തൃശൂർ: മുൻ കാലങ്ങള അപേക്ഷിച്ച് മൺസൂൺ കാലയളവിൽ മഴ ശക്തമായിട്ടും കാലവർഷക്കെടുതിയിലെ കുറവ് കർഷകർക്ക് ആശ്വാസം. കഴിഞ്ഞ വർഷം നൂറു കോടിയിലേറെ രൂപയുടെ നഷ്ടമുണ്ടായപ്പോൾ ഇത്തവണ നഷ്ടം 30 കോടിയിൽ താഴെ മാത്രമാണ്. ഇത് കൃഷി ഭവനുകളിൽ നിന്ന് ലഭിച്ച പ്രാഥമിക കണക്കാണ്. കൃത്യമായ നഷ്ടം കണക്കാക്കുമ്പോൾ ഇത്രപോലും നഷ്ടം ഉണ്ടാകാനിടയില്ലെന്നാണ് വിലയിരുത്തൽ. ഇത്തവണ മേയ് മാസം അവസാനവാരത്തിൽ തന്നെ മഴ ശക്തമായിരുന്നു. എന്നാൽ, സംസ്ഥാനത്തെ മൺസൂൺ കണക്കെടുപ്പ് ജൂൺ ഒന്ന് മുതൽ സെപ്തംബർ 30 വരെയാണ്. നാലു മാസത്തെ മൺസൂൺ കാലയളവിൽ 29.04 കോടിയുടെ കൃഷിനാശമാണ് സംഭവിച്ചിരിക്കുന്നത്. വാഴ, തെങ്ങ്, പച്ചക്കറി, ജാതി, നെല്ല്, മറ്റ് ഫലവൃക്ഷങ്ങൾ ഉൾപ്പെടെയാണ് ഇത്രയും നഷ്ടം. മൺസൂൺ കാലയളവിൽ ലഭിക്കേണ്ട ശരാശരി മഴ ഇത്തവണ ലഭിച്ചിരിന്നു. വലിയ രീതിയിലുള്ള പ്രകൃതി ക്ഷോഭങ്ങൾ ഇത്തവണ ഉണ്ടായില്ലായെന്നതും ആശ്വാസകരമാണ്. മുൻകാലങ്ങളിൽ അശാസ്ത്രീയമായ രീതിയിൽ ഡാമുകൾ തുറന്നത് മൂലം ആയിരക്കണക്കിന് ജനങ്ങളാണ് ദുരിതത്തിലായത്. എന്നാൽ, ഇത്തവണ ജില്ലാ ഭരണകൂടത്തിന്റെ ശക്തമായ ഇടപെടലിനെ തുടർന്ന് ഡാം മാനേജ്മെന്റ് കൃത്യമായ നിരീക്ഷണം നടത്തിയാണ് ഡാം തുറന്നിരുന്നത്. ഇതും ജനങ്ങൾക്ക് ആശ്വാസകരമായിരുന്നു.
361.7 ഹെക്ടറിൽ കൃഷിനാശം
നാലു മാസത്തിനുള്ളിൽ 361.7 ഹെക്ടറിലാണ് കൃഷിനാശം സംഭവിച്ചത്. ഇതിലൂടെ 7063 കർഷകർക്കാണ് നഷ്ടം സംഭവിച്ചിരിക്കുന്നത്. നഷ്ടം സംഭവിച്ചവർ കൃഷിഭവൻ വഴി സാമ്പത്തിക സഹായം ലഭിക്കുന്നതിന് അപേക്ഷ സമർപ്പിച്ചിട്ടുണ്ടെങ്കിലും നഷ്ടപരിഹാരം ലഭിക്കണമെങ്കിൽ കാത്തിരിക്കേണ്ട സ്ഥിതിയാണ്. ഇത് കർഷകരെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ്.
3.11 ലക്ഷം കുലച്ച വാഴകളും നശിച്ചു
കാലവർഷക്കെടുതിയിൽ ജില്ലയിൽ വലിയ തിരിച്ചടി നേരിട്ടത് വാഴക്കർഷകർക്കാണ്. 3,11,639 കുലച്ച വാഴകളാണ് നശിച്ചത്. ഇതിലൂടെ 18.69 കോടിയുടെ നഷ്ടമാണ് സംഭവിച്ചത്. 1.50 ലക്ഷം കുലയ്ക്കാത്ത വാഴകളും നശിച്ചു. നഷ്ടം 5.99 ലക്ഷമാണ്. 157 നെൽക്കർഷകരുടെ നെല്ലും നശിച്ചു. ഇതിലൂടെ 1.16 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |