ല.
പ്രായമായ അച്ഛനും അമ്മയ്ക്കും പ്രിയപ്പെട്ട ഭാര്യയ്ക്കും താങ്ങാവണം, മക്കളെ പഠിപ്പിക്കണം, സ്വന്തമായി ഒരു കിടപ്പാടം വേണം. അങ്ങനെ ഒരുപാട് സ്വപ്‌നങ്ങൾ ബാക്കിയായി. കണ്ടെയ്നർ ലോറിയുടെ പിൻ ചക്രങ്ങൾ തലയിലൂടെ കയറിയിറങ്ങി തത്ക്ഷണം മരിച്ച വാർത്ത അറിഞ്ഞ് വിറങ്ങലിച്ചിരിക്കുകയാണ് കുടുംബാംഗങ്ങളും നാട്ടുകാരും സുഹൃത്തുക്കളും. തങ്ങളുടെ പ്രിയപ്പെട്ട ഗിരിയുടെ അപ്രതീക്ഷിത വിയോഗം ഇവർക്കെല്ലാം താങ്ങാവുന്നതിനും അപ്പുറമായിരുന്നു.
24-ാം വയസിലാണ് ഗിരീഷ് പ്രവാസജീവിതം തിരഞ്ഞെടുത്ത്. ആദ്യം അബുദാബിയിലും കഴിഞ്ഞ എട്ടുവർഷമായി ഒമാനിലും ഷെഫായി ജോലി ചെയ്യുകയായിരുന്നു. പതിനഞ്ച് വർഷത്തെ സമ്പാദ്യം കൊണ്ട് തന്റെ കുടുംബ ഓഹരിയിൽ വീട് വയക്കുന്നതിന് തറക്കല്ലിടാമെന്ന ആഗ്രഹത്തോടെയാണ് നാട്ടിലെത്തിയത്. എന്നാലിനി പ്രിയപ്പെട്ടവരുടെ അരികിലേക്കെത്തുക തണുത്ത് വിറങ്ങലിച്ചായിരിക്കും. രാജൻപിള്ള-പ്രഭാവതി അമ്മ ദമ്പതികളുടെ മൂന്ന് ആൺമക്കളിൽ ഏറ്റവും ഇളയവനാണ് ഗിരീഷ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |