ആലപ്പുഴ: ലഹരി മാഫിയ കുട്ടികളെ എങ്ങനെയൊക്കെ സമീപിക്കാം, എങ്ങനെ അവരിൽ നിന്ന് രക്ഷനേടാം, എക്സൈസ് വകുപ്പിനെയും വിമുക്തി ടീമിനെയും എങ്ങനെ ഞൊടിയിടയിൽ ബന്ധപ്പെടാം തുടങ്ങി കുഞ്ഞുങ്ങൾ അറിഞ്ഞിരിക്കേണ്ട വലിയ കാര്യങ്ങൾ കുഞ്ഞുകഥകളിലൂടെ അവതരിപ്പിക്കുന്ന ബാലസാഹിത്യകൃതിയായ 'ഹീറോ ഡാഡിയും കുഞ്ഞൻ ബ്രോയും' ഹിറ്റായി. ജി.കണ്ണനുണ്ണിയാണ് പുസ്തകത്തിന്റെ രചയിതാവ്. ആലപ്പുഴ ഉപജില്ലയിലെ മുപ്പത്തിയെട്ട് സ്കൂളുകളിലെ ലൈബ്രറികളിലേക്ക് ഇതിനകം സ്കൂൾ മേലധികാരികൾ പുസ്തകം എത്തിച്ചുകഴിഞ്ഞു. എല്ലാ സ്കൂളുകളിലെ ലൈബ്രറികളിലും ലഹരിക്കെതിരെയുള്ള ഈ പുസ്തകം ഉണ്ടായിരിക്കേണ്ടതിന്റെ ആവശ്യകതയും കുട്ടികളും രക്ഷിതാക്കളും ഇതിലെ കഥകൾ വായിച്ചിരിക്കേണ്ട ആവശ്യവും മനസ്സിലാക്കിയാണ് പല വിദ്യാലയങ്ങളുടെയും പ്രഥമാദ്ധ്യാപകർ നേരിട്ടിടപ്പെട്ട് പുസ്തകങ്ങൾ സ്വന്തമാക്കിയത്. ആലപ്പുഴ എക്സൈസ് വകുപ്പിൽ നിന്ന് പുസ്തകത്തിന് മികച്ച പിന്തുണ ലഭിക്കുന്നുണ്ടെന്ന് ജി.കണ്ണനുണ്ണി പറഞ്ഞു. പുതുതലമുറയെ പിടിമുറുക്കുന്ന ലഹരിവലയിൽ വീഴാതിരിക്കാനുള്ള മുന്നറിയിപ്പുകൾ, കൗൺസലിംഗ് നേടേണ്ടതിന്റെ ആവശ്യകത, അവശ്യ നമ്പരുകൾ തുടങ്ങിയവയെല്ലാം പങ്കുവയ്ക്കുന്ന തരത്തിലാണ് ഓരോ കഥയും രൂപപ്പെടുത്തിയിരിക്കുന്നത്. ഡിജിറ്റൽ ലഹരി മുതൽ സാത്താൻ ഡ്രൈവർ വരെ പന്ത്രണ്ട് കുട്ടിക്കഥകളടങ്ങിയതാണ് 'ഹീറോ ഡാഡിയും കുഞ്ഞൻ ബ്രോയും'. ആലപ്പുഴ കലവൂർ വിജയനിവാസിൽ ജി.കണ്ണനുണ്ണി രചിച്ച 'മ്മള് ഒരു കഥ പറയട്ട്' എന്ന പുസ്തകത്തിന് യു.എ.ഖാദർ പുരസ്ക്കാരം ലഭിച്ചിട്ടുണ്ട്. രാജൻ സോമസുന്ദരമാണ് പുസ്തകത്തിന്റെ കവർ പേജ് ഡിസൈൻ ചെയ്തതും ചിത്രങ്ങൾ വരച്ചതും. 9846465921 എന്ന ഫോൺ നമ്പറിലേക്ക് hero എന്ന് ടൈപ്പ് ചെയ്ത് വാട്സ് ആപ്പ് അയച്ചാൽ പുസ്തകം സ്വന്തമാക്കാം. നൂറ് രൂപയാണ് വില.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |