തൃശൂർ: കോർപ്പറേഷൻ ഫുട്‌ബാൾ സ്റ്റേഡിയം നവീകരണം നടത്തുന്നതിനും സൂപ്പർ ലീഗ് കേരള മത്സരങ്ങൾ തൃശൂരിൽ സംഘടിപ്പിക്കുന്നതിനുള്ള തടസങ്ങൾ നീക്കുന്നതിനും വിളിച്ചു ചേർത്ത സർവകക്ഷി യോഗത്തിലും രണ്ടഭിപ്രായം. തടസങ്ങൾ നീങ്ങിയെന്ന് ജില്ലാ ഫുട്‌ബോൾ അസോസിയേഷനും ഇല്ലെന്ന് പ്രതിപക്ഷ നേതാവ് രാജൻ പല്ലനും അത്‌ലറ്റിക് അസോസിയേഷൻ വക്താക്കളും പറഞ്ഞു. തീരുമാനം പ്രഖ്യാപിക്കാതെ മേയറും. കോർപ്പറേഷനിൽ വിളിച്ചു ചേർത്ത യോഗത്തിൽ അനുകൂല തീരുമാനമെടുത്തതിൽ സന്തോഷം രേഖപ്പെടുത്തി ജില്ലാ ഫുട്‌ബോൾ അസോസിയേഷൻ പത്രക്കുറിപ്പിറക്കിയതോടെയാണ് അങ്ങനെ ഉണ്ടായിട്ടില്ലെന്ന് യോഗത്തിൽ പങ്കെടുത്ത രാജൻ പല്ലനും അത്‌ലറ്റിക് അസോസിയേഷനും പ്രതികരണവുമായി എത്തിയത്. അഞ്ചു വർഷത്തേക്ക് കൊടുക്കാൻ കഴിയില്ലെന്ന് പ്രതിപക്ഷ നേതാവ് രാജൻ പല്ലൻ യോഗത്തിൽ എതിർത്തു. ഏകപക്ഷീയമായി തീരുമാനം എഴുതിയാൽ അതിനെ എതിർക്കും. ഇന്ന് ഡി.സി.സിയിൽ കൂടുന്ന പാർലമെന്ററി പാർട്ടി യോഗത്തിൽ ഇതിനെതിരെ ശക്തമായ നടപടികളെടുക്കാൻ തീരുമാനിക്കും. ഒരു മാസത്തിൽ കൂടുതൽ സ്റ്റേഡിയം വിട്ടുകൊടുക്കാനാകില്ല. ബൈലോയിൽ അങ്ങനെയാണുള്ളത്. എന്നാൽ, കോർപറേഷൻ അനുമതി നൽകിയതിനാൽ ഈ മാസം അവസാനം സൂപ്പർ ലീഗ് കേരളയിലെ തൃശൂർ മാജിക് എഫ്.സിയുടെ ആതിഥേയ മത്സരങ്ങൾ കോർപറേഷൻ നടത്തുമെന്ന് ഡി.എഫ്.എ ഭാരവാഹികൾ വ്യക്തമാക്കി. സിന്തറ്റിക് ട്രാക്ക് നിർമിക്കാൻ കഴിയില്ലെന്നതിനാൽ സ്റ്റേഡിയം വിട്ടുകൊടുക്കരുതെന്നായിരുന്നു വാദം. ഇതേ തുടർന്നാണ് കോർപറേഷൻ സർവകക്ഷി യോഗം വിളിച്ചത്. മേയർ എം.കെ വർഗീസ്, പ്രതിപക്ഷ നേതാവ് രാജൻ പല്ലൻ, ഡെപ്യൂട്ടി മേയർ എം.എൽ.റോസി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വർഗീസ് കണ്ടംകുളത്തി, കോൺഗ്രസ് പ്രതിനിധികളായ ജോൺ ഡാനിയേൽ, ഇ.വി.സുനിൽരാജ്, ജില്ല ഫുട്‌ബാൾ അസോസിയേഷനു വേണ്ടി പ്രസിഡന്റ് സി.സുമേഷ്, സെക്രട്ടറി കുര്യൻ മാത്യു എന്നിവർ പങ്കെടുത്തു.
പ്രതിഷേധം ഉയർത്തിയിരുന്ന അത്‌ലറ്റിക് അസോസിയേഷൻ പ്രതിനിധികളെ യോഗം തുടങ്ങുന്നതിന് അരമണിക്കൂർ മുമ്പാണ് വിളിച്ചത്. രാജൻ ജോസഫ്, സോജൻ എന്നിവർ പങ്കെടുത്ത് കോർപറേഷൻ തീരുമാനത്തെ എതിർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |