കൊല്ലം: ഐ.ടി അധിഷ്ഠിത മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് വീടിനടുത്ത് തൊഴിലെടുക്കാൻ സൗകര്യം ഒരുക്കുന്ന സംസ്ഥാനത്തെ ആദ്യ വർക്ക് നിയർ ഹോം പദ്ധതി കൊട്ടാരക്കരയിൽ യാഥാർത്ഥ്യത്തിലേക്ക്. അടുത്ത മാസം ഉദ്ഘാടനം ചെയ്യും. കഴിഞ്ഞ നവംബറിലാണ് നിർമ്മാണം ആരംഭിച്ചത്. ഇരുന്നൂറിൽപ്പരം പ്രൊഫഷണലുകൾക്ക് ജോലി ചെയ്യാൻ സൗകര്യമുള്ളതാണ് സ്ഥാപനം.
ദീർഘദൂരം യാത്ര ചെയ്യാതെ ഗ്രാമപ്രദേശങ്ങളിലുള്ളവർക്കും വർക്ക് നിയർ ഹോം പ്രയോജനപ്പെടുത്താം. രണ്ടാം ഘട്ടത്തിൽ കൂടുതൽപ്പേർക്കുള്ള സൗകര്യമൊരുക്കും. വികേന്ദ്രീകൃത മാതൃകയിലുള്ള അത്യാധുനിക വർക്ക് സ്റ്റേഷനുകളുടെ ശൃംഖല കേരളത്തിലാകെ സ്ഥാപിക്കുകയെന്ന കാഴ്ചപ്പാടാണ് യാഥാർത്ഥ്യമാകുന്നത്.
കേരള ഡെവലപ്പ്മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിലിന്റെ (കെ-ഡിസ്ക്) നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. സ്റ്റാർട്ടപ്പുകൾ, ഫ്രീലാൻസ് തൊഴിലിൽ ഏർപ്പെടുന്നവർ, ജീവനക്കാർക്ക് വിദൂരമായി ജോലി ചെയ്യാനുള്ള സൗകര്യം നൽകാൻ ആഗ്രഹിക്കുന്ന നിലവിലെ സ്ഥാപനങ്ങൾ തുടങ്ങിയവയ്ക്ക് സൗകര്യപ്രദമായും സുഖകരമായും പ്രവർത്തനങ്ങളിൽ ഏർപ്പെടാം. ഐ.ടി മേഖലയിലെ വനിതാ പങ്കാളിത്തം വർദ്ധിപ്പിക്കാനും വർക്ക് നിയർ ഹോം ഉപകരിക്കും. തൊഴിൽ വിപണിയിലെ ആവശ്യങ്ങൾക്ക് അനുസരിച്ച് നൈപുണ്യ പരിശീലനത്തിനും സൗകര്യമുണ്ട്.
കേരളപ്പിറവി സമ്മാനം
പ്രവർത്തിക്കുക ബി.എസ്.എൻ.എൽ കെട്ടിടത്തിൽ
സൗകര്യം ഒരുക്കിയത് പത്ത് വർഷത്തേക്ക് വാടകയ്ക്കെടുത്ത്
മണിക്കൂർ, ദിവസം, മാസം കണക്കിൽ വാടക ഈടാക്കും
ഓഫീസ് കോ-വർക്കിംഗ് സ്റ്റേഷനുകൾ
കോൺഫറൻസ് സൗകര്യങ്ങളും കഫെറ്റേരിയയും അതിവേഗ ഇന്റർനെറ്റും
വിസ്തീർണം
9250 ചതുരശ്ര അടി
ചെലവ്
₹ 5.5 കോടി
ഐ.ടി, അനുബന്ധ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് വലിയ സൗകര്യമാകും വർക്ക് നിയർ ഹോം. വിദൂര ജോലികൾ ഏറ്റെടുത്ത് വീടിനടുത്തിരുന്ന് ചെയ്യാനാകും. കൂടുതൽ സൗകര്യം പിന്നാലെ സജ്ജമാക്കും.
കെ.എൻ.ബാലഗോപാൽ, മന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |