രസതന്ത്രത്തിലൂടെ സമൂഹത്തിന് അനന്തമായ സംഭാവനകൾ നൽകാനാവുമെന്നതിന് തെളിവാണ് 2025ലെ രസതന്ത്ര നോബൽ. സുസുമു കിറ്റഗാവ (ജപ്പാൻ), റിച്ചാർഡ് റോബ്സൺ (ഓസ്ട്രേലിയ), ഒമർ എം.യാഗി (അമേരിക്ക) എന്നിവരാണ് ഈ അതുല്യനേട്ടം കൈവരിച്ചിരിക്കുന്നത്. അണുക്കളെ ചേർത്ത് രൂപപ്പെടുത്തിയ മെറ്റൽ–ഓർഗാനിക് ഫ്രെയിംവർക്കുകൾ(എം.ഒ.എഫ്) എന്ന അത്ഭുതകരമായ മോളിക്യുലാർ ഘടനകളുടെ വികസനമാണ് ബഹുമതിയിലേക്ക് നയിച്ചത്. അണുക്കളെ ഘടനാപരമായി ക്രമീകരിച്ച് പരിസ്ഥിതിയെയും ആരോഗ്യരംഗത്തെയും സഹായിക്കുന്ന നൂതന സംവിധാനങ്ങൾ രൂപപ്പെടുത്തിയ ഗവേഷണമാണിതെന്ന് നോബൽ സമിതി തന്നെ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഈ ഗവേഷണം “മോളിക്യുലാർ ആർക്കിടെക്ചർ” എന്ന പുതിയ പദാവലിയിലേക്കും നയിച്ചു. എം.ഒ.എഫിന് വാതകങ്ങൾ,ദ്രാവകങ്ങൾ,മോളക്യൂളുകൾ എന്നിവയെ ശേഖരിച്ച് സൂക്ഷിക്കാനുള്ള കഴിവുണ്ട്. പരിസ്ഥിതി ശുദ്ധീകരണം,ഊർജ്ജ സംഭരണ സംവിധാനങ്ങൾ എന്നിവയിൽ ഇത് പ്രയോജനപ്പെടുത്താം. ആരോഗ്യരംഗത്താണ് ഏറ്റവുമധികം പ്രയോജനപ്പെടുന്നത്. എം.ഒ.എഫിന്റെ ശൂന്യതയും ഘടനാപരമായ നിയന്ത്രണങ്ങളും മൂലം മരുന്ന് വിതരണത്തിൽ(ഡ്രഗ് ഡെലിവറി സർവീസ്) ഇവ പ്രയോഗിക്കാൻ കഴിയും. ഇവ മരുന്ന് മോളക്യൂളുകളിൽ ഉൾപ്പെടുത്തി അവ ശരീരത്തിലെ ലക്ഷ്യഭാഗത്ത് മാത്രമായി, ആവശ്യമായ തോതിൽ,നിശ്ചിതസമയത്ത് വിതരണം ചെയ്യാം. ഇതുവഴി പാർശ്വഫലങ്ങൾ കുറച്ച് ഫലപ്രാപ്തി വർദ്ധിപ്പിക്കാം. പ്രത്യേക എം.ഒ.എഫ് ഘടനകൾ ട്യൂമർ കോശങ്ങളിലേക്കു മാത്രം മരുന്ന് വിതരണം സാദ്ധ്യമാക്കുന്ന രീതിയിൽ രൂപകല്പന ചെയ്യപ്പെടുന്നു. ഇത് ടാർഗെറ്റഡ് കീമോതെറാപ്പിയിലേയ്ക്ക് വഴിതുറക്കുന്നു. ഡി.എൻ.എ,ആർ.എൻ.എ പോലുള്ള ജൈവ മോളക്യൂളുകൾ എം.ഒ.എഫുകൾ മുഖേന കോശങ്ങളിലേക്ക് സുരക്ഷിതമായി എത്തിക്കാനുള്ള ഗവേഷണവും പുരോഗമിക്കുകയാണ്. ഇത് ജീൻതെറാപ്പി മേഖലയിൽ വിപ്ലവം സൃഷ്ടിക്കും.എം.ഒ.എഫിലെ മെറ്റൽ ഘടകങ്ങൾ എം.ആർ.ഐ പോലുള്ള സ്കാനിംഗിൽ കോൺട്രാസ്റ്റ് ഏജന്റായി പ്രവർത്തിച്ച് രോഗനിർണയ കൃത്യത വർദ്ധിപ്പിക്കുന്നു.
ഹരിത ഊർജത്തിനും മുതൽകൂട്ട്
എം.ഒ.എഫുകൾ ഉപയോഗിച്ച് വായുവിലെ ഈർപ്പം ശേഖരിച്ച് കുടിവെള്ളമായി മാറ്റുന്ന ഉപകരണങ്ങളും വികസിപ്പിക്കാം. വരണ്ട കാലാവസ്ഥകളിൽ ഇത് പ്രയോജനപ്പെടുത്താം.ഹൈഡ്രജൻ,മീഥെയിൻ പോലുള്ള ഇന്ധനങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാനും എം.ഒ.എഫുകൾ ഉപയോഗിക്കാം.
മോളിക്യുലാർ ഘടനകളുടെ അത്ഭുതലോകം
എം.ഒ.എഫ് എന്നത് മെറ്റൽ അയണുകളും ഓർഗാനിക് ലിഗൻഡുകളും ചേർന്നുണ്ടാകുന്ന സൂക്ഷ്മ ഘടനകളാണ്.
ഈ ഘടനകളിൽ അനവധി ശൂന്യരന്ധ്രങ്ങൾ ഉള്ളതിനാൽ ചെറുതായ ഒരു ക്രിസ്റ്റലിനുപോലും വൻ ഉപരിതല വിസ്തീർണ്ണം ലഭിക്കുന്നു.
ഒരുഗ്രാമിന് പോലും ഫുട്ബാൾ മൈതാനത്തിന്റെ വിസ്തീർണ്ണത്തിന് തുല്യമായിരിക്കും ചില എം.ഒ.എഫുകൾക്ക് ലഭിക്കുന്നത്.
(മാർ ഇവനിയോസിലെ രസതന്ത്ര വിഭാഗം അദ്ധ്യാപകനാണ് ലേഖകൻ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |